തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടു നിണ്ട സര്‍വീസ് കാലത്തിനൊടുവില്‍ ഡിജിപിയും ഫയര്‍ഫോഴ്സ് മേധാവിയുമായ എ. ഹേമചന്ദ്രന് ഇന്ന് വിരമിക്കും. പൊലീസിലെ സൗമ്യ മുഖമായിരിക്കുമ്പോഴും സമര്‍ത്ഥനായ ഐപിഎസ് ഉദ്യോഗസ്ഥന്. തൊഴില്‍ മികവും ധാര്‍മ്മികയും സമാസമം സമന്യയിപ്പിച്ച് പോലീസില്‍ പ്രവര്‍ത്തിച്ച ഉന്നതന്. രാഷ്ട്രീയ വിടുപണി വശമില്ലാത്തതിനാല്‍ അര്‍ഹമായ പദവി കിട്ടാതെയാണ് പടിയിറക്കം.
ഹേമചന്ദ്രന് സംസ്ഥാന പൊലീസ് മേധാവിയാകാതിരുന്നത് കേരളത്തിന്റെ നഷ്ടമാണെന്നാണ് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞത് ”ഇന്ന് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും 34 വര്‍ഷത്തെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്യുന്ന എ ഹേമചന്ദ്രന് എല്ലാ ആശംസകളും. കേരളത്തിലെ ഏറ്റവും നല്ല ഒരു ഓഫീസര്‍ ആയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ആകാതിരുന്നത് കേരളത്തിന്റെ നഷ്ടം.” – ടി പി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയില്‍ അദ്ദേഹം ഇരുന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒട്ടേറെ പൊലീസുകാരുണ്ട്
ഡിജിപി പദവിയിലെത്തിയെങ്കിലും പൊലീസ് മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമില്ലെന്നായിരുന്നു ഹേമചന്ദ്രന്റെ പ്രതികരണം.’ഇല്ലാത്ത അവസരങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. ഐപിഎസ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ ലഭിച്ച അവസരം സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കാനാണു ശ്രമിച്ചത്.വിരമിച്ചശേഷം ആരെയും ബുദ്ധിമുട്ടിക്കാനായി സര്‍വീസ് സ്റ്റോറി എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണത്തിനിടയില്‍ ലഭിച്ച സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് പൊലീസിന്റെ ധാര്‍മികതയ്ക്ക് എതിരാണ്.ശരിയായ നിലപാടെടുത്തതിന്റെ പേരില്‍ നഷ്ടമുണ്ടായാല്‍ നേട്ടമായി കരുതും’ അദ്ദേഹം പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ സാധിച്ചില്ലെങ്കിലും ഏകദേശം രണ്ടുവര്‍ഷക്കാലം ഫയര്‍ഫോഴ്സ് മേധാവിയുടെ കസേരയില്‍ മികവ് തെളിയിച്ച് തലയുയര്‍ത്തിപ്പിടിച്ചാണ് ഹേമചന്ദ്രന് കാക്കി അഴിക്കുന്നത്.പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ഫോഴ്സിനെ 24 മണിക്കൂറും കര്‍മനിരതരാക്കി നിര്‍ത്തിയതിന് പിന്നിലും ഹേമചന്ദ്രന്റെ മികവാണ്. ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ തുറന്നുവെന്ന് മാത്രമല്ല, ഉറക്കമൊഴിച്ച് അദ്ദേഹം പണിയെടുത്തു. അഗ്നിരക്ഷാ സേനാ രക്ഷപ്പെടുത്തിയ ഒട്ടേറെപേരുടെ അഭിനന്ദനങ്ങള്‍ കൊണ്ട് ഹേമചന്ദ്രന്റെ ഫോണ്‍ നിറഞ്ഞു. തൃശൂര്‍ പൊലീസ് അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കാനും ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവാന്മാരാക്കാന് സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരം നല്‍കാനും അദ്ദേഹം അശ്രാന്ത പരിശ്രമം തന്നെ നടത്തി.
ഫോഴ്സിലേയ്ക്ക് വനിതകളെ പിഎസ് സി വഴി റിക്രൂട്ട് ചെയ്തു നിയമിക്കാനുള്ള സുപ്രധാന തീരുമാനത്തിന് പിന്നിലും ഹേമചന്ദ്രനാണ്. ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്ന കമ്യൂണിറ്റി റെസ്റ്റ് വോളണ്ടിയര്‍ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും സെഫ്റ്റി ബീറ്റ് ഓഫീസര്‍ തസ്തികയുണ്ടാക്കി. ഫയര്‍ ആന്റ് റെസ്ക്യൂ എന്നും ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ എന്ന പോസ്റ്റുകള്‍ ഉണ്ടാക്കി തന്റെ കീഴിലെ ജീവനക്കാരുടെ ആത്മവിശ്വാസം അദ്ദേഹം ഉയര്‍ത്തി എടുത്തു. പ്രളയ ഭീഷണി നേരിടാന്‍ ഫയര്‍ഫോഴ്സിന് കൂടുതല്‍ പരിശീലനം നല്‍കുന്നതിന് എറണാകുളം കേന്ദ്രമാക്കി അഡ്വാന്‍സ്ഡ് വാട്ടര്‍ ട്രെയിനിംഗിന് അക്കാദമി തുടങ്ങിയതും ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഫയര്‍ഫോഴ്സിന് ഒന്നും ചെയ്യാനില്ലെന്ന് കരുതിയ കോവിഡ് കാലത്തും സേനയെ മുന്നില്‍ നിര്‍ത്തി. അണുനശീകരണം മുതല്‍ രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഫയര്‍ഫോഴ്സും പങ്കാളിയായി.
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദശേഷം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി ചെയ്യവെയാണ് അദ്ദേഹത്തിന് 1986ല്‍ ഐപിഎസ് ലഭിക്കുന്നത്. തിരുവനന്തപുരം ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ എസ്.പിയായിരുന്നു. തിരുവനന്തപുരം ഡിഐജിയായ ശേഷം എറണാകുളം, തിരുവനന്തപുരം കണ്ണൂര്‍ റെയ്ഞ്ച് ഐജിയായി പ്രവര്‍ത്തിച്ചു. ദക്ഷിണമേഖലാ എഡിജിപി, ഇന്റലിജന്‍സ് എഡിജിപി, ഡിജിപി പദവികളിലിരുന്ന അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെഎസ്ആര്‍ടിസി സിഎംഡി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പടിയിറങ്ങുന്നത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയും പൊലീസ് മെഡല്‍ നേടിയിട്ടുള്ള അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം പരിശിലനവും നേടിയിട്ടുണ്ട്. 2002- 2007 കാലയളവില്‍ കേന്ദ്ര ഡെപ്യൂട്ടേഷന്റെ ഭാഗമായി ഹൈദരാബാദ് പൊലീസ് അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: