തിരുവനന്തപുരം: അഴിമതിക്കെതിരെ എല്ലാ സര്‍ക്കാരിന്റെയും കാലത്ത് ശബ്ദമുയര്‍ത്തിയ ആളായിരുന്നു ജേക്കബ് തോമസ് ഐപിഎസ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരമാണ് ഇദേഹം നയിച്ചത്. അതിനാല്‍ തന്റെ ഇരു സര്‍ക്കാരിന്റെ കാലത്തും ജേക്കബ് തോമസ് നോട്ടപ്പുള്ളിയായി. ജേക്കബ് തോമസ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.
അഴിമതിക്കെതിരെയുള്ള യുദ്ധത്തിന് ജേക്കബ് തോമസിന് എല്ലാവിധ പിന്തുണയും ഉണ്ടെന്ന് കാട്ടി 2015 സെപ്റ്റംബര്‍ 19 ഇട്ട പോസ്റ്റാണത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ വന്‍ വിമര്‍ശനമാണ് പിണറായിക്കെതിരെ ഉയരുന്നത്. ഇവിടെയെങ്കിലും ഒന്ന് ഉറച്ചുനില്ക്കാന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പിണറായിയോട് ആവശ്യപ്പെടുന്നുണ്ട്.
പിണറായി 2015 ഇട്ട ഫേസ്ബുക്ക് പോസറ്റ്:
കേരളത്തില്‍ വഴിവിട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. അത് ചെയ്യുന്നത് ആരാണെന്നും. ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്തത് കൊണ്ടാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിരിക്കുന്നു.
സര്‍ക്കാരിന് നിരന്തരം തലവേദന ഉണ്ടാക്കുന്നതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി, ആ തലവേദന എന്താണ് എന്ന് വെളിപ്പെടുത്തണം. ഈ സ്ഥാനമാറ്റത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ആകെ യു ഡി എഫ് സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ തുറന്നു കാട്ടുന്നതാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അലോസരമുണ്ടാക്കുന്ന കേസുകള്‍ക്ക് ഉദ്യോഗസ്ഥനെ അല്ല കുറ്റം പറയേണ്ടതും പീഡിപ്പിക്കേണ്ടതും -കണ്ണാടി നോക്കുകയാണ് വേണ്ടത്.കെ പി സി സി പ്രസിഡന്റിനു പോലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓരോ ദിവസവും ജനങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ കൂടുതല്‍ അപഹാസ്യമാവുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് നിയമാനുസൃതം ചുമതല നിര്‍വഹിക്കാനുള്ള അവസരം പോലും ഹനിക്കുന്ന ഈ അവസ്ഥ ഓരോ കേരളീയനെയും അപമാനിക്കുന്നു.
എന്നാല്‍, പിന്നീട് എത്തിയ എല്‍ഡിഎഫ് സര്‍ക്കാരിലെയും അഴിമതിക്കാര്‍ക്കെതിരെ ജേക്കബ് തോമസ് നടപടി എടുത്തതോടെയാണ് പിണറായി നിലപാട് മാറ്റിയത്. അഴിമതിക്കാരെ എല്ലാം സംരക്ഷിക്കുന്ന നിലപാടാണ് പിണറായി എടുത്തത്. ഇതോടെ ജേക്കബ് തോമസിനെതിരെ പിണറായി പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു.
ജേക്കബ് തോമസിന്റെ 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതമാണ് ഇന്ന് അവസാനിക്കുന്നത്. സര്‍വീസ് പുസ്തകത്തിലെ അവസാന ദിനം ജേക്കബ് തോമസ് ഓഫീസിലാണ് കിടന്നുറങ്ങിയത്. നിലവില്‍ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ജേക്കബ് തോമസ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയോഗിച്ചത്. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. എന്നാല്‍ സര്‍ക്കാരുമായി അഭിപ്രായഭിന്നതയുണ്ടായതോടെ സര്‍ക്കാര്‍ വിജിലന്‍സ് പദവിയില്‍ നിന്നും നീക്കുകയായിരുന്നു.
ബന്ധുനിയമന പരാതിയില്‍ ഇ.പി.ജയരാജനെതിരെ കേസെടുത്തതോടെയാണ് ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തത്. പിന്നാലെ ജേക്കബ് തോമസിനോട് നിര്‍ബന്ധ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റക്കു തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്കി.
അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നല്‍കിയത്. പിന്നീട് ഓഖിയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയെന്നും അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നും ആരോപിച്ച് രണ്ടുവര്‍ഷം അച്ചടക്ക നടപടിയില്‍ സര്‍വീസില്‍ നിന്ന് പുറത്തിരുത്തി. പിന്നീട് നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസില് നിയമനം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: