വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസുകാരന് കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്ന് അമേരിക്കയില്‍ വ്യാപിച്ചകലാപം രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. പോലീസിനെതിരെ പലയിടത്തും കടുത്ത ആക്രമണം തുടരുന്നു. പ്രതിഷേധക്കാരെ പോലീസ് കിരാതമായി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളുമുണ്ട്. അതിനിടെ, ഇന്ത്യാനപോളിസില്‍ ഒരാള്‍ മരിച്ചു. അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല സംസ്ഥാനങ്ങളിലും നാഷണല്‍ ഗാര്‍ഡ് എന്ന സൈനിക വിഭാഗത്തെ ഗവര്‍ണര്‍മാര്‍ വിളിച്ചു വരുത്തി. കൊറോണ ബാധിച്ച് ലക്ഷങ്ങള്‍ മരിച്ചു വീഴുന്നതിനു പിന്നാലെ രാജ്യവ്യാപകമായി അലയടിക്കുന്ന പ്രതിഷേധം സമാനതകളില്ലാത്ത സാഹചര്യത്തിലേക്കാണ് അമേരിക്കയെ നയിക്കുന്നത്. പലയിടത്തും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ വെളുത്ത വര്‍ഗക്കാരുണ്ടെങ്കിലും പ്രതിഷേധം വംശീയ കലാപമായി മാറുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ജോര്‍ജ്ഫ്ളോയിഡിനെ പോലീസുകാരന് കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന മിനിസോട്ടയില്‍ ക്രമസമാധാന ചുമതല നാഷണല്‍ ഗാര്‍ഡ് ഏറ്റെടുത്തു. അറ്റ്ലാന്റ, ലോസ് ഏയ്ഞ്ചലസ്, ലൂയിസ്വില്ലെ, കൊളംമ്പിയ, ഡെന്‍വര്‍, പോര്‍ട്ട്ലാന്‍ഡ്, മില്‍വൗക്കീ, കൊളംമ്പസ്, മിന്നെപോളിസ്, സാന്‍ഡിയാഗോ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. ഈ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ന്യൂ കരോലിന, ഒക്ലഹോമ തുടങ്ങിയ നഗരങ്ങളിലും പോലീസും പ്രതിഷേധക്കാരും നിരവധി തവണ ഏറ്റുമുട്ടി. ടിയര്‍ ഗ്യാസ് പ്രയോഗമടക്കം നടത്തിയിട്ടും പ്രതിഷേധക്കാര്‍ തെരുവുകളില്‍ത്തന്നെ തുടരുന്നു. മാന്‍ഹാട്ടനില്‍ പോലീസ് വാഹനത്തിനു ജനക്കൂട്ടം തീയിട്ടു.
വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ തുടരുന്ന മിനിയപോളിസ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. മിനിസോട്ട ഗവര്‍ണര്‍ ടിം വാല്‍സ് ആവശ്യപ്പെടാതിരുന്നിട്ടും മിനിയപോളിസിലേക്ക് മിലിറ്ററി പോലീസിനെ നിയോഗിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത് വിവാദമായി. നാഷണല്‍ ഗാര്‍ഡിനെ നഗരത്തില്‍ വിന്യസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മിന്നെപോളിസ് നഗരത്തില്‍ നാഷണല്‍ ഗാര്‍ഡ് ഇറങ്ങുന്നത് ഇതാദ്യം.
സംസ്ഥാന ഭരണകൂടത്തോട് ആലോചിക്കാതെ മിലിറ്ററി പോലീസിനെ വിന്യസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ടിം വാല്‍സ് പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഡൊണാള്‍ഡ് ട്രംപഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലായും പ്രതിഷേധം മാറുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങളും തുടരുന്നു. കഴിഞ്ഞ ദിവസം സിഎന്‍എന്നിലെ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാജ്യാന്തര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സിന്റെ വാര്‍ത്താസംഘത്തിനു നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: