ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഗല്‍വാന്‍ താഴ്വര, പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് വീണ്ടും ഭാരതത്തിലേക്ക് കടന്നുകയറാനാണ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണം. കടന്നുകയറാന്‍ ശ്രമിച്ചാല്‍ തിരിച്ചടി ഉണ്ടാവുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ വ്യക്തമാക്കി.
സംഘര്‍ഷം ഇനിയും ഉണ്ടാവുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ ഇന്ത്യ അയച്ചു. അതിര്‍ത്തിയിലെ റോഡ് നിര്‍മാണം തടയാന്‍ ലക്ഷ്യമിട്ട് അതിക്രമിച്ചു കയറിയ പ്രദേശത്തുനിന്ന് ചൈനീസ് സൈന്യം ഏകപക്ഷീയമായി പിന്മാറുന്നതു വരെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടാവില്ലെന്ന് ഇന്ത്യ സൈനിക, നയതന്ത്രതലങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ അറിയിച്ചു. ദീര്‍ഘനാളേക്ക് നിലയുറപ്പിക്കാനാവശ്യമായ ക്രമീകരണങ്ങളും അതിര്‍ത്തിയില്‍ കരസേന എത്തിച്ചു. പാക്കിസ്ഥാന് ചൈനയ്ക്ക് കൈമാറിയ ഇന്ത്യയുടെ ഭാഗമായിരുന്ന അക്സായ്ചിന്‍ പ്രദേശം പിടിച്ചെടുക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന ആശങ്കയാണ് റോഡ് നിര്‍മ്മാണം തടയാന്‍ ചൈന ശ്രമിക്കുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കപ്പെടുമെന്ന് കാണിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവന സൈന്യവും കേന്ദ്രസര്‍ക്കാരും മുഖവിലയ്ക്കെടുക്കുന്നില്ല. ദല്‍ഹിയില്‍ ചേര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗത്തിലും ചൈനീസ് അതിര്‍ത്തിയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. അതേസമയം, ഇന്ത്യ-ചൈന വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനവും ഇന്ത്യ തള്ളി. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.
ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ മൂന്നിടത്താണ് ചൈനീസ് സൈന്യത്തെ തടഞ്ഞ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചത്. പാങ്ങോങ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഒരിടത്തും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യന്‍ കരസേനയും മുഖാമുഖം നിലയുറപ്പിച്ചിരിക്കുയാണ്. മഞ്ഞു മാറിയതോടെ ലഡാക്ക് അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ റോഡ് നിര്‍മാണമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനെ തടയുകയാണ് പെട്ടെന്നുള്ള ചൈനീസ് പ്രകോപനത്തിന് കാരണം. 255 കിലോമീറ്റര്‍ നീളുന്ന ദൗളത് ബേഗ് ഓര്‍ഡി റോഡ് നിര്‍മാണത്തിന് യാതൊരുവിധ തടസവും സൃഷ്ടിക്കാതിരിക്കാനുള്ള സൈനിക വിന്യാസം കരസേന ഇവിടെ നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: