കോഴിക്കോട്: ആരവവും ആഘോഷവുമില്ലാത്ത പ്രവേശനോത്സവത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെ പിടിച്ചിരുത്തി സായി ശ്വേത ടീച്ചര്‍. ഓണ്‍ലൈന്‍ ക്ലാസില്‍ തങ്കുപൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥപറഞ്ഞാണ് ടീച്ചര്‍ ടിവിക്കു മുന്നില്‍ കുട്ടികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്.
പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ എല്‍ പി സ്കൂള്‍ അധ്യാപികയായ സായി ടീച്ചറാണ് വിക്ടര്‍ ചാനലിലൂടെ ഓണ്‍ലൈന്‍ സാങ്കേതികതയിലൂടെ വിരസതയില്ലാതെ ബോധനരീതിയുടെ വ്യത്യസ്തതകൊണ്ട് .ശ്രദ്ധേയയായത്. ഒരു വര്‍ഷം മാത്രമാണ് അധ്യാപനപരിചയമെങ്കിലും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ടീച്ചറുടെ പഠനരീതി.
കഴിഞ്ഞ വര്‍ഷം രണ്ടാം ക്ലാസിലെ അധ്യാപികയായിരുന്നു. പരിചയക്കുറവൊന്നും ടീച്ചര്‍ക്കൊരു പ്രശ്നമേ ആയിരുന്നില്ല. പഠിക്കുമ്പോള്‍ മോണോ ആക്ടിലും, നാടോടി നൃത്തത്തിലും മത്സരിച്ച് വിജയിച്ചതിന്റെ അനുഭവപാഠത്തില്‍ നിന്നാണ് ടീച്ചര്‍ ഇന്നലെ തന്റെ അധ്യാപനം മനോഹരമാക്കിയത്.
പൂച്ചയുടെ കഥ അവതരിപ്പിച്ചാണ് അധ്യാപിക പിഞ്ചു കുട്ടികളെ ആകര്‍ഷിച്ചത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഒന്നാം പാഠം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയില്‍ ടിവിക്കു മുന്നിലെത്തിയ മുതിര്‍ന്നവരും ടീച്ചറുടെ ക്ലാസില്‍ ആകൃഷ്ടയായി. ഒന്നാം ക്ലാസില്‍ ആദ്യദിവസം എത്തുന്ന അങ്കലാപ്പൊന്നുമില്ലാതെ കുട്ടികള്‍ രസിച്ചിരുന്നാണ് പഠനം തുടങ്ങിയത്. സായിടീച്ചര്‍ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. എന്നാല്‍ എല്ലാവര്ക്കും നന്ദി പറയുകയാണ് ടീച്ചര്‍. ഇതേ സ്കൂളിലെ അധ്യാപികയായ അഞ്ജു കിരണും മികച്ച രീതിയിലാണ് ക്ലാസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: