വാഷിങ്ടണ്‍: അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയ്ക്കൊപ്പം അണിചേരുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. കോറോണ വ്യാപനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ശ്രദ്ധമാറ്റാന്‍ വേണ്ടി ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ലഡാക്ക് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ചൈനയുടെ അജന്‍ഡയാണ്. അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ ഭൂമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക സഹകരിക്കും. ചൈനീസ് ഭീഷണി നേരിടാന്‍ അമേരിക്ക എല്ലാ മാര്‍ഗങ്ങളും തേടും.
‘ഇന്ത്യന്‍ അതിര്‍ത്തികളിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗല്‍വാന്‍ താഴ്വര, പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് വീണ്ടും ഇന്ത്യയിലേക്ക് കടന്നുകയറാനാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
നയതന്ത്ര പ്രശ്നം പരിഹരിക്കുന്നതിന് സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് എല്ലാവര്ക്കും ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: