തിരുവനന്തപുരം: വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്ത ദേവികയുടെ മരത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാറിനാണെന്ന് ഭാരതീയ ജനത യുവമോര്‍ച്ച. യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്താതെ തിടുക്കത്തില്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചതാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
സംസ്ഥാനത്തെ 2.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയോ സ്മാര്‍ട്ട് ഫോണുകളുടേയോ സൗകര്യങ്ങളില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലും എത്രയോ കൂടുതലാണ്. ക്യൂഐപി മീറ്റിംങ്ങുകളില്‍പ്പോലും കൃത്യമായി ചര്‍ച്ച ചെയ്യാതെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല.
പ്രധാനാധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം നല്കുകയല്ലാതെ അതിനു വേണ്ട സാമ്പത്തിക സഹായമുള്‍പ്പെടെ ഒന്നും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ല. എല്ലാ മേഖലകളിലും മുന്നൊരുക്കമില്ലാത്ത നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പഠന സാമഗ്രികള്‍ എല്ലാവരിലും എത്തുന്നുണ്ടൊ എന്ന് ഉറപ്പ് വരുത്താന്‍ സാധിക്കണം. വായനശാലകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും ക്ലാസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ യുവമോര്‍ച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ബാലാവകാശ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന്, എസ്.സി കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: