സൃഷ്ടിയുടെ മകുടമായ മനുഷ്യന് അഞ്ചു വിധത്തിലുള്ള ശക്തിയുണ്ടത്രെ. ഭാരതീയാധ്യാത്മശാസ്ത്രം പറഞ്ഞു തരുന്ന പഞ്ചമഹാശക്തികള്‍ ഇവയാകുന്നു: കായികശക്തി, അമാത്യശക്തി, ധനശക്തി, ആഭിജാത്യശക്തി, പ്രജ്ഞാശക്തി.
കായിക ശക്തി
പഞ്ചമഹാശക്തികളില്‍ ആദ്യത്തേതാണ് കായികശക്തി. ഭയമുളവാക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ഇതിഹാസ പുരാണങ്ങളിലൊക്കെയുണ്ടാകും. കായബലത്താല്‍ മനുഷ്യന്‍ അമാനുഷനായി, അഹങ്കാരിയായി ആകാശം മുട്ടെ ഉയരരുത്. മനുഷ്യോചിത വൃത്തികളാല്‍ മാനവാകാരത്തോടെ മണ്ണില്‍ ഉറച്ചു നില്‍ക്കുക. ബലവാനായാല്‍ എല്ലാമായി എന്ന ധാരണ വികലം തന്നെ.
അമാത്യശക്തി
രണ്ടാമത്തേത് അമാത്യശക്തി. ഒരുവന് അസംഖ്യം ബന്ധുമിത്രാദികളും ഇഷ്ടംപോലെ പരിചാരകരും ഉണ്ടായാല്‍ തോന്നുന്ന ബലമത്രെ അമാത്യശക്തി. സമ്പത്തിലും ആപത്തിലും ഇവരൊക്കെ ഒരുപോലെ ഒപ്പമുണ്ടായാല്‍ അത് അധികബലം തന്നെ. രാജാവിന് അധികാരമുണ്ടെങ്കില്‍ മാത്രമേ മന്ത്രികൂടെയുണ്ടാകൂ. മുഖ്യമന്ത്രിയില്ലെങ്കില്‍ പിന്നെന്തു സഹമന്ത്രി? അതിനാല്‍ അമാത്യശക്തിയും ദുര്‍ബലമാണ്.
ധനശക്തി
ഒരുവന് വേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാവുന്നതും ബലം തന്നെ. ധനശക്തി പ്രായേണ മനുഷ്യനെ ഭോഗാസക്തനാക്കും. എല്ലാവരുടേതുമായ ധനം, ആരുടേയുമല്ല എന്നതാണ് സത്യം. ദാനം, ഭോഗം, നാശം എന്നീ മൂന്നവസ്ഥകളാണ് ധനത്തിനുള്ളത്. പണത്തിന് ഒട്ടേറെ പരിമിതികളുണ്ടു താനും. വര്‍ഷകാലത്തെ മിന്നര്‍പിണര്‍ പോലെയാണ് ധനം. കൊള്ളിമീനിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം അല്‍പനേരത്തേയ്‌ക്കു മാത്രം. തുടര്‍ന്നോ പേടിപ്പിക്കുന്ന ഇടിവെട്ടും. എത്രയെത്ര മനുഷ്യാവസ്ഥകളില്‍ ധനബലം നിസ്സഹായമാകുന്നത് നാം കാണാറില്ലേ? തന്മൂലം ധനശക്തിയും ശ്രേഷ്ഠമല്ല.
ആഭിജാത്യ ശക്തി
ജന്മായത്തമാണ് ആഭിജാത്യ ശക്തി. അഭിജാതകുലത്തില്‍ പിറന്നുവെന്ന ഒറ്റക്കാരണത്താല്‍ ലഭിക്കുന്ന ഈ ശക്തി ഒരു വരേണ്യ ന്യൂനപക്ഷത്തിനു മാത്രം. വിദ്യാദാനം, അന്നദാനം, സംസ്‌ക്കാരപോഷണം, യാഗയജ്ഞാദി കര്‍മാനുഷ്ഠാനം എന്നിവകളാല്‍ യശോ ധവളിമ പരന്ന കുടുംബങ്ങളുടെ മേല്‍വിലാസത്താല്‍ ഒരുവന് ലഭിക്കുന്ന അധികബലം തന്നെയാണിത്. വീട്ടുപേരു പറഞ്ഞാല്‍ ഒരാള്‍ക്ക് അഭയവും സംരക്ഷണവും ആദരവും അംഗീകാരവും ലഭിക്കുമെങ്കില്‍ അതിനു കാരണം ആഭിജാത്യശക്തിയാണ്.
പ്രജ്ഞാശക്തി
അഞ്ചാമത്തേതും അവസാനത്തേതുമാണ് പ്രജ്ഞാശക്തി. ഉന്നതവും ഉദാത്തവുമായ ശക്തി ഇതത്രെ. പ്രജ്ഞയെ നമുക്ക് ബോധമെന്നും വിളിക്കാം. അധ്യാത്മശാസ്ത്രത്തില്‍ മാത്രമല്ല, അര്‍ഥശാസ്ത്രത്തിലും പ്രജ്ഞാബലം പ്രസക്തമാണ്. പ്രജ്ഞ എന്നൊന്നില്ലെങ്കില്‍ ശാസ്ത്രം കൊണ്ടെന്തു പ്രയോജനം? ജീവതത്തിനെന്തര്‍ഥം? ബോധം പോയാല്‍, പ്രജ്ഞയറ്റാല്‍ ശരീരം ഇടിഞ്ഞു തകര്‍ന്നളിഞ്ഞ് ദുര്‍ഗന്ധപൂരിതമാകും. ബോധപൂര്‍വം ആരും തന്നെ അബോധവാനായി പ്രജ്ഞാശക്തി ക്ഷയിപ്പിക്കരുത്. നരജന്മം മൃഗതുല്യമാവാതിരിക്കാന്‍ നാം പ്രജ്ഞയെ മെരുക്കി വളര്‍ത്തുക. നിരന്തരമായ കേള്‍വിയിലൂടെയാണ്പ്രജ്ഞോദയം. ഇതില്‍ നിന്നാണ് യോഗത്തിന്റെ ഉദ്ഭവം. യോഗം ശാസ്ത്രവിധികളനുഷ്ഠിക്കാനുള്ള ശ്രദ്ധകൂടിയാകുന്നു. ആത്മബോധം യോഗത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.
വ്യക്തിജീവിതവും സമൂഹജീവിതവും മലിനപ്പെടാതിരിക്കാന്‍ ഈ പഞ്ചമഹാശക്തികള്‍ ഒരുവനെ തുണയ്‌ക്കട്ടെ. അപ്പോഴാണ് ‘ജന്തൂനാം നരജന്മ ദുര്‍ലഭം’ സാര്‍ഥകപരിണതി നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: