ന്യൂദല്‍ഹി : ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ നയതന്ത്ര- സൈനിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
നയതന്ത്ര പ്രശ്നം പരിഹരിക്കുന്നതിന് സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് എല്ലാവര്ക്കും ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ സുരക്ഷയും പരമാധികാരവും ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് താന്‍ ഉറപ്പ് നല്കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മറ്റൊരു രാജ്യത്തിന്റയും ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അത് നമുക്ക് തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: