തിരുവനന്തപുരം: പുസ്തകങ്ങളും പേനയും ബാഗും യൂണിഫോമുമായാണ് ജൂണ്‍ മാസത്തിലെ അദ്ധ്യയന വര്‍ഷം തുടങ്ങുകയെങ്കില്‍ ഇക്കുറി ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയിലേക്ക് വഴി മാറിയിരിക്കുന്നു. ഒന്നു മുതല്‍ ബിരുദാനന്തര ബിരുദം വരെ ഒരു ദിവസമാണ് പ്രവേശനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല എന്നതാണ് വസ്തുത. ക്ലാസ് മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും പഠനം ഓണ്‍ലൈന്‍ വഴി നടക്കുമെന്നതാണ് ഈ അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തിലെ പ്രത്യേകതകള്‍. ആദ്യമായാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ന്യൂതന പഠന രീതിയിലേക്ക് കടക്കുന്നത്.
ഓണ്‍ലൈന്‍ പഠനവുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോഴും 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ല. ഇത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കണക്കാണ്. കൈറ്റ് വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസ് സംപ്രേക്ഷണം ചെയ്യുമെന്ന് പറയുമ്പോഴും നിലവില്‍ വെറും രണ്ട് ഡിറ്റിഎച്ച് പ്ലേറ്റ്ഫോം മാത്രമാണ് ചാനല്‍ ലഭ്യമായുള്ളു എന്നത് ശ്രദ്ധേയമാണ്. കേബിള്‍ ടിവികളിലും ചാനല്‍ മിക്കയിടങ്ങളിലും ലഭ്യമല്ല. സംപ്രേക്ഷണത്തിന് മുമ്പ് എല്ലാ പ്ലേറ്റ്ഫോമുകളിലും ലഭ്യത ഉറപ്പു വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരും പരാജയപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ നിലവില്‍ കേബിള്‍ കണക്ഷനുള്ള വിദ്യാര്‍ത്ഥികളുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങും. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ എന്ന സര്‍ക്കാര്‍ കണക്കിനെ മൂന്നു ലക്ഷത്തിന് പുറത്തേയ്ക്ക് ഉയര്‍ത്തും. സര്‍ക്കാരിന്റെ അലംഭാവം നിമിത്തം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവകാശ നിഷേധിക്കപ്പെടും എന്നതും തീര്‍ച്ച.
വീടുകളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ സാമൂഹ്യ അകലം നിഷ്കര്‍ശിച്ച് രണ്ട് ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ സംഭവ്യമാക്കുമെന്നത് ചോദ്യചിഹ്നമാണ്. തിരദേശം, ആദിവാസി-മലയോര മേഘലകളിലുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമാകില്ല.
വീടുകളില്‍ ഒരു ഫോണ്‍ മാത്രമുള്ള വീടുകളില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോയാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ പഠനം പിന്തുടരുമെന്നതും ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാര്‍ പട്ടികയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള വിദ്യാര്‍ത്ഥികളില്‍ ഇത്തരം കുട്ടികളും ഉള്‍പ്പെടും. ഒരേ സമയം ഇത്രയധികം വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുളള പ്രശ്നങ്ങളും, മഴയുമൊക്കെയാണ് പ്രധാന വെല്ലുവിളി. വൈദ്യുത ബന്ധം തകരാറിലായാല്‍ പോലും ക്ലാസുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ്. സാങ്കേതിക വിദ്യയുമായി ഇഴുകി ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ പഠന രീതി നടപ്പിലാക്കിയതില്‍ വിദ്യാഭ്യാസ വിദഗ്ദരും ആശങ്ക പങ്കുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: