കണ്ണൂർ: ലോക് ഡൗൺ കണക്കിലെടുത്ത് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങളെടുത്ത വായ്‌പകൾക്ക് റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ മൊറോട്ടോറിയം തങ്കൾക്ക് ബാധകമല്ലന്ന് സംസ്ഥാന സർക്കാരിനു കീഴിലെ ധനകാര്യ സ്ഥാപനമായ കെഎസ്എഫ് . ലോക് ഡൗൺ കാരണം മൂന്നു മാസത്തോളമായി ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന കെ എസ്എഫ്ഇയിൽ നിന്നും വായ്‌പയെടുത്ത ജനങ്ങൾ ഇതോടെ ബുദ്ധിമുട്ടിലായി.
കഴിഞ്ഞ മൂന്ന് മാസത്തെ വീഴ്ച വന്ന വായ്‌പ ഗഡുക്കൾ ഒന്നിച്ചടക്കണമെന്നാണ് കെഎസ്എഫ്ഇ അധികൃതർ രേഖാമൂലവും അല്ലാതെയും അറിയിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ യാതൊരു വിധ വായ്‌പകളും ലോക് ഡൗൺ കഴിയുന്നതുവരെ ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. വീഴ്ച വരുത്താത്ത വായ്‌പകൾക്ക് മൂന്ന് മാസം വരെയാണ് ആദ്യ ഘട്ടത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ഏതാനും ദിവസം മുമ്പ് ജൂൺ, ജൂലായ് , ആഗസ്ത് മാസങ്ങൾ കൂടി മൊത്തം ആറു മാസത്തേക്ക് വായ്‌പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറു മാസത്തെ മൊറോട്ടോറിയം ആനുകൂല്യം ലഭിക്കാൻ വായ്‌പക്കാർക്ക് അർഹതയുണ്ടെന്നിരിക്കെയാണ് സംസ്ഥാന സർക്കാർ സ്ഥാപനം തന്നെ ഇത്തവണ വായ്‌പ അടക്കുമ്പോൾ നാലു മാസത്തെ തവണ ഒന്നിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നത്.
വായ്‌പ പെട്ടെന്ന് ലഭ്യമാകുമെന്നതിനാൽ ഗ്രാമീണ മേഖലകളിലടക്കം നൂറുകണക്കിന് സാധാരണക്കാരാണ് കെഎസ്എഫ്ഇയുടെ ഭവന വായ്‌പ എടുത്തിരിക്കുന്നത്. വീടെടുക്കാനായി പത്ത് ലക്ഷം രൂപയെടുത്ത ഒരാൾക്ക് നാലു മാസത്തെ അടവ് അമ്പതിനായിരം രൂപയോളം വരും. ലോക്ഡൗണിൽ നിത്യ വരുമാനക്കാരും സ്വകാര്യ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് കൃത്യമായ വരുമാനം ഇല്ലാത്ത സ്ഥിതിയാണ്. ഇത്തരക്കാർ എങ്ങനെ ഇത്രയും വലിയ തുക ഒന്നിച്ചടക്കുമെന്ന ചോദ്യം ഉയരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്കെല്ലാം മൊറോട്ടോറിയം ബാധകമാണെന്ന് കണക്കുട്ടിയ കെഎസ്എഫ്ഇയിൽ നിന്നും വായ്‌പയെടുത്തവർ എന്തു ചെയ്യമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.
കേന്ദ്ര സർക്കാരിന്റെയും റിസർവ്വ് ബാങ്കിൻ്റയും ഉത്തരവ് അട്ടിമറിച്ചു കൊണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ രംഗത്തു വന്നത് ചർച്ചയായിരിക്കുകയാണ് .എല്ലാ വായ്‌പകൾക്കും റിസർവ്വ് ബാങ്ക് ഒരു വർഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും നാട്ടിൽ ഇവർ നേതൃത്വം നൽകുന്ന ധനകാര്യ സ്ഥാപനം തന്നെ മൊറോട്ടോറിയം ബാധകമല്ലെന്നതിലെ വിരോധാഭാസം ചർച്ച ചെയ്യപ്പെട്ടകയാണ്. മൂന്ന് മാസ കാലയളവിൽ ചിട്ടി നടത്താതിരുന്നതിനാൽ അത് ഒഴിവാക്കുക മാത്രമാണ് കെഎസ്എഫ്ഇ ചെയ്തത്.
മൂന്നു മാസത്തെ വായ്‌പ തിരിച്ചടവ് കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന കെഎസ്എഫ്ഇയുടെ നിലപാട് തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേ സമയം ചരിത്രത്തിലില്ലാത്ത വിധം കടുത്ത പ്രതിസന്ധിയാണ് സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ നേരിടുന്നത്. ചിട്ടികളും വായ്‌പാ തിരിച്ചടവും മുടങ്ങിയതോടെ സ്ഥാപനത്തിന്റെ മുൻപോട്ടു പോക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുടിശിക തിരിച്ചുപിടിക്കാനുള്ള പരിശ്രമം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാണെന്നാണ് സൂചന.കെഎസ് എഫ് ഇക്ക് സമാനമായി സഹകരണ ബാങ്കുകളും കുടിശ്ശിക നിർമാർജ്ജനത്തിനായി ഇറങ്ങിയതായി പരാതികൾ ഉയർന്നിട്ടുണ്ട്. വായ്‌പാ തിരിച്ചടവ് മുടങ്ങിയവർക്ക് മെറോട്ടറിയം ബാധകമാക്കാതെ തിരിച്ചടക്കാനാണ് സഹകരണ ബാങ്കുകളും ആവശ്യപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: