കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ 11418 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല. ടി.വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ പഠനോപാധികള്‍ ഇവര്‍ക്കില്ല. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലാണ് ഇതില്‍ പകുതിയോളം. ബാക്കിയുള്ളവര്‍ ജില്ലയുടെ മലയോര മേഖലയിലാണ്.
ബ്ലോക്കുതല റിസോഴ്‌സ് കേന്ദ്രങ്ങള്‍ വഴി സമഗ്രശിക്ഷാ കേരള അധികൃതരെടുത്ത കണക്കിലാണ് ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്. പ്രീപ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള 2,02,306 വിദ്യാര്‍ഥികള്‍ക്കിടയിലാണ് വിദ്യാഭ്യാസവകുപ്പധികൃതര്‍ കണക്കെടുത്തത്.
കുമ്പള ബിആര്‍സി പരിധിയിലാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് 2639. ഏറ്റവും കുറവ് ബേക്കലിലാണ് 814. ചെറുവത്തൂരില്‍ 1050, ചിറ്റാരിക്കാലില്‍ 1700, ഹൊസ്ദുര്‍ഗില്‍ 1225, കാസര്‍കോട്ട് 1900, മഞ്ചേശ്വരത്ത് 2090 വീതം വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യമില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍, ലോക്ക്ഡൗണിനിടെയെടുത്ത ഈ കണക്ക് പൂര്‍ണമായും ശരിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
ക്ലാസ്‌റൂം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ടെലിവിഷന്‍, കേബിള്‍ കണക്ഷന്‍, ഡിഷ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നീ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. സര്‍ക്കാര്‍, എയിഡഡ്, അംഗീകാരുമുള്ള അണ്‍ എയിഡഡ് എന്നീ വിഭാഗങ്ങളിലായി 517 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇത്രയും സ്‌കൂളുകളിലായി ഒന്നുമുതല്‍ 12 വരെ (പ്ലസ് വണ്‍ ഒഴികെ) ക്ലാസുകളിലായി 6450 ഓളം ഡിവിഷനുകളുണ്ട്. കാസര്‍കോട് ജില്ലയില്‍ പ്രീ പൈമറി മുതല്‍ പ്ലസ്ടുവരെ രണ്ടരലക്ഷം കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിലുണ്ടായിരുന്നത്. പ്രീപൈമറി, ഒന്നാം ക്ലാസ്, പ്ലസ്‌വണ്‍ എന്നീ ക്ലാസുകളൊഴിച്ചാല്‍ ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികളുണ്ട്. 8303 അധ്യാപകരുണ്ട്. താത്കാലിക അധ്യാപകര്‍ വേറെയും.
വൈദ്യുതിപോലും ഇല്ലാത്ത വീടുകളും കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വീടുകളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തി വിദ്യാര്‍ഥികളെ പഠനസജ്ജരാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് അധികൃതര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിക്‌ടേഴ്‌സ് ചാനല്‍, യുട്യൂബ്, സമഗ്ര പോര്‍ട്ടല്‍ തുടങ്ങിയവയിലൂടെ ഓണ്‍ലൈനായാണ് വിദ്യാര്‍ഥികളെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നത്. എന്നാല്‍, ജില്ലയുടെ മലയോരത്തും തീരപ്രദേശത്തുമാണ് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിപക്ഷവും. മലയോരത്തെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ ടി.വി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളില്ലാത്തതിനാല്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താനാവാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് ആശങ്കയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: