മുക്കം: ലോക് ഡൗണിന്റെ മറവില്‍ രാത്രിയില്‍ ബ്ലാക്ക്മാന് ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ്(21), പൊയിലില്‍ അജ്മല്‍(18) എന്നിവരാണ് പിടിയിലായത്.
നവമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ടാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക് ഡൗണ്‍ സമയത്ത് രാത്രിയില്‍ പെണ്‍കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികളുടെ നിര്‍ത്തിയിട്ട ബൈക്ക് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
നാടാകെ ബ്ലാക്ക്മാന് ഭീതി പടര്‍ത്തുന്നത് ഇത്തരക്കാരാണെന്നും അതിന്റെ മറവില്‍ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഇത്തരത്തില്‍ ഭീതിയിലാഴ്ത്തുന്നതെന്നും പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ്പ് വീഡിയോ കോണ്‍ഫെറന്‍സിങ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊറോണ ഭീതിമൂലം ലോക് ഡൗണ്‍ ആയതിനാല്‍ സാമൂഹികാകലം പാലിച്ചു നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ പ്രയാസമുള്ളതിനാലാണ് വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി പ്രതികളെ ഹാജരാക്കിയത്.
മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ വി.കെ.റസാഖ്, എഎസ്ഐമാരായ സലീം മുട്ടത്ത്, സാജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, ശ്രീകാന്ത്, സ്വപ്ന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: