കോവിഡ്-19 ലോകത്ത് ഉണ്ടാക്കിയ മാറ്റത്തെ എങ്ങനെ നിര്‍വചിക്കാം? ലോകമഹായുദ്ധങ്ങള്ക്കുപോലും ലോകത്തുള്ള എല്ലാ ആളുകളുടേയും ജീവിതചര്യകളെ ഏകീകരിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ ഒരേരീതികള്‍ സ്വീകരിക്കുന്ന കാഴ്ചയാണ് 2020 മാര്‍ച്ച് മുതല്‍ നാം കാണുന്നത്.
കോവിഡ്-19ന്റെ സാഹചര്യത്തില്‍ ഇതുവരെയുള്ളമാനവവികസന സൂചികകള്‍ ഒക്കെ അപ്രസക്തമാവുകയാണ്. നാം കണ്ടുപരിചയിച്ച സൂചികകള്‍ ഓരോരാജ്യത്തെയും ജനതയുടെ യഥാര്‍ത്ഥ ജീവിതചിത്രം അനാവൃതമാക്കുന്നുണ്ടോ എന്ന സംശയം ഇന്നു പ്രബലമാണ്. ഈ സാഹചര്യത്തില്‍, ജനസംഖ്യയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും വൈവിധ്യത്തില്‍ ഒന്നാമത്തെയും രാജ്യമായ ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധത്തെകുറിച്ചുള്ള വിശകലനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു.
പ്രതിരോധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ നാം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടുകളില്‍ തന്നെ കഴിയുക എന്നതായിരുന്നു. ഇന്ത്യപോലെ വിശാലവും വൈവിധ്യം നിറഞ്ഞതുമായ ഒരു രാജ്യത്തിന്റെ തയ്യാറെടുപ്പ് അളക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനമായിരുന്നു അത്. പിന്നീടുള്ള ഘട്ടങ്ങളില്‍ കുടിയേറ്റതൊഴിലാളികളെയും വിദേശത്തുള്ള ഇന്ത്യക്കാരെയും അവരുടെ നാടുകളിലേക്ക് എത്തിക്കുന്നത് അടക്കമുള്ള ദൗത്യങ്ങളും നാം ഏറ്റെടുത്തു നടപ്പിലാക്കി. ലോക്ഡൗണ്‍ സമയത്തുതന്നെ അവശ്യസാധനങ്ങളുടെ ലഭ്യതയും വിതരണവും തടസ്സമില്ലാതെ തുടരുക എന്നതും ഒരു വെല്ലുവിളി ആയിരുന്നു. സാധാരണക്കാരന് സഹായം എത്തിക്കുന്നതു മുതല്‍ മഴയുംകാറ്റും ഉള്‍പ്പടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരിടുക എന്നതുവരെ നമ്മുടെ പ്രതിസന്ധികളായി മാറി.
മറ്റു രാജ്യങ്ങളിലെ രോഗവ്യാപന രീതികള്‍ കൂടി മനസ്സിലാക്കിയ ശേഷം ചികിത്സാ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക, സംസ്ഥാനങ്ങളുമായുള്ള നിരന്തരമായ ഏകോപനത്തിലൂടെ ഒരു ഏകീകൃത പ്രോട്ടോക്കോള്‍ ഉണ്ടാക്കുക എന്നിവ നാം ധൃതഗതിയില്‍ നടപ്പിലാക്കി. ആവശ്യം തിരിച്ചറിഞ്ഞ് കൂടുതല്‍ മാസ്കുകളും പിപിഇ കിറ്റുകളും ഉല്പാദിപ്പിക്കാനും വിതരണം ചെയ്യാനും, ത്വരിതമായി രോഗവ്യാപനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും നമുക്കായി.
അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുള്ള രാജ്യങ്ങളേക്കാള്‍ ശക്തമായ ആരോഗ്യ, ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ നമുക്ക് ഉണ്ടെന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകതയും ശക്തിയും. വളരെ അയഞ്ഞ ഫെഡറല്‍ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഏകോപിപ്പിച്ചു എന്നതാണ് ഇതിന്റെ കാരണം.
പ്രമുഖ ലോകരാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ തോത് തുടക്കം മുതല്‍ ഇന്ത്യയില്‍ കുറവായിരുന്നു. രാജ്യത്ത് കോവിഡ്-19 കേസുകള്‍ ഒന്നില്‍നിന്നും നൂറില്‍ എത്താന്‍ 64 ദിവസങ്ങള്‍ വേണ്ടിവന്നപ്പോള്‍ അമേരിക്കയില്‍ 25ഉം ബ്രിട്ടനില്‍ 42ഉം ദിവസങ്ങള്‍ മാത്രമാണ് ഇതിനുവേണ്ടി വന്നത്. ഇന്ത്യയിലെ മരണനിരക്ക് ഏതാണ്ട് 3.2 ശതമാനം ആണ്.
രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ നമ്മെ സഹായിച്ച പ്രധാന തീരുമാനം ലോക്ഡൗണ്‍ തന്നെ ആയിരുന്നു. എന്നാല്‍ അതിനുവേണ്ടി നാം പണയപ്പെടുത്തിയത് സാമ്പത്തിക വളര്‍ച്ചയാണ്. ജനങ്ങളുടെ ആരോഗ്യം, ജീവിതം എന്നിവ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും വളര്‍ച്ചയുമായി തുലനപ്പെടുത്താന്‍ സാധിക്കില്ല എന്നതിനാല്‍ ജനങ്ങളുടെ സുരക്ഷയാണ്പ്രധാനം എന്ന തീരുമാനത്തിലേക്കാണ് രാജ്യം എത്തിയത്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി നേരിട്ടു നടത്തിയപ്പോള്‍, സംസ്ഥാനതലത്തിലുള്ള ആരോഗ്യ വകുപ്പുകളുമായി നേരിട്ട് ദിവസേന ആശയവിനിമയം നടത്തിയത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ്. ലോക്ഡൗണിന്റെ വിവിധഘട്ടങ്ങളും നിയന്ത്രണങ്ങളും അവയിലെ ഇളവുകളുമൊക്കെ ഈ ഏകോപനത്തിലൂടെയാണ് ഉരുത്തിരിഞ്ഞത്.
രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന് നിശ്ചയമായിരുന്ന സാഹചര്യത്തിലും മറ്റുരാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുന്നതിനും നാം ശ്രദ്ധിച്ചു. അമേരിക്കയും ഇറ്റലിയും ബ്രസീലും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും നാം എത്തിച്ചു. നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന വിദേശനയത്തെ മുറുകെപ്പിടിച്ച് അവര്‍ക്കും വേണ്ടസഹായങ്ങള്‍ യഥാസമയം ലഭ്യമാക്കി.
രാജ്യത്തെ ജനങ്ങള്‍ക്കായി ഏകദേശം 21 ലക്ഷം കോടി രൂപയുടെ സുസ്ഥിരവികസന പദ്ധതികളും നാം ആവിഷ്കരിച്ചു. പല ഘട്ടങ്ങളിലായി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍, നേരിട്ടുള്ള സാമ്പത്തിക സഹായങ്ങള്‍, ദീര്‍ഘകാലയളവിലേക്കുള്ള സൗജന്യറേഷന് എന്നിവയ്ക്കുപുറമേ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സാധാരണ ജീവിതത്തിലേക്കുംസാമ്പത്തിക സ്ഥിരതയിലേക്കും തിരികെവരാനുള്ളവായ്പാപദ്ധതികളും ഇളവുകളും കൂടി പ്രഖ്യാപിക്കപ്പെട്ടു.
ഇന്ത്യയിലെ രോഗമുക്തിനിരക്ക് ഇപ്പോള്‍ 38 ശതമാനത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തില്‍ ഒരു ലക്ഷം ആളുകളില്‍ ശരാശരി അറുപതുപേര്‍ക്ക് കോവിഡ്-19 ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇന്ത്യയില്‍ അത് ഏഴ് മാത്രമാണ്. അമേരിക്കയില്‍ ഈ കണക്ക് ലക്ഷത്തില്‍ 431ഉം ബ്രിട്ടനില്‍ 361ഉം ആണെന്നോര്‍ക്കണം. ഇറ്റലി, സ്പെയ്ന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകള്‍ ഇന്ത്യയിലേതിനേക്കാള്‍ വളരെ കൂടുതലാണ്.
ഇപ്പോഴും നാം വിശ്രമിക്കാനുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ല. നിലവില്‍ രാജ്യത്തെ കോവിഡ്-19 കേസുകള്‍ ഇരട്ടിക്കുന്നത് ഏതാണ്ട് രണ്ടാഴ്ചകാലയളവിലാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുവെങ്കിലും അതില്‍ ഏതാണ്ട് 80ശതമാനം മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കാണാം. മരണപ്പെട്ടവരില്‍ പകുതിയിലധികവും 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്. അതില്‍ മിക്കവരും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരുമാണ്.
രോഗത്തിന് മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പുരോഗമിക്കുകയാണ്. ലോക്ഡൗണ്‍ അനിശ്ചിതമായി നീട്ടുന്നതും പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ ഭാവിയിലേക്കുള്ള ഏതു തീരുമാനവും ദുഷ്കരമാണ്. അതീവ രോഗവ്യാപനമുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കടുത്തനിയന്ത്രണം എന്ന രീതിയിലേക്ക് നമ്മുടെ സമീപനം മാറാനുള്ള സാധ്യതകളാണ് കാണുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ലോകത്ത് പ്രതിദിനം ഏതാണ്ട് ഒരുലക്ഷം പുതിയ കേസുകള്‍ വീതംറിപ്പോര്ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രതിദിന മരണനിരക്ക് വലിയ വ്യതിയാനം കൂടാതെ തുടരുകയും ചെയ്യുന്നു. മെയ് പകുതിയോടെ ഇന്ത്യയിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ലോകനിരക്കിന് ആനുപാതികമായി രാജ്യത്തെയും പ്രതിദിന മരണനിരക്ക് വലിയ വ്യതിയാനം കൂടാതെ തുടരുന്നു. ഏപ്രില്‍ മാസത്തിനു ശേഷം രാജ്യത്തെ കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം അഞ്ചിരട്ടിയില്‍ അധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഏകദേശം 39,000 ആയിരുന്ന ടെസ്റ്റുകളുടെ എണ്ണം മെയ് 26 ആകുമ്പോഴേക്കും 31 ലക്ഷം കവിഞ്ഞു. ടെസ്റ്റുകളുടെ എണ്ണത്തില്‍ അമേരിക്കക്കും ഇറ്റലിക്കും പിന്നില്‍ എത്തിനില്‍ക്കുകയാണ് നാം.
പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതുവരെ, രോഗവ്യാപനം നിയന്ത്രിച്ചുകൊണ്ട് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് ഇനി കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ളത്. അതിനുവേണ്ട ഇന്ധനം ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും പിന്തുണയാണ്. കേന്ദ്രസര്‍ക്കാരിനൊപ്പം തന്നെ, രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ആയിരിക്കുമ്പോഴും അതിജീവനത്തിനും പ്രതിരോധത്തിനുമായി കേന്ദ്രസര്‍ക്കാരിനോട് സഹകരിച്ച സംസ്ഥാനങ്ങളും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.
(രാഷ്ട്രീയസംവാദകനും ഗവേഷകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: