തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒന്നിന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചാകും സ്കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. നിര്‍ദേശങ്ങള്‍ വരുന്നതുവരെ അദ്ധ്യാപകരും കുട്ടികളും വിദ്യാലയങ്ങളില്‍ വരേണ്ടതില്ല.
ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ക്യു.ഐ.പി അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോണ്‍ഫറന്‍സിലാണ് തീരുമാനം. വിക്ടേഴ്സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സംപ്രേഷണമുണ്ടാകും.
ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂറും ദൈര്‍ഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക. ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ക്ക് എല്ലാ ജില്ലകളിലും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ അനുവദിക്കും. യോഗത്തില്‍ അദ്ധ്യാപക സംഘടനാ നേതാക്കളായ അബ്ദുല്ല വാവൂര്, വി കെ അജിത്കുമാര്‍, കെ സി ഹരികൃഷ്ണന്, എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: