മലപ്പുറം: ബുദ്ധിമുട്ടുകള്‍ക്കിടയിലും നന്നായി പഠിക്കുമായിരുന്നു ദേവിക. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പഠനം ഓണ്‍ലൈനിലാക്കി. പക്ഷേ തന്നെ പോലെ നിര്‍ധനരായ കുട്ടികള്‍ക്ക് അതിനുള്ള സൗകര്യമുണ്ടോയെന്നൊന്നും ആരും അന്വേഷിച്ചില്ല. സ്മാര്‍ട്ട് ഫോണും ടിവിയും ഉപയോഗിച്ച് കൂട്ടുകാരില്‍ മിക്കവരും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. കൂലിപ്പണിക്കാരനായ അച്ഛന്‍ രോഗബാധിതനായതിനെ തുടര്‍ന്ന് പണിക്ക് പോയിട്ട് ദിവസങ്ങളായി. തന്റെ പഠനം അസ്തമിക്കുകയാണ്, ആ തിരിച്ചറിവും സങ്കടവുമാണ് ദേവികയെന്ന 14 വയസ്സുകാരിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. സ്വന്തം നോട്ട്ബുക്കില്‍ ‘ഞാന്‍ പോകുന്നു’ എന്ന് മാത്രം എഴുതിവെച്ച് അവള്‍ പോയി. ദേവികയുടെ വീട്ടില്‍ നിന്ന് വെറും അഞ്ചുകിലോ മീറ്റര്‍ അകലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍ താമസിക്കുന്നത്. സ്വന്തം നാട്ടില്‍ ഫോണും ടിവിയുമില്ലാതെ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുന്നത് മന്ത്രിയും അറിഞ്ഞില്ല.
മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം മാങ്കേരി ദളിത് കോളനിയിലെ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍-ഷീബ ദമ്പതികളുടെ മകള്‍ ദേവിക(14) ആണ് കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന് മുറ്റത്ത് ദിവ്യയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് പോലീസ് ആത്മഹത്യകുറിപ്പ് കണ്ടെടുത്തത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാഞ്ഞതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവനന്ദ, ദീക്ഷിത്, ഏഴു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: