ബദിയടുക്ക: തലചായ്ക്കാനൊരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ഒരു കുടുംബം മുട്ടാത്ത വാതിലുകളില്ല. പുത്തിഗെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റ് മറച്ച പഴകി ദ്രവിച്ച വീട്ടില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ ദുരിത ജീവിതം കാണുന്നവര്‍ക്ക് നൊമ്പര കാഴ്ചയാണ്.
പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപ്പെടുമ്പോഴും കാണണം ഈ കുടുംബത്തിന്റെ ദുരിത ജീവിതം. പട്ടികജാതി വിഭാഗത്തില്‍പെട്ട വണ്ണാന്‍ സമുദായ അംഗമായ കരുണാകരനും ഭാര്യ ബിന്ദുവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ടാര്‍പൊളിന്‍ ഷീറ്റ് പാകിയ മേല്കൂരക്കടിയില് ചുട്ടുപൊള്ളുന്ന വേനല്‍ ചൂട് കടിച്ചമര്‍ത്തിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.
കരുണാകരന്റെ മാതാവ് പരേതയായ നാരായണിയുടെ പേരിലുള്ള 0.50 സെന്റ് സ്ഥലത്ത് നാരായണിക്ക് 25 വര്‍ഷം മുമ്പ് ഭവന നിര്‍മ്മാണത്തിനായി ലഭിച്ച 12000 രൂപ ധനസഹായത്തില്‍ നിന്നുമാണ് ചെറിയൊരു വീട് പണിത് നാരായണിയും നാല് മക്കളുമടങ്ങുന്ന കുടുംബം താമസമാക്കിയത്. അതിനിടയില്‍ നാരായണി മരിച്ചു. പിന്നീട് ആ വീട്ടിലായിരുന്നു കരുണാകരനും ഭാര്യയും മക്കളും താമസമാക്കിയത്. തകര്‍ന്ന് വീഴാറായ വീടിനുള്ളില്‍ ജീവന് പണയം വെച്ച് കഴിയുന്നതിനിടെ കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി.
ദയനീയാവസ്ഥ കണക്കിലെടുത്ത നാട്ടുകാര്‍ തകര്‍ന്ന മേല്‍ക്കൂരയുടെ മുകളില്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ചുകൊടുത്തു. വേനല്‍ ചൂടിന്റെ കാഠിന്യത്താല്‍ പ്ലാസ്റ്റിക് ഷീറ്റ് ദ്രവിച്ചു തുടങ്ങി. കൊച്ചു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് സന്മനസ്സുകളുടെ സഹായമുണ്ടാവണമെന്നാണ് ഈ നിര്‍ദ്ദന കുടുംബത്തിന്റെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: