തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഐ അടക്കം നിരീക്ഷണത്തിലായ വെഞ്ഞാറമൂട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം. രണ്ട് വധശ്രമക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതികളില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്.
മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതിനാണ് ആനച്ചല്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ആനച്ചല്‍ സ്വദേശിയെ അറസ്റ്റ് ചെയ്യുന്നത്. അന്ന് രാത്രിയോടെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, അഞ്ച് മണി കഴിഞ്ഞതിനാല്‍ ചൊവ്വാഴ്ചയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ജയിലിലെത്തിക്കുന്നതിന് മുന്നോടിയായുള്ള സ്രവ പരിശോധനിയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയും ഇവരും തമ്മില്‍ ബന്ധമില്ലെന്നാണ് നിഗമനം. ഇയാളില്‍ നിന്ന് നിരവധി പേര് വ്യാജ ചാരായം വാങ്ങി ഉപയോഗിച്ചെന്നാണ് അറിയുന്നത്. ആനച്ചല്‍ സ്വദേശി മദ്യപിക്കുന്ന ആളായതിനാല്‍ ഇയാളുമായി ബന്ധപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ നിരവധി പേരിലേക്ക് രോഗമെത്തിയിട്ടുണ്ടാകും. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്ഥലമായ പുല്ലമ്പാറയിലുള്ള നിരവധി പേരുമായി അബ്കാരി കേസിലെ പ്രതിക്ക് ബന്ധമുണ്ട്. അതും കാരണമെന്നാണ് നിഗമനം. അബ്കാരി കേസിലെ പ്രതിയെ പിടികൂടിയ വെഞ്ഞാറമൂട് സിഐ അടക്കം മുപ്പതോളം പോലീസുകാരും സിഐയക്കൊപ്പം വേദി പങ്കിട്ട ഡി.കെ. മുരളി എംഎല്‍എ, സുരാജ് വെഞ്ഞാറമൂട്, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് ഇപ്പോള്‍ തന്നെ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നത് ആശങ്ക പരത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: