Categories: Literature

മഹാമന്ത്രം ഉരുക്കഴിച്ച മഹര്‍ഷി

ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍ ഡബ്ലിയു സി റാണ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബാല്‍ ഗംഗാധര്‍ തിലകന്റെ ശിഷ്യന്മാരായ ചാപ്പെക്കര്‍ സഹോദരന്മാരെ തൂക്കിലേറ്റുന്നത് സാവര്‍ക്കര്‍ സഹോദരന്മാരുടെ ബാല്യകാലത്താണ്. ഈ കൊലപാതകങ്ങള്‍ സാവര്‍ക്കര്‍ സഹോദരന്മാരെ ദുഃഖത്തിലാഴ്ത്തി, ചാപ്പെക്കര്‍ സഹോദരന്മാരുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് സാവര്‍ക്കര്‍ സഹോദരന്മാര്‍ കടുംബദേവതയായ അഷ്ടഭുജ ഭവാനിക്ക് മുന്നില്‍ അഗ്‌നിസാക്ഷിയായി സത്യം ചെയ്തു.

Published by

റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്‌ട്രയായിരുന്നു വീര സാവര്‍ക്കറുടെ ജന്മദേശം. സാവരി വൃക്ഷങ്ങള്‍ നിറഞ്ഞ പാല്‍ഷെട് പ്രദേശത്ത് നിന്നുള്ള കുടുംബക്കാര്‍ ആദ്യം’സാവര്‍വാഡിക്കാര്‍’ എന്നത് കുടുംബപേരായി സ്വീകരിച്ചു, കാലത്തിന്റെ കുത്തൊഴുക്കില്‍ അത് ലോപിച്ച് ‘സാവര്‍ക്കര്‍’ എന്നായി മാറി. നാസിക്കിനടുത്ത് ഭാഗൂരില്‍ 1883 മെയ് മാസം 28 ന് ദാമോദര്‍ സവര്‍ക്കറുടെയും രാധാഭായിയുടേയും പുത്രനായി വിനായക് ദാമോദര്‍ സാവര്‍ക്കര്‍ ഭൂജാതനായി. ദാമോദര്‍ സാവര്‍ക്കര്‍ക്ക് നാല് മക്കളായിരുന്നു, മൂത്തവന്‍ ഗണേഷ് ദാമോദര്‍ സാവര്‍ക്കര്‍, രണ്ടാമന്‍ വിനായക്ക് ദാമോദര്‍ സാവര്‍ക്കര്‍ പിന്നെ ഒരു പെങ്ങള്‍ മൈന സാവര്‍ക്കര്‍, ഏറ്റവും ഇളയവന്‍ നാരായണ് സാവര്‍ക്കര്‍. സാവര്‍ക്കര്‍ സഹോദരന്മാര്‍ മൂവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.  

ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍ ഡബ്ലിയു സി റാണ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബാല്‍ ഗംഗാധര്‍ തിലകന്റെ ശിഷ്യന്മാരായ ചാപ്പെക്കര്‍ സഹോദരന്മാരെ തൂക്കിലേറ്റുന്നത് സാവര്‍ക്കര്‍ സഹോദരന്മാരുടെ ബാല്യകാലത്താണ്. ഈ കൊലപാതകങ്ങള്‍ സാവര്‍ക്കര്‍ സഹോദരന്മാരെ ദുഃഖത്തിലാഴ്‌ത്തി, ചാപ്പെക്കര്‍ സഹോദരന്മാരുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് സാവര്‍ക്കര്‍ സഹോദരന്മാര്‍ കടുംബദേവതയായ അഷ്ടഭുജ ഭവാനിക്ക് മുന്നില്‍ അഗ്‌നിസാക്ഷിയായി സത്യം ചെയ്തു. ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അഭിനവ് ഭാരത്, മിത്രമേള, വാനരസേന എന്നീ വിപ്ലവപ്രസ്ഥാനങ്ങള്‍ അവര്‍ ആരംഭിക്കുകയുണ്ടായി. കൗമാരത്തില്‍ തന്നെ സാവര്‍ക്കര്‍ അസാമാന്യ വാക്പ്രഭുത്വത്താല്‍ അനുഗ്രഹീതനായിരുന്നു. ഛത്രപതി ശിവാജി, താനാജി മാല്‍സുരേ, ബാജി പ്രഭു, ബാജി ബല്ലാഡ് എന്നിവരുടെയെല്ലാം വീര ചരിതങ്ങള്‍ അദ്ദേഹം നാടന്‍ പാട്ടുകളായി എഴുതി തുടങ്ങി. മാമൂല്‍ വിരോധിയായിരുന്ന വിനായക് 1904 ല്‍ വിവിധഗ്യാന്‍ വിസ്താര്‍ എന്ന മാസികയില്‍, വിധവകളുടെ വിഷമതകളെ ഉയര്‍ത്തിക്കാട്ടി, ‘വിധവാന്ച്ചി ദുകെ’ എന്നൊരു ലേഖനമെഴുതി.  ലോകമാന്യതിലകന്റെ അനുഗ്രഹത്തോട് കൂടി ഫര്‍ഗുസന്‍ കോളജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് വാങ്ങി ഉപരിപഠനത്തിനായി വിനായക് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. അന്ന് ലോകമാന്യതിലകന്‍ തന്റെ സുഹൃത്തായ ശ്യാംജി കൃഷ്ണവര്‍മ്മക്ക് വിനായക് സാവര്‍ക്കര്‍ എന്ന തന്റെ പ്രിയ ശിഷ്യന്‍ ലണ്ടനിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത കൊടുക്കണമെന്നും ഒരു കത്തെഴുതി.

ഇന്‍ഡ്യാ ഹൗസ് വിപ്ലവകാരികളുടെ പറുദീസയായിരുന്നു. മാഡം ഭിക്കായി ജി കാമ, വീരേന്ദ്രനാഥ് ചാറ്റര്‍ജി, വി വി എസ് അയ്യര്‍, ലാല ഹര്‍ദയാല്‍, മദന്‍ലാല്‍ ധീംഗ്ര എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. ലണ്ടനില്‍ എത്തിയ സാവര്‍ക്കര്‍ ആ സമയത്തു തന്നെ സമകാലീനമായി വിപ്ലവം നടന്നിരുന്ന രാജ്യങ്ങളായ റഷ്യ, ചൈന, അയര്‍ലന്‍ഡ്, തുര്‍ക്കി, ഈജിപ്ത്, ഇറാന്‍ എന്നീ പ്രവിശ്യകളിലെ വിദ്യാര്‍ഥികളുമായി സഹവാസത്തിലേര്‍പ്പെട്ടു. പില്‍ക്കാലത്ത് പ്രസിദ്ധ എഴുത്തുകാരനായി മാറിയ ഐറിഷ് വിപ്ലവകാരി ഡേവിഡ് ഗാര്‍നെത് തന്റെ ഗോള്‍ഡന്‍ എക്കോ എന്ന ആത്മകഥയില്‍ ഇന്ത്യാ ഹൗസിലെ സവര്‍ക്കറെ പറ്റി പറയുന്നുണ്ട്. ഇത്തരത്തിലുള്ള പല വിപ്ലവകാരികളില്‍ നിന്നായി സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണം പഠിച്ച അദ്ദേഹം ‘Art Of Bomb Making’ എന്ന പുസ്തകം തീവ്ര ദേശീയ സ്വഭാവമുള്ള യുവാക്കള്‍ക്കായി എഴുതുകയുണ്ടായി.

പാണ്ഡുരംഗ് മഹാദേവ ബപ്പത്ത് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് സാവര്‍ക്കര്‍ എഴുതിയ പുസ്തകം ആദ്യമായി തീവ്രദേശീയ സ്വഭാവമുള്ള യുവാക്കള്‍ക്ക് കൈമാറ്റം ചെയ്തിരുന്നത്. സേനാപതി എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹം പിന്നീട് ഭാരതത്തിലേക്ക് വന്നു, ബ്രിട്ടിഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ അലിപ്പൂര്‍ ബോംബ് സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഇദ്ദേഹമായിരുന്നു.

സ്റ്റുവര്‍ട്ട് ഗെറ്റില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യല്‍ സമ്മിറ്റിലേക്ക് വിപ്ലവവനിതയായിരുന്ന മാഡം ഭിഖായി ജി കാമയേയും വീരേന്ദ്ര ചറ്റര്‍ജിയെയും അയക്കാന്‍ ഇന്ത്യാ ഹൗസ് തീരുമാനിച്ചു. സവര്‍ക്കറും മാഡം കാമയും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത ത്രിവര്‍ണ്ണ പതാക സ്റ്റുവര്‍ട്ട് ഗട്ടിലെ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്ന് സല്യൂട്ട് അടിച്ചതില്‍ റാമസേ മക്ക്‌ഡൊണാള്‍ഡും റോസലക്‌സന്‍ബര്‍ഗും, ലെനിനും ഉണ്ടായിരുന്നു.

ശ്യാംജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യാ ഹൗസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു, ഹെറാള്‍ഡ് ഓഫ് റിവോട്ട് പത്രത്തിന്റെ എഡിറ്ററും പ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഗെയ് അല്‍ഡ്രഡ്. ഒരിക്കല്‍ അദ്ദേഹത്തോടോപ്പം ഒരു റഷ്യന്‍ വിപ്ലവകാരി ഇന്‍ഡ്യാ ഹൗസിലെത്തി. സവര്‍ക്കറുമായും മറ്റ് വിപ്ലവകാരികളുമായും ഏറെ നേരം സംസാരിച്ചു. സവര്‍ക്കര്‍ അദ്ദേഹത്തോട് റഷ്യയിലെ സവിശേഷ രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി, സൗഹൃദപരമായ കൂടിക്കാഴ്ചക്ക് ശേഷം അവര്‍ പിരിഞ്ഞു.  പില്‍ക്കാലത്ത് റഷ്യയുടെ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് വ്‌ലാഡിമര്‍ ലെനിനായിരുന്നു അത്.

1909 ല്‍ അഭിനവ് ഭാരത് പ്രവര്‍ത്തകനും സവര്‍ക്കറുടെ സുഹൃത്തുമായിരുന്ന മദന്‍ലാല്‍ ദീന്‍ഗ്ര ലണ്ടനില്‍ വെച്ച് കെഴ്‌സന്‍ വാലി എന്ന ബ്രിട്ടീഷ്‌കാരനെ വധിച്ചു. മദന്‍ലാല്‍ദിന്‍ഗ്ര വളരെ പ്രസിദ്ധമായ ഒരു സമ്പന്ന കുടുംബാംഗമായിരുന്നു. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ മദന്‍ലാലിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കാനായി കെഴ്‌സന്‍ വാലിക്ക് അനുസ്മരണം സംഘടപ്പിച്ചു. അതില്‍ മദന്‍ലാലിന്റെ സ്വന്തം സഹോദരനുമുണ്ടായിരുന്നു.

അവര്‍ ‘ഐക്യകണ്ഠമായി ഈ യോഗം മദന്‍ലാലിനെ തള്ളി പറയുന്നു’ എന്ന പ്രസ്താവന നടത്തി. എന്നാല്‍ സഭയുടെ ഒരു തലക്കല്‍ നിന്നൊരു ഇടിനാദമുയര്‍ന്നു,

‘അതൊരിക്കലും ഐക്യകണ്ഠമാവില്ല,മദന്‍ ലാല്‍ ഭാരതത്തിനായാണ് ജീവന്‍ നല്‍കിയത്’

‘ആരാണത് ?’ സംഘാടകര്‍ ഒന്നടങ്കം ചോദിച്ചു.  

‘ഞാന്‍ വിനായക് ദാമോദര്‍ സാവര്‍ക്കര്‍’  

ആ പേര് കേട്ട മാത്രയില്‍ പലരും യോഗം ബഹിഷ്‌കരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. സാവര്‍ക്കര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു കൊണ്ട് സര്‍ക്കാരിന്റെ കോപം ഏറ്റുവാങ്ങാതിരിക്കാന്‍. ചിലരാവട്ടെ, അദ്ദേഹത്തെ കായികമായി ആക്രമിക്കാന്‍ മുന്‍പോട്ട് വന്നു.  എന്നാല്‍ വി വി എസ് അയ്യര്‍ അരയില്‍ നിന്നും റിവോള്‍വര്‍ എടുത്തു അവര്‍ക്ക് നേരെ ചൂണ്ടി. ഈ സംഭവങ്ങളെ തുടര്‍ന്ന് സാവര്‍ക്കര്‍ ബ്രിട്ടീഷ് പോലീസിന്റെ നോട്ടപുള്ളിയായി മാറി. ആ കാലത്ത് വീര സാവര്‍ക്കര്‍ സഹോദരന്‍ ഗണേഷ് സാവര്‍ക്കറുടെ ഉടമസ്ഥതയിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ വിലാസത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും കൈ തോക്കുകള്‍ അയച്ചിരുന്നു. കട്ടിയുള്ള പുസ്തകങ്ങളുടെ ഉള്‍ഭാഗം തുരന്ന് തോക്ക് വെച്ചാണ് അയച്ചിരുന്നത്. എന്നാല്‍ അഭിനവ് ഭാരത് പ്രവര്‍ത്തകന്‍ അനന്ത ലക്ഷമണ് കന്നാരെ, എ എം റ്റി ജാക്‌സന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ എല്ലാം പുറത്തായി. ഗണേഷ് സാവര്‍ക്കറെ അറസ്റ്റ് ചെയ്ത് കാലാപാനിയിലേക്കയച്ചു. ഗൂഡാലോചന കുറ്റം ചുമത്തി വീര സാവര്‍ക്കറെ ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് കപ്പലില്‍ അറസ്റ്റ് ചെയ്ത് ആന്‍ഡമാനിലേക്ക് കൊണ്ടുപോയിരുന്ന വഴിയില്‍ സാവര്‍ക്കര്‍ കടലിലേക്ക് എടുത്തു ചാടി ഫ്രഞ്ച് കോളനി ആയിരുന്ന മെര്‍ച്ചെല്ലയില്‍ നീന്തിക്കയറി. അവിടെ നിന്നു അദ്ദേഹത്തെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആദ്യം ഫ്രഞ്ച് കോടതിയിലും അവിടെ നിന്ന് ഹേഗിലെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷനിലും സാവര്‍ക്കറെ ഹാജരാക്കുകയുണ്ടായി. ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ലോക കോടതിയില്‍ ഹാജരാക്കപ്പെട്ട ഭാരത പൗരന്‍ വീരസാവര്‍ക്കറായിരുന്നു.  

അന്ന് സാവര്‍ക്കര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ വക്കീല്‍ ജീന്‍ ലിയോരന്റ് ഫ്രഡറിക് ലോങ്ക്റ്റ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കാറള്‍ മാക്‌സിന്റെ കൊച്ചുമകനായിരുന്നു. മാത്രമല്ല ഫ്രാന്‍സിലെ ഏറ്റവും ഉന്നതനായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. അദ്ദേഹത്തിന്റെ ലെ ഹ്യൂമണിറ്റെ, ലെ പോപ്പുലറെ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ദിനപത്രങ്ങളില്‍ സാവര്‍ക്കര്‍ക്ക് നേരെ നടന്ന മനുഷ്യത്വഹീനമായ വേട്ടയെ കുറിച്ചു അദ്ദേഹം വളരെ ഭംഗിയായി എഴുതി. അന്താരാഷ്‌ട്ര വിപ്ലവ മാധ്യമങ്ങള്‍ സവര്‍ക്കര്‍ക്കായി തൂലികയെടുത്തു. ഹെറാള്‍ഡ് ഓഫ് റിവോള്‍ട്ടിലൂടെ ഗെയ് അല്‍ഡ്രഡും ഇന്ത്യന്‍ സോഷ്യോളജസ്റ്റിലൂടെ ഇന്‍ഡ്യാ ഹൗസിലെ വിപ്ലവകാരികളും സവര്‍ക്കര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തു.  

ലോകരാഷ്‌ട്രീയത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വാധീനത്തെ തുടര്‍ന്ന് 50 വര്‍ഷത്തെ കഠിന തടവിന് വീര്‍ സാവര്‍ക്കര്‍ക്ക് ശിക്ഷ ലഭിച്ചു. സാവര്‍ക്കറുടെ നേരെ ഉണ്ടായ ഈ വിധിയില്‍ റഷ്യയിലെ കമ്മ്യൂണിസ്റ്റുകാരും ഫ്രാന്‍സിലെ കമ്മ്യൂണിസ്റ്റുകാരും പ്രതിഷേധിക്കുകയുണ്ടായി. ഡോക്ടര്‍ കുട്ടീഞ്യോ എന്ന ഗോവന്‍ ആംഗ്ലോ ഇന്ത്യന്‍ വഴി സാവര്‍ക്കറുടെ ‘1857ലെ സ്വാതന്ത്ര്യ സമരത്തിന്റെ’ ഒരു കയ്യെഴുത്ത് പതിപ്പ് റഷ്യയിലേക്ക് കടത്തുകയുണ്ടായി. അവിടെ വെച്ചു കമ്മ്യൂണിസ്റ്റ് നോവലിസ്റ്റ് ആയിരുന്ന മാക്‌സിം ഗോര്‍ക്കി ഈ പുസ്തകം വായിക്കുകയും, സാവര്‍ക്കറെ പ്രകീര്‍ത്തിച്ചു കൊണ്ടെഴുതുകയും ചെയ്തു.  

ആന്‍ഡമാന്‍ നിക്കോബാറിലെ റോസാ ഐലാന്‍ഡില്‍ ആയിരുന്നു കുപ്രസിദ്ധമായ സെല്ലുലാര്‍ ജയില്‍ സ്ഥിതി ചെയ്തിരുന്നത്.  കടലിന് നടുവിലെ ഈ നരകത്തിന്റെ കാവല്‍ക്കാരന്‍ ബാരി എന്ന ഐറിഷ് ഉദ്യോഗസ്ഥനായിരുന്നു. അയാള്‍ക്ക് മിര്‍സാ ഖാന്‍ എന്നൊരു പ്രധാന സഹായിയുമുണ്ടായിരുന്നു. ജയിലില്‍ വരുന്നവരോട് ബാരി പറയുമായിരുന്നു, ‘സെല്ലുലാര്‍ ജയിലാണ് ഇനി നിങ്ങളുടെ ലോകം, ഞാന്‍ ഇവിടുത്തെ ദൈവവുമെന്ന്’, അവിടേക്കാണ് ഇരട്ടജീവപര്യന്തമെന്ന ശിക്ഷാഫലകം ഇരുമ്പ് തകിടില്‍ കഴുത്തില്‍ കെട്ടി തൂക്കി കുറ്റവാളി നമ്പര്‍ 32778 വിനായക് ദാമോദര്‍ സാവര്‍ക്കര്‍ വരുന്നത്. അപകടകാരികളായ കുറ്റവാളികള്‍ക്ക് നല്‍കുന്ന D (Dangerous) പട്ടികയിലായിരുന്നു സാവര്‍ക്കറെ ഉള്‍പ്പെടുത്തിയിരുന്നത്. സാധാരണ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതകളായിരുന്നു അവിടെ വിപ്ലവകാരികള്‍ക്ക് നേരിടേണ്ടി വന്നത്. ആര്‍ക്കും ശരിയായ ഭക്ഷണം ലഭിച്ചിരുന്നില്ല. ഉറങ്ങാതിരിക്കാന്‍ പലരെയും കൈയ്യുകള്‍ രണ്ടും ചുമരില്‍ കെട്ടി നിര്‍ത്തിയിരുന്നു. ബാബു പ്രിത്വിസിംഹ് ആസാദ്, സച്ചിന്ദ്രനാഥ് സന്യാല്‍ (ഭഗത് സിംഗിന്റെ ഗുരു ), ഉല്ലാസ്‌ക്കര്‍ ദത്ത്, ഹോട്ടിലാല്‍ വര്‍മ്മ, ഭായി പരമാനന്ദ്, ഇന്ദുഭൂഷന്‍ റോയ് എന്നിവരൊക്കെയായിരുന്നു കാലാപാനിയിലെ പ്രസിദ്ധരായ തടവുകാര്‍. വീര സാവര്‍ക്കറുടെ ജ്യേഷ്ഠന്‍ ഗണേഷ് സാവര്‍ക്കറും സെല്ലുലാര്‍ ജയിലില്‍ തടവ്പുള്ളിയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് വിനായക് സാവര്‍ക്കര്‍ക്ക് സഹോദരനെ കാണാന്‍ അവസരം ലഭിച്ചിരുന്നത്. പലര്‍ക്കും ക്രൂര പീഡനങ്ങള്‍ മൂലം സമനില തെറ്റിയിരുന്നു. ചിലര്‍ വിഷാദരോഗം മൂര്‍ച്ഛിച്ച് ആത്മഹത്യ ചെയ്തു. ചിലര്‍ക്ക് പകര്‍ച്ചവ്യാധികള്‍ വന്നു മരണപ്പെട്ടു. കുറെപേര്‍ മുഴുഭ്രാന്തന്മാരായി മാറി. അതിനൊരു ഉദാഹരണമായിരുന്നു ഉല്ലാസ്‌ക്കര്‍ ദത്ത്. രോഗം മൂര്‍ച്ഛിച്ച് ഭ്രാന്തനായി അദ്ദേഹം ജയിലില്‍ അലഞ്ഞു തിരിഞ്ഞു. എന്നാല്‍ അയാള്‍ ഭ്രാന്ത് അഭിനയിക്കുകയായിരുന്നു എന്നാണ് ബാരി പറഞ്ഞിരുന്നത്. വിപ്ലവകാരിയായ ഇന്ദുഭൂഷന്‍ റോയ് വിഷാദരോഗം മൂര്‍ച്ഛിച്ച് ആത്മഹത്യ ചെയ്തു. പതിനെട്ട് വയസ്സ് തികയാത്ത ഒരു കൗമാരക്കാരന്‍ പയ്യനുണ്ടായിരുന്നു. നാനി ഗോപാല്‍. അയാള്‍ സമനില തെറ്റി ഉടുവസ്ത്രം ഉരിഞ്ഞു കൊണ്ട് നഗ്‌നനായാണ് പലപ്പോഴും നടന്നിരുന്നത്.  

ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രാരംഭകാലത്ത് മദ്രാസ് തീരത്തെ ജര്‍മനിയുടെ എസ് എം എസ് എംഡന്‍ മുങ്ങിക്കപ്പല്‍ ആക്രമിച്ചു. ഉടനെ തന്നെ കാലാപാനിയിലെ വിപ്ലവകാരികളെ മോചിപ്പിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എംഡന്‍ ഉയരും എന്ന കിംവദന്തികള്‍ ദ്വീപില്‍ പരന്നു. ഗദ്ദാര്‍ പാര്‍ട്ടിക്കാര്‍ സാവര്‍ക്കറുടെ മോചനത്തിനായി യുദ്ധകാലത്ത് സെല്ലുലാര്‍ ജയില്‍ അക്രമിക്കുമോ എന്ന ഭയം 1918 ജനുവരി 9 ന് ദ്വീപിലെ ഉദ്യോഗസ്ഥര്‍ ബ്രിട്ടനയച്ച സന്ദേശങ്ങളില്‍ പ്രകടമാവുന്നുണ്ട്.  പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് യുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ചുവെങ്കിലും ഒരുവിധം തടവുകാരെയെല്ലാം മോചിപ്പിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരായി. എന്നാല്‍ സാവര്‍ക്കര്‍ സഹോദരന്മാരെ മോചിപ്പിക്കാന്‍ സാധ്യമല്ല എന്ന് ബ്രിട്ടന്‍ പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ജ്യേഷ്ഠന്‍ വിട്ടല്‍ ഭായ് പട്ടേലും മഹാത്മാ ഗാന്ധിജിയും ഇരുവരുടെയും മോചനത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഗാന്ധിജി 1920 മെയ് 20 ന് യംഗ് ഇന്‍ഡ്യയില്‍ സാവര്‍ക്കര്‍ സഹോദരന്മാരുടെ മോചനത്തിനായി ലേഖനമെഴുത്തി. ഒടുവില്‍ 1921 ല്‍ വീര സാവര്‍ക്കറെ കാലാപാനിയില്‍ നിന്നും രത്‌നഗിരി ജയിലിലേക്ക് മാറ്റി.  

ഈ കാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഭാവിയില്‍ വരാന്‍ പോവുന്ന വിപത്ത് വീര സാവര്‍ക്കര്‍ മുന്‍കൂട്ടി കണ്ടു. അത് കോണ്‌ഗ്രെസ്സിന്റെ പ്രീണന രാഷ്‌ട്രീയമായിരുന്നു. ഖിലാഫത്തിനെ അംഗീകരിക്കാന്‍ സാവര്‍ക്കര്‍ക്ക് സാധിച്ചില്ല.  ജാലിയന്‍വാലബാഗില്‍ ആയിരകണക്കിന് ഭാരതീയര്‍ ജീവന്‍ ബലിയര്‍പ്പിച്ചപ്പോള്‍ ഇല്ലാതിരുന്ന പ്രതിഷേധം, തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ ഭാരതത്തില്‍ ഉടനീളമുണ്ടായെങ്കില്‍ അതിന് കാരണം മതവികാരമാണ് എന്നും അതിലേക്ക് എണ്ണയൊഴിക്കുന്നത് നാളെ ഈ രാഷ്‌ട്രത്തിന് അപകടമായി മാറുമെന്നും സാവര്‍ക്കര്‍ പ്രവചിച്ചു. 1924 ല്‍ സവര്‍ക്കറെ ജയിലില്‍ നിന്നും വീട്ടു തടങ്കിലേക്ക് മാറ്റി. രത്‌നഗിരി താലൂക്ക് വിട്ടുപോവാന്‍ പാടില്ല എന്ന കരാര്‍ പ്രകാരമായിരുന്നു ഇത്. വെറും മുപ്പത് ലക്ഷം വെള്ളക്കാരന്‍ എങ്ങനെ മുപ്പത് കോടി ഭാരതീയരെ ഭരിക്കുന്നു എന്ന ചോദ്യം സാവര്‍ക്കറെ വേട്ടയാടി. ഒടുവില്‍ അതിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തി. ഭാരതീയന്‍ ചരിത്രത്തിന്റെ അടിമയാണ്. ഇത് മാറിയാല്‍ മാത്രമേ ഭാരതത്തിന് ദേശീയ ജീവിതം സാധ്യമാകൂ. സാവര്‍ക്കര്‍ തന്റെ സമാജിക ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങി.  

ജാതീയമായ വേര്‍തിരിവില്‍ ആണ്ടുകിടന്നിരുന്ന സമാജത്തെ ഉണര്‍ത്താന്‍ തുടങ്ങി.  ഭൂതകാലത്തെ കുറിച്ചഭിമാനമുള്ള രാജ്യത്തിനേ ഭാവിയുള്ളു എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അന്ന് ഹിന്ദു സമാജത്തില്‍ നിലനിന്നിരുന്ന ഏഴ് അയിത്തങ്ങളായിരുന്നു വേദോക്തബന്ദി (വേദം പഠിക്കാന്‍ വിലക്ക്),വ്യാവസായ ബന്ദി (കുലത്തൊഴില്‍ ഒഴിച്ചുള്ള മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ ഉള്ള വിലക്ക്), സ്പര്‍ശ ബന്ദി (അസ്പൃശ്യത), സമുദ്ര ബന്ദി (സമുദ്രം തരണം ചെയ്യാന്‍ ഉള്ള വിലക്ക്), ശുദ്ധി ബന്ദി (സനാതന ധര്‍മ്മത്തിലേക്കുള്ള പരാവര്‍ത്തനം), റൊട്ടി ബന്ദി (ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്ക്), ബേട്ടി ബന്ദി (അന്യജാതിക്കാര്‍ ആയിട്ടുള്ള വിവാഹം), ഇത്തരത്തിലുള്ള ഏഴ് അയിത്തങ്ങളും ശുദ്ധ അസംബന്ധമാണ് എന്ന് പറഞ്ഞു കൊണ്ട് അവ നിരോധിക്കാന്‍ അദ്ദേഹം ഹിന്ദു സമാജത്തോട് ആഹ്വാനം ചെയ്തു. 1937 ല്‍ കോണ്‍ഗ്രസ് പ്രവിശ്യ ഭരണകൂടങ്ങള്‍ രൂപീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും തടവില്‍ നിന്നും മോചിതനായി.  

ശേഷം പൂനെയിലേക്ക് വന്ന വീര സാവര്‍ക്കര്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.  ജാതിമതരാഷ്‌ട്രീയഭേദമെന്യേ വലിയ പൗരാവലി അദ്ദേഹത്തെ സ്വീകരിച്ചു. സ്വരാജ് പാര്‍ട്ടിയുടെ ജംനാദാസ് മേഹത, സേനാപതി ബപ്പത്ത്, നഗരത്തിന്റെ മേയറും കോണ്‌ഗ്രെസ് നേതാവുമായിരുന്ന ഖുര്‍ഷിദ് എഫ് നരിമാന്‍, മാര്‍ക്‌സിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവ് ലാല്‍ജി പന്‍ഡ്‌സെ, കമ്മ്യൂണിസ്റ്റ് നേതാവ് എം എന്‍ റോയി, മിസിസ് റോയി തുടങ്ങിയവര്‍ സാവര്‍ക്കറെ സ്വീകരിച്ചു. കോണ്‌ഗ്രെസ് നേതാക്കളായ എസ് എം ജോഷിയും അച്യുത് പട്വര്‍ദ്ധനും അദ്ദേഹത്തെ കോണ്‌ഗ്രെസിലേക്ക് ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം സമാജോദ്ധാരണത്തിനായി അഖില ഭാരത ഹിന്ദു മഹാസഭയില്‍ ചേര്‍ന്നു. യൗവനകാലത്തെ അമിതമായ ജയില്‍വാസവും അതേത്തുടര്‍ന്നുണ്ടായ രോഗപീഡകളും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ട് സമാജത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.  

അവര്‍ണ്ണര്‍ എന്നു മുദ്രകുത്തി സമാജം മാറ്റിനിര്‍ത്തിയവര്‍ക്കായുള്ള ക്ഷേത്ര പ്രവേശനത്തിനായി അദ്ദേഹം സംഘര്‍ഷം നടത്തി. തന്റെ ഗ്രാമത്തിലെ വിട്ടല്‍ ക്ഷേത്രത്തിലായിരുന്നു ആദ്യമായി അദ്ദേഹം അവര്‍ണ്ണ പ്രവേശനത്തിനായി സമരം നടത്തിയത്.  

പില്‍ക്കാലത്ത് അവര്‍ണ്ണര്‍ക്ക് പൂണൂലും ബ്രാഹ്മണ്യവും നല്‍കിക്കൊണ്ട് അവര്‍ക്കും പൂജാധികാരമുണ്ടെന്ന് അദ്ദേഹം സമൂഹത്തോട് വിളിച്ചുപറഞ്ഞു. നിലവിലെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരായി സ്വീകരിക്കാന്‍ മടി കാണിച്ചപ്പോള്‍ അദ്ദേഹം അവര്‍ക്ക് പൂജിക്കാനായി പതിതപാവന മന്ദിര്‍ എന്ന പുതിയ ക്ഷേത്രം നിര്‍മ്മിച്ചു നല്‍കി.  

‘ഞാന്‍ ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഹിന്ദുവായി മരിക്കുകയില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഹിന്ദുമതത്തില്‍ നിന്ന് അന്യ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമൂഹത്തോട് ഉദ്‌ഘോഷിച്ച ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനോട്, ഭാരതത്തില്‍ ഉല്‍ഭവിച്ച ഏതെങ്കിലും ധര്‍മ്മത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അപേക്ഷിച്ചത് ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോക്ടര്‍ ബി ആര്‍ ശിവറാം മൂഞ്ചെ വഴി സവര്‍ക്കറായിരുന്നു.  

ഡോക്ടര്‍ മൂഞ്ചെ, ഡോക്ടര്‍ അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ രാജഗിര്‍ എന്ന വസതിയില്‍ ചെന്ന് കണ്ട് ഈ അഭിപ്രായം അദ്ദേഹത്തിനു മുന്നില്‍ വച്ചു. 20 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ബൗദ്ധധര്‍മ്മം സ്വീകരിക്കാന്‍ കാരണമായത് 1938 ലെ സവര്‍ക്കറുടെ അപേക്ഷയായിരുന്നു. അതിനര്‍ത്ഥം അദ്ദേഹം രാഷ്‌ട്രീയത്തില്‍ നിന്നും പിന്‍വലിഞ്ഞുവെന്നായിരുന്നില്ല. ഭാരതീയര്‍ക്ക് ആയുധം കൈവശം വയ്‌ക്കാന്‍ നിരോധനം കൊണ്ടുവന്ന ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ യുവാക്കള്‍ നടത്തിയ സമരത്തിലെ മുഖ്യപ്രഭാഷകന്‍ സവര്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ ശസ്ത്ര ഗീതമെന്ന കവിത പിറവിയെടുത്തത് ആ വേദിയില്‍ വച്ചായിരുന്നു.  

പിന്നീട് സവര്‍ക്കര്‍, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്, അയിത്തനിര്‍മൂലനത്തെ പറ്റിയും, സ്വരാജ്യത്തെ പറ്റിയും പ്രസംഗിച്ചു കൊണ്ടേയിരുന്നു. ഈ കാലഘട്ടങ്ങളില്‍ ദക്ഷിണഭാരതത്തിലെ തിരുനല്‍വേലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സര്‍ക്കാരിനെതിരെയാണെന്ന് കാണിച്ചു കൊണ്ട് സര്‍ക്കാര്‍, പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഇതുകേട്ട് ഭയന്ന് അടുത്ത യോഗം തീരുമാനിച്ചിരുന്ന മധുരയിലെ സംഘാടകര്‍ പരിപാടി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. അന്ന് പൊതുയോഗത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വീരസവര്‍ക്കറെ മധുരയില്‍ കൊണ്ടുവന്നത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വലംകയ്യായി അറിയപ്പെട്ടിരുന്ന മുത്തുരാമലിംഗ തേവര്‍ ആയിരുന്നു. വേദിയില്‍ വച്ച് തേവരെ സവര്‍ക്കര്‍ വിശേഷിപ്പിച്ചത് ‘തെന്‍നാട്ട് തിലകന്‍’ എന്നാണ്. ഈ കാലയളവില്‍ എന്‍എസ്എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ക്ഷണപ്രകാരം അദ്ദേഹം ചങ്ങനാശേരി എന്‍എസ്എസ് കോളേജ് യോഗത്തില്‍ സംബന്ധിച്ചിരുന്നു.  

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രാരംഭകാലത്ത് രാജ്യം വിടുന്നതിനു മുന്‍പ് നേതാജി സുഭാഷ് ചന്ദ്രബോസ് അവസാനമായി കണ്ട പ്രമുഖ നേതാവ് സവര്‍ക്കറായിരുന്നു. മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷുകാരെ ആക്രമിക്കണമെന്ന് നേതാജിയോട് സര്‍ക്കാര്‍ പറഞ്ഞിരുന്നു . ഇതിന്‍പ്രകാരം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനായിരുന്ന തന്റെ പഴയ ശിഷ്യന്‍ റാഷ് ബിഹാരി ബോസിനോട് ഐഎന്‍എയുടെ നേതൃത്വം നേതാജിക്ക് ഏല്‍പ്പിക്കുവാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലുള്ളവര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരണമെന്നായിരുന്നു സവര്‍ക്കറുടെ അഭിപ്രായം. ഒരിക്കല്‍ നമ്മള്‍ക്ക് ആയുധം നിഷേധിച്ച ബ്രിട്ടീഷ് ഇന്നവ നല്‍കുവാന്‍ തയ്യാറായിരിക്കുന്നു. ആയുധം കയ്യില്‍ ലഭിക്കുന്ന പക്ഷം അത് ആര്‍ക്കെതിരെ ഉപയോഗിക്കണമെന്ന് നമ്മുടെ യുവാക്കള്‍ തീരുമാനിക്കുമെന്നും അദ്ദേഹം രഹസ്യ യോഗങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു.

രണ്ടാം ലോകയുദ്ധത്തിന് അവസാനം അദ്ദേഹം പ്രവചിച്ചിരുന്ന പോലെ പാളയത്തില്‍ പട ഉയര്‍ന്നുവന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ഏല്‍പ്പിച്ച കനത്ത പ്രഹരവും, നാവിക കലാപവും, ഐ എന്‍ എല്‍ എ ട്രയലും ഭാരതം വിടാന്‍ ബ്രിട്ടനെ നിര്‍ബന്ധിതരാക്കി. സവര്‍ക്കറുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഇന്നലെവരെ ഏതൊരു ഭാരതീയന്റെയും ഭാഗധേയം നിശ്ചയിച്ചിരുന്ന ബ്രിട്ടീഷുകാരനെ സിംഹാസനത്തില്‍ നിന്നും നിഷ്‌കാസിതനാക്കി ചെങ്കോല്‍ സഹിതം അവനെ അവന്‍ വന്ന അറബിക്കടലിലേക്ക് പുറംതള്ളി’.  

ഹിന്ദുമഹാസഭയിലെ ചില മതമൗലികവാദികള്‍ വിഭജനത്തിനെ തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് പറഞ്ഞ് ബഹളംവച്ചപ്പോള്‍, അവരെ എതിര്‍ത്തുകൊണ്ട് സവര്‍ക്കര്‍ സ്വന്തം ഗൃഹത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും, സര്‍ക്കാരില്‍ പങ്കാളികളാവാമെന്ന് കോണ്‍ഗ്രസിന് ഉറപ്പുനല്‍കുകയും ചെയ്തു.  

സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സവര്‍ക്കറെ അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലാണ് എന്നാണാദ്യം പറഞ്ഞത്. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്ന് പിന്നീടാണദ്ദേഹം അറിഞ്ഞത്. രാഷ്‌ട്രീയമായി വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കിലും 42 വര്‍ഷം നീണ്ട ഊഷ്മളമായ സൗഹൃദമവര്‍ തമ്മിലുണ്ടായിരുന്നു. സാവര്‍ക്കര്‍ക്ക് ഗോപാലകൃഷ്ണ ഗോഖലെയുമായി ഇതുപോലെ കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നാല്‍ സെല്ലുലാര്‍ ജയിലില്‍ വെച്ച് ഗോഖലെയുടെ മരണവാര്‍ത്ത കേട്ട അദ്ദേഹം ദുഃഖമടക്കാന്‍ കഴിയാതെ വിതുമ്പുന്നുണ്ട് .  

‘ഗാന്ധിഘാതകരുടെ തലവന്‍ ‘ എന്ന മായ്‌ക്കാന്‍ കഴിയാത്ത ദുഷ്‌പേര് അദ്ദേഹത്തിന്റെ നെറ്റിയിലെഴുതണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. കുറ്റം തെളിയിക്കാന്‍ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അത് കൊണ്ട് സാവര്‍ക്കറെ കോടതി വെറുതെ വിട്ടു.  തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ നിന്നും പൂര്‍ണമായും വിരമിച്ചു. താന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രൂപീകരിച്ച ‘അഭിനവ് ഭാരത്’ സ്വാതന്ത്യം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പിരിച്ചുവിട്ടു.  

1959 ജൂലൈ മാസത്തില്‍ വിമോചനസമരത്തെ തുടര്‍ന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പിരിച്ചു വിട്ടു. ഏറെ കൗതുകം ഉയര്‍ത്തുന്ന വസ്തുത എന്തെന്നാല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി ചിത്രീകരിക്കപ്പെടുന്ന ചെഗുവേര ഈ സമയം ഇന്‍ഡ്യ സന്ദര്‍ശനുമായി ബന്ധപെട്ട് പ്രധാനമന്ത്രി നെഹ്രുവിന്റെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം ഈ നടപടിയെ കുറിച്ച്,അതായത് ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കിയ നടപടിയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. എന്നാല്‍ വീര സവര്‍ക്കര്‍ അന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്, ഹിന്ദുത്വവാദികളുടെ പിന്തുണ അറിയിച്ചു കത്തെഴുതി. ഇതിന് അദ്ദേഹത്തിന് നന്ദി അറിയിച്ചു കൊണ്ട്, തങ്ങളുടെ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം വരുത്തില്ല എന്ന് ഉറപ്പ് നല്‍കി കൊണ്ട് കേരളത്തിലെ അന്നത്തെ നിയമമന്ത്രി ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ മറുപടി എഴുതി.  

വീര സവര്‍ക്കറെ അവസാനമായി പോലീസ് അറസ്റ്റ് ചെയ്യുന്നത് 1950 ലാണ്. വിഭജനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായവരെ സംബന്ധിച്ച് നെഹ്‌റു ലിയാക്കത്ത് പാക്റ്റ് ഒപ്പിടാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാക്കത്ത് അലി ഭാരതം സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ വീര സാവര്‍ക്കര്‍ ഒരു തലവേദനയാവും എന്ന് ചിന്തിച്ചുകൊണ്ട് സര്‍ക്കാര്‍ അദ്ദേഹത്തെ കരുതല്‍ തടങ്കലിലാക്കി. സാവര്‍ക്കറെ മഹാരാഷ്‌ട്രയില്‍ പാര്‍പ്പിച്ചാല്‍ ജനരോഷമുണ്ടാവും എന്ന് ഭയന്ന് കര്‍ണാടകയിലെ ബെല്‍ഗാവിലെ ഹിന്ദള്‍ജാ ജയിലിലേക്ക് മാറ്റി.  ഒടുവില്‍ 100 ദിവസത്തെ തടവിന് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പ്രകാരമാണ് 1950 ജൂലൈ മാസം അദ്ദേഹം ജയില്‍ മോചിതനാവുന്നത്.

അദ്ദേഹത്തിന്റെ ഓര്‍മ്മകളെ ഭയന്നിരുന്ന നെഹ്‌റു സര്‍ക്കാര്‍ സെല്ലുലാര്‍ ജയിലില്‍ സാവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ചിരുന്ന ബ്ലോക്ക് പൊളിച്ചു മാറ്റാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. പിന്നീട് ശാസ്ത്രി സര്‍ക്കാര്‍ ആണ് ആ തീരുമാനം പിന്‍വലിച്ചത്. 1966 ഫെബ്രുവരി 26 ന് ഇരുപതിലധികം ദിവസം നീണ്ട ഉപവാസത്തിലൂടെ വീര സാവര്‍ക്കര്‍ പ്രാണത്യാഗം ചെയ്തു. തന്റെ മൃതദേഹം വൈദ്യുത ശ്മശാനത്തിലടക്കണം എന്നദ്ദേഹം പറഞ്ഞിരുന്നു അത് പ്രകാരമാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. പാര്‍ലിമെന്റില്‍ അദ്ദേഹത്തിനായി ദുഃഖാചരണത്തിന് നോട്ടീസ് നല്കിയത് സിപിഐ എംപി ഹീരേന്ദ്ര മുഖര്‍ജിയായിരുന്നു.  

വീര സാവര്‍ക്കറുടെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തോടൊപ്പം എരിഞ്ഞടങ്ങി എന്ന് സമാധാനിച്ചവര്‍ക്ക് തെറ്റി. കാലാപാനിയിലെ കാളകൂടത്തെ കുടിച്ച്, കാലനേയും തോല്‍പിച്ചു വന്ന ആ മൃത്യുഞ്ജയന്‍ കാലയവനികക്കപ്പുറത്തിരുന്ന് കൊണ്ട് തന്റെ പിന്‍ഗാമികളുടെ വിജയം കാണുന്നു. ഏത് രാഷ്‌ട്രീയ അധികാരം വച്ച് അന്ന് സാവര്‍ക്കറെ തടവിലാക്കി കൊണ്ട് അദ്ദേഹത്തിന്റെ സ്മരണകളെ കുഴിച്ചു മൂടാം എന്ന് നെഹ്‌റു സര്‍ക്കാര്‍ സ്വപ്നം കണ്ടുവോ ഇന്ന് അതേ രാഷ്‌ട്രീയ അധികാരം സാവര്‍ക്കറുടെ പിന്‍ഗാമികള്‍ നേടിയിരിക്കുന്നു. കാരിരുമ്പാണികളെ തൂലികയാക്കി അദ്ദേഹം കവിതകള്‍ രചിച്ച സെല്ലുലാര്‍ ജയിലിലെ സാവര്‍ക്കര്‍ കട്ടോരി ഇന്ന് രാഷ്‌ട്രനായകര്‍ക്ക് പോലും തീര്‍ത്ഥാടന കേന്ദ്രമായിരിക്കുന്നു. ഈ വിപ്ലവസൂര്യനെ എന്നന്നേക്കുമായി ആകാശത്ത് നിന്നും മറയ്‌ക്കാം എന്ന് കരുതിയ കാര്‍മേഘങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു. ഭൂമിയും ആകാശവും അവന്റെ സിംഹനാദത്താല്‍ പ്രകമ്പനം കൊള്ളുന്നു.  

‘അനാദി മ, അനന്ത മീ, അവധ്യ മീ ബലാ,

മാറില്‍ രിപു ജഗദി അസ,

കവാന്‍ ജന്മാല്ല’

‘ആദിയും അന്തവും നാശമില്ലാത്തവനും ഞാനാകുന്നു. എന്നെ നശിപ്പിക്കാന്‍ പോന്ന ശത്രു ഈ ജഗത്തില്‍ ജന്മമെടുത്തിട്ടില്ല  

(കവിത : ആത്മബല് ) 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക