മെയ് 20-ാം തീയതി രാവിലെ കോഴിക്കോട്ടെ ഇന്തോളജിക്കല്‍ ട്രസ്റ്റിലെ ടി.കെ.സുധാകരന് വിളിച്ച് കടമേരി ബാലകൃഷ്ണന് മാസ്റ്റര്‍ അന്തരിച്ച വിവരം അറിയിച്ചപ്പോള്‍ വലിയ നഷ്ടബോധം അനുഭവിച്ചു. സുധാകരന് പ്രസിദ്ധീകരിച്ച ജനസംഘം രേഖകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പഴയ ‘സംഘപഥത്തിലൂടെ’ എന്ന പംക്തിയിലെ ഒരു ലേഖനത്തില്‍ ബാലകൃഷ്ണന് മാസ്റ്ററെ പരാമര്‍ശിച്ചിരുന്നതാണ് എന്നെ വിളിക്കാന്‍ കാരണമായത്. മാസ്റ്ററെ കടമേരി ബാലകൃഷ്ണനെന്നും കടത്തനാട് ബാലകൃഷ്ണനെന്നും വിളിച്ചിരുന്നു. ഞാന്‍ ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ ചുമതലകള്‍ വഹിച്ചിരുന്ന കാലത്താണ് നേരിട്ടു പരിചയമായത്. അന്നദ്ദേഹം പുല്‍പ്പള്ളി ക്ഷേത്രം വക വിശാലമായ വനഭൂമി- പതിനായിരക്കണക്കിനേക്കര്‍ വരുന്ന വന്യമൃഗ സമൃദ്ധവും ഇടതൂര്‍ന്ന വന്മരങ്ങള് നിറഞ്ഞതുമായ ഭൂമി- തിരുവിതാംകൂറില്‍നിന്നുള്ള സംഘടിത വെട്ടിപ്പിടുത്തക്കാര് കയ്യടക്കിവന്ന കാലമായതിനാല്‍ അതിനെതിരായ വയനാട്ടിലെ ഹൈന്ദവ വികാരങ്ങള്‍ക്കു രൂപംനല്കാന് മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കയ്യേറിപ്പിടുത്തക്കാരില് ബഹുഭൂരിപക്ഷവും വിവിധ ക്രൈസ്തവ സഭകളുടെ ഉത്സാഹത്തില്‍ ഇറങ്ങിത്തിരിച്ച ക്രൈസ്തവരായിരുന്നെങ്കിലും ഹിന്ദുക്കളും കുറവായിരുന്നില്ല. സംഘടിതമായി ക്ഷേത്രസ്വത്തു കയ്യേറ്റത്തെ ചെറുക്കാന്‍ തക്ക സംഘടിത ഹൈന്ദവ ബലം വയനാട്ടില്‍ അന്നുണ്ടായിരുന്നുമില്ല. കല്‍പ്പറ്റയിലും ബത്തേരിയിലും പനമരത്തും മറ്റുമുണ്ടായിരുന്ന കൈവിരലിലെണ്ണാവുന്ന സംഘശാഖകളും, കേസരി വാരികയില്‍ വന്ന ഏതാനും ലേഖനങ്ങളുമൊഴികെ വരാനിരുന്ന ഭീഷണിയുടെ ഗൗരവം അറിയിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ന് പാലായോ കാഞ്ഞിരപ്പള്ളിയോ കോതമംഗലമോ പോലെയുള്ള വന്‍ നഗരമാണ് പുല്‍പ്പള്ളി. സാമൂഹ്യാന്തരീക്ഷത്തിലും സ്വഭാവത്തിലും അങ്ങനെ തന്നെ. അതിന്നിടയില്‍ ‘ഞങ്ങളുമുണ്ടേ’ എന്ന് ക്ഷമാപണപൂര്വമെന്നോണം ലവ-കുശ സീതാദേവി ക്ഷേത്രവും അവിടെയുണ്ട്.
ബംഗാളിലെ നക്സല്‍ബാരി കഴിഞ്ഞാല്‍ ആദ്യത്തെ നക്സല്‍ ആക്രമണം നടന്ന പുല്‍പ്പള്ളി വയര്‍ലസ് സ്റ്റേഷന് അവിടെയുണ്ടായിരുന്നു. അവിടത്തെ ഹിന്ദു മാനേജ്മെന്റിലുള്ള വിജയാ ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന് മാസ്റ്റര്‍. പിന്നീടദ്ദേഹത്തിന് വടകരയ്ക്കടുത്തുള്ള കീഴല്‍ സ്കൂളിലേക്കു മാറ്റമായി. ബത്തേരിയില്‍ പ്രചാരകനായിരുന്ന രത്നാകരന് മാസ്റ്ററുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കെ.ജി. മാരാരുടെ ഉത്സാഹത്തില്‍ വടക്കേ വയനാട്ടിലും, കല്‍പ്പറ്റയിലെ മുതിര്‍ന്ന സ്വയംസേവകരുടെ നേതൃത്വത്തില്‍ തെക്കേ വയനാട്ടിലും ജനസംഘത്തിന്റെ പ്രവര്‍ത്തനവും നടന്നുവന്നു.
ബാലകൃഷ്ണന് മാസ്റ്റര്‍ കോഴിക്കോട് അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. അതിനുശേഷം പരമേശ്വര്‍ജിയും മറ്റും വയനാട്ടില്‍ വന്നയവസരങ്ങളില് അദ്ദേഹം കാണാന്‍ വരാറുണ്ടായിരുന്നു. പുല്‍പ്പള്ളിയില്‍ ജനസംഘത്തിന്റെ ഒരു സമിതി രൂപീകരിക്കാനുള്ള ക്ഷണം അദ്ദേഹം അയച്ചു. അങ്ങനെ അവിടെപ്പോയി. ബത്തേരിയില്‍നിന്ന് അവിടത്തെ ഒരു സ്വയംസേവകനെയുംകൂട്ടി ചിതലയംവരെ ബസ്സിലും, പിന്നെ ഏതാണ്ട് 12 കി.മീ. നടന്നും കോഴിക്കോട്ട് ബസ് പിടിക്കുകയായിരുന്നു.
നക്സല്‍ ആക്രമണത്തിനുശേഷം അവിടം സന്ദര്‍ശിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ ജനസംഘം നിയോഗിച്ച കമ്മിറ്റിയില്‍ കെ.ജി.മാരാരും എ.പി. ഭാസ്കരന് നായരും ഈ ലേഖകനുമുണ്ടായിരുന്നു. ഞങ്ങള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ ബാലകൃഷ്ണന് മാസ്റ്ററും സുഹൃത്തുക്കളും വലിയ ഭീഷണിയെ നേരിട്ടുതന്നെ മുന്നോട്ടുവന്നു. പിന്നീട് അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ അവിടെ ജനസംഘത്തിന്റെ നയവിശദീകരണ യോഗം നടന്നു. പരമേശ്വര്‍ജിയും ഭാസ്കരന് നായരുമൊപ്പം അവിടെ പോയപ്പോള്‍ കരിങ്കൊടികളും ഗോബാക്ക് പോസ്റ്റുകളുമായിരുന്നു ഞങ്ങളെ സ്വീകരിക്കാന്‍. നക്സലുകളും ക്ഷേത്ര ഭൂമി കയ്യേറ്റക്കാരും ഒരുക്കിയത്. അവിടത്തെ യോഗത്തില്‍ ബാലകൃഷ്ണന് മാസ്റ്റര്‍ ധൈര്യപൂര്‍വം സ്വാഗത പ്രസംഗം ചെയ്തു. അന്നത്തെ അന്തരീക്ഷത്തില്‍ 1969 ലാണെന്നോര്‍ക്കണം, അതൊരു ധീരകൃത്യം തന്നെയായിരുന്നു. പ്രസംഗവേദിക്കു മുന്നില്‍ വളരെക്കുറച്ചു തദ്ദേശവാസികള്‍ മാത്രം. അകലെ മാറിനിന്നു പ്രസംഗം കേട്ട നൂറുകണക്കിനാളുകള്‍. കാര്യകാരണ സഹിതമായ പരമേശ്വര്‍ജിയുടെ പ്രസംഗം അവസാനിക്കാറായപ്പോഴെക്കും ആള്‍ക്കൂട്ടം അടുത്തുവന്നതും ശ്രദ്ധേയമായിരുന്നു.
മാസ്റ്റര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് വടകരയ്ക്കടുത്തു കീഴല്‍ സ്കൂളില്‍ ജോലി സമ്പാദിച്ചത്. ജനസംഘത്തിന്റെ സജീവപ്രവര്‍ത്തകനായി. ജില്ലാ സമിതി അംഗമെന്ന നിലയ്ക്കും വശ്യവാക്കായ പ്രഭാഷകനായും പ്രവര്‍ത്തകരുടെ ആദരവാര്‍ജിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന പരിവര്‍ത്തനത്തിലും അദ്ദേഹം ഉറച്ചുനിന്നതായി ഞാന്‍ മനസ്സിലാക്കുന്നു. കേസരിയിലും ജന്മഭൂമിയിലും അദ്ദേഹം എഴുതാറുമുണ്ടായിരുന്നു. ഏതു നിലയ്ക്കും അവിസ്മരണീയനായിരുന്നു പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ബാലകൃഷ്ണന് മാസ്റ്റര്‍ എന്ന ഒറ്റയാള്‍ പോരാളി.
അവിസ്മരണീയനായ മറ്റൊരു സുഹൃത്തിന്റെ വിയോഗവും അന്നുതന്നെ അറിയേണ്ടി വന്നു. 26-ാം തീയതി ചൊവ്വാഴ്ചത്തെ ജന്മഭൂമിയില് മലയാള മനോരമയുടെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഐസക് അറയ്ക്കലിന്റെ ചരമവാര്‍ത്ത വായിക്കാനിടയായി. 85-ാം വയസ്സിലാണ് മരണമെന്നതിനാല്‍ അതൊരു സ്വാഭാവിക മരണം തന്നെയായേ കരുതാനാവൂ. അനവധി ദശകങ്ങളായി അദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരമുണ്ടായില്ലെങ്കിലും മറ്റു പലരില്‍നിന്നും വിവരങ്ങള്‍ അന്വേഷിച്ചറിയാറുണ്ടായിരുന്നു.
1967-75 കാലത്ത് ഞാന്‍ കോഴിക്കോട് കേന്ദ്രമായി ഭാരതീയ ജനസംഘ പ്രവര്‍ത്തകനായിരുന്നപ്പോള്‍ ഏറ്റവുമധികം ബന്ധപ്പെട്ടിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ഐസക്ക്. പരമേശ്വര്‍ജിയും ഓ. രാജഗോപാലും മറ്റും നടത്താറുണ്ടായിരുന്ന പത്രസമ്മേളനങ്ങളില്‍, അവര്‍ പറയുന്ന കാര്യങ്ങളൊക്കെ മര്‍മം ഗ്രഹിച്ച് അതു ചോര്‍ന്നുപോകാതെ റിപ്പോര്‍ട്ടെഴുതുന്നതില്‍ സമര്‍ത്ഥനായിരുന്നു അദ്ദേഹം. അക്കാലത്തായിരുന്നു പത്രപ്രവര്‍ത്തന രംഗവുമായി ഞാന്‍ ഏറ്റവും അടുത്തിടപഴകിയത്. അതിനുശേഷം ഒരിരുപത്തഞ്ചുകൊല്ലം അതിന്റെ തന്നെ ഭാഗമായിത്തീര്‍ന്നപ്പോള്‍ ഐസക്കുമായി വളരെ ചുരുങ്ങിയ അവസരങ്ങളിലേ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ദേശീയ വിവരങ്ങള്‍ ജനസംഘം കാര്യാലയം ഫോണ്‍ ചെയ്തറിയിക്കാറ് മനോരമയില്‍നിന്ന് ഐസക് തന്നെയായിരുന്നു. രണ്ടു വിവരങ്ങള്‍ അദ്ദേഹമറിയിച്ചത് ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനവും ദീനദയാല്‍ജിയുടെ ശോഭായാത്രയും അദ്ദേഹത്തിന്റെ അധ്യക്ഷപ്രസംഗവും സമാപന സന്ദേശവുമൊക്കെ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പി നില്ക്കുന്നതിനിടെയായിരുന്നുവല്ലൊ അദ്ദേഹത്തിന്റെ മുഗള്‍ സരായി സ്റ്റേഷനില്‍ നടന്ന കൊലപാതകം. ആ വിവരം മനോരമയില്‍നിന്ന് വിളിച്ചറിയിച്ചത് ഐസക് ആയിരുന്നു. രാവിലെ ഒന്‍പതു കഴിഞ്ഞ സമയം. ആ സന്ദേശം ഉള്‍ക്കൊള്ളാനായില്ല. ടെലിപ്രിന്ററില്‍ വരുന്നതിനനുസരിച്ച് വിശദവിവരങ്ങള്‍ വിളിച്ചു തന്നുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഗുരുജിയുടെ പ്രയാണ വിവരവും അദ്ദേഹം അറിയിച്ചു തന്നു. അതു അപ്രതീക്ഷിതമല്ലാത്തതിനാല്‍ ദീനദയാല്ജിയുടെതുപോലത്തെ ആഘാതമായില്ല. കേള്‍ക്കുന്ന ആളുടെ മനോനില കണക്കാക്കി അതിനനുസൃതമായി വിവരം തന്ന അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ ആ മുഖവും ഓര്‍മയില്‍ തെളിഞ്ഞു.
ജനസംഘത്തിന്റെ പത്രസമ്മേളനത്തില്‍ ആതിഥേയന് പരമേശ്വര്‍ജി ആയാല്‍, അവിടത്തെ വിഷയത്തെപ്പറ്റി ഉള്‍ക്കനമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു വിവരങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചുവന്നു. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും ഐസക് ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ജന്മഭൂമി സായാഹ്ന പതിപ്പായി കോഴിക്കോട്ട് തുടങ്ങിയ കാലത്തു കൊച്ചി കപ്പല്‍ നിര്‍മാണശാലാ വളപ്പില്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന ഒരു സ്ഥാപനം, സംഘസുഹൃത്തായ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. അതിന്റെ ഔപചാരിക ഉദ്ഘാടനത്തിനു മുന്‍പ് പ്രവര്‍ത്തനവും മറ്റും വിശദീകരിക്കാന്‍ കോഴിക്കോട്ടെ പത്രക്കാരുടെ സംഘത്തെ അദ്ദേഹം കൊണ്ടുപോയി. പ്ലാന്റ്സന്ദര്ശനം കഴിഞ്ഞ് അവിടെത്തന്നെ സമൃദ്ധമായ സല്‍ക്കാരവുമുണ്ടായിരുന്നു. അതിന്റെ ‘ലഹരി’യില്‍ പങ്കെടുക്കാതിരുന്നവരായി ഐസക്കും ഈ ലേഖകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെനിക്ക് കൗതുകമുണ്ടാക്കി. താന്‍ മദ്യവിരോധിയല്ലെന്നദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു. പക്ഷേ ഇതുപോലത്തെ സന്ദര്‍ഭങ്ങളില്‍ അതില്‍ പങ്കുചേരുന്നത് സ്വന്തം തൊഴിലിനോടു കാട്ടുന്ന നീതികേടാവുമെന്നായിരുന്നു ഐസക്കിന്റെ അഭിപ്രായം.
ഞാന്‍ പത്രത്തില്‍ മുഴുകിയശേഷമാണ് ഐസക്കുമായുള്ള സമ്പര്ക്കമില്ലാതായതെന്നത് വിചിത്രമായിത്തോന്നിയേക്കാം. ജന്മഭൂമിയുടെ ബാലാരിഷ്ടതകളില്‍പ്പെട്ട് ഇടംവലം തിരിയാന്‍ ഇട കിട്ടാതിരുന്ന കാലമായിരുന്നു അതെന്നേ പറയാനുള്ളൂ. ഞങ്ങള്‍ ഇരുവരും ഏതാണ്ട് ഒരേകാലത്തു സേവന വിമുക്തരായിക്കാണണം. ആ പഴയ സുഹൃത്തിന്റെ ഓര്മ എന്നും തെളിഞ്ഞുതന്നെ നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: