പത്തനംതിട്ട: ജില്ലയിൽ ഇന്നലെ അഞ്ചുപേർക്ക് കൂടി കൊറോണവൈറസ്ബാധ സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 11പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.നിലവിൽ 26 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളത്.അതിനിടെ ജില്ലയിലെ ആദ്യ കൊറോണ മരണവും ഇന്നലെ സംഭവിച്ചു.കോട്ടയം മെഡിക്കൽ കോളജിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്ന തിരുവല്ല പെരുംതുരുത്തി സ്വദേശി പി.ടി. ജോഷിയാണ് ഇന്നലെ പുലർച്ചെ മരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ കഴിഞ്ഞ എട്ടിന് സൗദി അറേബ്യയിൽ നിന്നെത്തിയ മലയാലപ്പുഴ വെട്ടൂർ സ്വദേശിയായ 28 കാരിയായ നഴ്സ്, ഇന്നലെ കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഓമല്ലൂർ വാഴമുട്ടം സ്വദേശിയായ 39 കാരൻ എന്നിവർക്കാണ് വിദേശത്തുനിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നഴ്സ് ഗർഭിണിയാണ്. ഇന്നലെ തിരുവനന്തപുരത്തെത്തിയ വാഴമുട്ടം സ്വദേശിയെ രോഗം സ്ഥിരീകരിച്ചതിനേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ പ്രവേശിപ്പിച്ചു.
16നു ചെന്നൈയിൽ നിന്നെത്തിയ മെഡിക്കൽ സ്ക്രൈബായി ജോലി ചെയ്യുന്ന റാന്നി കുടമുരുട്ടി സ്വദേശിനിയായ 21 കാരി, 21ന് പഞ്ചാബിൽ നിന്ന് ഡൽഹി – തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ എത്തിയ പ്രമാടം ഇളപ്പുപാറ സ്വദേശിയായ 30 കാരൻ, 27ന് മഹാരാഷ്ട്ര താനെയിൽ നിന്നെത്തിയ തണ്ണിത്തോട് സ്വദേശിയായ 39 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. രോഗം സ്ഥിരീകരിച്ച നാലുപേരെ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 23 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ 10 പേരും ജനറൽ ആശുപത്രി അടൂരിൽ അഞ്ചു പേരും റാന്നി മേനാംതോട്ടം ആശുപത്രിയിലെ കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തിൽ അഞ്ചു പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിലാകെ 62 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ഇന്നലെ പുതുതായി 12 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ ജില്ലയിൽ 17 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വി്ട്ടിരുന്നു. കഴിഞ്ഞ 12 മുതലുള്ള മൂന്നാംഘടത്തിൽ ഇതുവരെ 27 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരിൽ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരാൾ കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്. 18 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. അഞ്ചുപേർ റാന്നി മേനാംതോട്ടം ആശുപത്രിയിലെ ചികിത്സാ വിഭാഗത്തിലുമാണ്. ജില്ലയിൽ നിന്ന് ഇന്നലെ 123 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 7647 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ 236 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. 408 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
വിവിധ കേസുകളിലെ സമ്പർക്കപ്പട്ടികയിലെ 13 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3445 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 622 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 104 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ എത്തിയ 329 പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിൽ വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 104 കൊറോണ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1090 പേരെ താമസിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: