ആലപ്പുഴ: കടല്‍ത്തീരം സംരക്ഷിക്കാന്‍ മുന്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ ഇരുളിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വെട്ടിനിരത്തി. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് ആയിരത്തോളം കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിച്ചത്. ലോക്ഡൗണ്‍ നിയമങ്ങളും, എപ്പിഡെമിക് ഡിസീസ് ആക്ടും ഉപയോഗിച്ച് തീരവാസികളെ ആയിരക്കണക്കിന് പോലീസുകാരെ നിയോഗിച്ച് ബന്ദികളാക്കിയാണ് മരങ്ങള്‍ മുറിച്ചത്.
പ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിച്ചിരുന്നത് കാറ്റാടി മരങ്ങളായിരുന്നു. കരിമണല്‍ ഖനനം സുഗമമായി നടത്താനാണ് ഏകപക്ഷീയമായി മരങ്ങള്‍ വെട്ടിനശിപ്പിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. നിലവില്‍ ഇവിടെ നിന്ന് കെഎംഎംഎലിലേക്ക് ലോഡ് കണക്കിന് മണല്‍ കൊണ്ടു പോകുന്നുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ധീവരസഭ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് തീരവാസികള്‍ പ്രക്ഷോഭരംഗത്താണ്. ഹിന്ദുഐക്യവേദിയും ഖനനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് വനം, പരിസ്ഥിതി മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലാണ് തീരം സംരക്ഷിക്കാന്‍ കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. എന്നാല്‍ സിപിഐക്കാരനായ മന്ത്രി കെ. രാജുവിനെ നോക്കുകുത്തിയാക്കിയാണ് മരങ്ങള്‍ വെട്ടിനീക്കിയത്. മണല്‍ ഖനനത്തിനെതിരെ സിപിഐയും പരസ്യപ്രക്ഷോഭത്തുണ്ട്.
മരങ്ങള്‍ വെട്ടിനശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ധീവരസഭ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വൃക്ഷ നശീകരണ ദിനമായി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അറിയിച്ചു. മണല്‍ ഖനനതിതനെതിരെ ധീവരസഭ പ്രക്ഷോഭം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും. മന്ത്രി ജി. സുധാകരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: