കണ്ണൂര്‍: ജില്ലയില്‍ ഏഴുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നുള്ള ഐഎക്സ് 714 വിമാനത്തില്‍ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19 കാരി, മെയ് 22 ന് ഇതേനമ്പര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38 കാരന്, മെയ് 27ന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18 കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 23ന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 344 വിമാനത്തിലെത്തിയ കടമ്പൂര് സ്വദേശി 44 കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
രാജധാനി എക്സ്പ്രസ് വഴി 22ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25 കാരന് (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58 കാരന്, 17ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതില്‍ 126 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7118 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6423 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. അതേ സമയം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചു. കണ്ടെയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണം. ഇന്ന് മുതല്‍ പഞ്ചായത്തില്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ വിടില്ലെന്ന് പോലിസ് അറിയിച്ചു.കടകള്‍ മുഴുവന്‍ അടച്ചിടും. ദേശീയപാതയില്‍ വാഹന പരിശോധന ശക്തമാക്കും. ആവശ്യമായ സാധനങ്ങള്‍ക്ക് പഞ്ചായത്ത് കോള്‍ സെന്ററുമായി പൊതു ജനങ്ങള്‍ ബന്ധപ്പെടണം. നേരത്തെ തലശേരി നഗരസഭാ പരിധിയും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലും അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലിസ് ഒരുക്കിയിട്ടുള്ളത്.
ഒരു കുടുംബത്തിലെ പതിമൂന്നുപേര്‍ക്കാണ് ധര്‍മടത്ത് കൊവിഡ് ബാധയുണ്ടായത്. ഇതില്‍ ആസ്യ എന്ന വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവടക്കമുള്ളവരാണ് ചികിത്സയിലുള്ളത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 84 പേര് നിരീക്ഷണത്തിലാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് തലശേരി മത്സുമാര്ക്കറ്റും പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: