പെരുങ്കടവിള: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കരുതല്‍ നടപടികളില്‍ ജാഗ്രതക്കുറവ് വ്യക്തമാണ്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ശ്രമിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നത് പതിവാകുകയാണ്.
രോഗവ്യാപനം തടയാന്‍ മാസ്ക് നിര്‍ബന്ധമാക്കിയെങ്കിലും അത് ശരിയായി പാലിക്കപ്പെടുന്നില്ല. ഒറ്റതവണ ഉപയോഗിക്കാവുന്ന മാസ്കുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ് പലരും. ഇത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മാസ്ക് നിര്‍ദ്ദേശാനുസരണമല്ലാതെ പേരിനു മാത്രം ഉപയോഗിക്കുന്നതും പതിവാണ്. ഇതും വിപരീതഫലമാണുണ്ടാക്കുന്നത്.
കൊറോണ പ്രതിരോധത്തിന്റെ പ്രാഥമിക നടപടി ബ്രേക്ക് ദ ചെയിന്‍ ആയിരുന്നു. ആരംഭ ഘട്ടത്തില്‍ അത് നൂറു ശതമാനം പ്രവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പൊള്‍ പല കച്ചവട സ്ഥാപനങ്ങളുടെയും ചില മില്‍മ ബൂത്തുകളുടെയും മുന്നില്‍ ബക്കറ്റിലെ വെള്ളം മാത്രമാണുള്ളത്. മറ്റു ചിലയിടങ്ങളില്‍ പരസ്യം മാത്രം. സാനിറ്റൈസറുകളോ കൈകഴുകാനുള്ള സംവിധാനങ്ങളോ കാണാനേയില്ല. ഇത്തരം സംവിധാനങ്ങള്‍ പരിശോധിച്ച് നടപടി കൈക്കൊള്ളുന്നതില്‍ ആരോഗ്യ വകുപ്പ് പിന്നോട്ട് പോയതായാണ് ആരോപണം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ട്. ഇവിടങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി സംവിധാനങ്ങള്‍ ഇല്ല.
ബാങ്കുകകള്ക്കുള്ളില് ഇടപാടുകാരെ നിയന്ത്രിക്കാറുണ്ടെങ്കിലും പുറത്ത് കൂടിനില്‍ക്കുന്നവര്‍ക്ക് നിയന്ത്രണങ്ങളില്ല. ബാങ്കിന് മുന്പില് സാമൂഹിക അകലം പാലിക്കാനോ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ ഉള്ള യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടുമില്ല. പല ബാങ്കുകള്‍ക്ക് മുന്നിലും പൊരിവെയിലത്ത് കൂടി നില്‍ക്കേണ്ട ഗതികേടിലാണ് ഇടപാടുകാര്‍. അകത്ത് എസി മുറികളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞ ഭാവം പോലും കാട്ടാറില്ല. അകലം പാലിച്ച് ഇരിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള സന്മനസ്സ് കാണിക്കാത്ത ബാങ്കുകളുടെ മുന്നില്‍ റോഡുവക്കില്‍ നിസ്സഹായരായി കൂട്ടം കൂടി നില്ക്കുന്ന ഇടപാടുകാരുടെ കാഴ്ച ഗ്രാമീണ മേഖലയില്‍ പ്രതിവാണ്.
വഴിയോര ചന്തകളിലും മത്സ്യ വില്പന കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നത് നിയന്ത്രിക്കാന്‍ ആരുമില്ലാത്ത നിലയാണ്. തൊഴിലുറപ്പു തൊഴിലാളികള്‍ സാമൂഹിക ആകലം പാലിക്കുന്നുണ്ടോയെന്നു ബന്ധപ്പെട്ട അധികൃതര്‍ പരിശോധിക്കുന്നുമില്ല. ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ഡ്രോണ്‍ പറത്തിയും പട്രോളിംഗ് ശക്തമാക്കിയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലായിരുന്ന പോലീസ് നടപടികളില്‍ ഇളവുണ്ടായത് ജനങ്ങളില്‍ ജാഗ്രത കുറച്ചിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലകളില്‍ വൈറസ് പകരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: