തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഡിജിപി പദവിയിലിരിക്കെ സസ്പെന്‍ഷനിലാവുകയും സസ്പെന്‍ഷനിലിരിക്കെ വിരമിക്കുകയും ചെയ്യുന്ന ആളായി ഡിജിപി ജേക്കബ് തോമസ്. നാളെയാണ് ജേക്കബ് തോമസ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. സര്‍വ്വീസിലെ അവസാന കാലഘട്ടത്തിലും ജേക്കബ് തോമസിനെ ദ്രോഹിക്കുന്ന നിലപാടില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്തിരിഞ്ഞിട്ടില്ല. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം സര്‍ക്കാരിന്റെ അനുമതിയില്ലാതെ എഴുതിയതിന്റെ പേരിലാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഔേദ്യാഗിക രഹസ്യ നിയമം അനുസരിച്ചു സൂക്ഷിക്കേണ്ട വകുപ്പുതല കാര്യങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് അനുമതി തേടി തിടുക്കത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അതിന് അനുമതി നല്‍കുകയും ചെയ്തത്.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ തോട്ടണ്ടി അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന്, മുന്‍ എംഡിയും ഇപ്പോഴത്തെ ഖാദി ബോര്‍ഡ് സെക്രട്ടറിയുമായ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ നല്കിയ കത്തില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കെയാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിയെടുത്തത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ്, മന്ത്രി ഇ.പി ജയരാജനെതിരെ കേസ് എടുത്തതോടെയാണ് അനഭിമതനായത്. 1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: