തിരുവനന്തപുരം: കെഎസ്ഇബിയില്‍ സ്വീപ്പര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുള്ള 718 പേര് ഇന്നലെ സര്‍വീസില്‍ നിന്ന് വിരമിച്ചു. കെഎസ്ഇബിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ജീവനക്കാര്‍ ഒരു ദിവസം വിരമിക്കുന്നത്. രണ്ട് ബോര്‍ഡ് ഡയറക്ടര്‍, രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍, 19 ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍, 22 എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ വിരമിച്ചവരിലുള്പ്പെടും. ഓവര്‍സിയര്‍ തസ്തികയില്‍ നിന്നാണ് കൂടുതല്‍ പേര്, 230.
ഈ തസ്തികകളില്‍ ജീവനക്കാരെ രണ്ട് മാസത്തിനുള്ളില്‍ നിയമിച്ചില്ലെങ്കില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. അനുഭവ സമ്പത്തുള്ളവരാണ് വിരമിച്ചവരില്‍ അധികവും. മഴക്കാലം വരുന്നതോടെ വൈദ്യുതി തടസമുണ്ടാകാതിരിക്കണമെങ്കില് ഈ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം.
അതേസമയം, ദീര്‍ഘനാളുകളായി പല തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ല. സ്ഥാനക്കയറ്റം നല്‍കുകയോ ഒഴിവുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയോ വേണമെന്ന വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ഇപ്പോഴും മുഖം തിരിഞ്ഞു നില്ക്കുന്നു. പല തസ്തികകളിലും കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനം. മീറ്റര്‍ റീഡിങ് തസ്തികകളില്‍ നിലവില്‍ രണ്ടായിരത്തിലധിം ഒഴിവുകളുണ്ട്. ഇതിലേക്ക് പിഎസ്സി പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ല. മറ്റ് തസ്തികകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഓവര്‍സിയര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ഏകദേശം 1500 പേരാണ് ബോര്‍ഡില്‍ നിന്നും മാത്രം ഒരു വര്‍ഷം വിരമിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം കാരണം ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എട്ട് മണിക്കൂറിലധികം ജോലി ചെയ്യേണ്ട അവസ്ഥയുണ്ട്. അപകടങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണവും ഇതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബോര്‍ഡ് ഇപ്പോള്‍ നഷ്ടത്തിലാണ്. ആധുനിക സാങ്കേതികവിദ്യ നിലവില്‍ വന്നതിനാല്‍ ജീവനക്കാര്‍ കുറച്ച് മതിയെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഈ നയത്തിന് മുന്‍തൂക്കം നല്‍കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: