ന്യൂദല്‍ഹി: ജനുവരി 22 മുതല്‍ ഏപ്രില്‍ 30 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 28 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് പഠന റിപ്പോര്‍ട്ട്. ഐസിഎംആറിന്റേതാണ് പഠനം.
രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധനാ ഫലം പോസിറ്റീവായാലും വലിയൊരു പങ്കിനും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ആകെ വൈറസ് ബാധിതരില്‍ 5.2 ശതമാനം പേരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും പഠനം വ്യക്തമാക്കുന്നു. വൈറസ് പരിശോധനയില്‍ ഏറ്റവും കൂടുതല്‍ പേര് പോസിറ്റീവാകുന്നത് മഹാരാഷ്ട്ര (10.6%), ദല്‍ഹി (7.8%), ഗുജറാത്ത് (6.3%) മധ്യപ്രദേശ് (6.1%) പശ്ചിമബംഗാള്‍ (5.8%) സംസ്ഥാനങ്ങളിലാണ്.
കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പോലീസുകാര്‍ക്ക് കൊറോണ കണ്ടെത്തി. ഒരു പോലീസുകാരന് കൂടി മരിച്ചു. ഇതോടെ 2325 പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യ 26 ആയി. 62,228 പേര്‍ക്ക് വൈറസ് ബാധിച്ച സംസ്ഥാനത്ത് 26997 പേര് ഇതുവരെ രോഗമുക്തരായി. 2098 പേര് മരിച്ചു.
പട്ടികയില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. 11,313 പേര് രോഗമുക്തരായെങ്കിലും 154 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നിലവില്‍ 8779 പേര് ചികിത്സയില്‍ തുടരുന്നു. ദല്‍ഹിയില്‍ മരണം നാനൂറിലേക്ക്. 17,384 വൈറസ് ബാധിതര്‍. 9142 പേര് ചികിത്സയിലുണ്ട്. 7846 പേര് രോഗമുക്തരായി. 15,934 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ ഗുജറാത്തില്‍ ആകെ മരണം 980 ആയി. 6343 പേര് ചികിത്സയില്‍. 8611 പേര് രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: