തിരുവല്ല: കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച പ്രധാന തെളിവുകളായ ഡയറിയും ഫോണും കണ്ടെടുക്കാനാകാത്തത് കേസിന്റെ അന്വേഷണത്തെ ബാധിക്കും. ഇതു സംബന്ധിച്ച് ലോക്കൽ പോലീസും ക്രൈബ്രാഞ്ചും മഠം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇവയില്ലെന്നാണ് മദർസുപ്പീരിയർ അടക്കമുള്ള അധികൃതരുടെ മൊഴി.
എന്നാൽ വീട്ടുകാരൂടെ മൊഴിയിൽ ദിവ്യക്ക് ഫോൺ ഉണ്ടായിരുന്നെന്നും ഡയറി എഴുതുന്ന ശീലവും അടിവരയിടുന്നു. സംഭവത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ ഇരയുടെ മുറി അടക്കം സീൽചെയ്യണമെന്നാണ് ചട്ടം. എന്നാൽ സംഭവം നടന്ന ഒരുമാസത്തിലേക്ക് അടുക്കുമ്പോഴും ഇതിന് ഇതുവരെ നടപടിയായില്ല. മകൾ ഇടയ്‌ക്കിടെ വിളിക്കാറുണ്ടായിരുന്നതായി അമ്മയുടെ മൊഴിയിൽ തന്നെ പറയുന്നുണ്ട്.
കേസിൽ നിർണായകമായ ഡയറി ഫോൺ എന്നിവ ഉടൻ കണ്ടെടുത്താലെ തുടർ അന്വേഷണത്തിന് വഴിത്തിരിവാകു. എന്നാൽ ദിവ്യക്ക് ഫോണും ഡയറിയുമില്ലെന്ന വിചിത്ര വാദം നിരത്തി തെളിവു നശീകരണത്തിനുള്ള നീക്കമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. എന്നാൽ അടുത്ത ബന്ധുക്കളിൽ ചിലരോട് മഠത്തിലെ മാനസിക പ്രശ്നങ്ങൾ ദിവ്യ പറഞ്ഞതായാണ് സൂചന. മൊഴിയെടുപ്പ് വേളയിൽ അവർ ഈ ആശങ്ക പോലീസിനോട് പങ്ക് വെച്ചതായും അറിയുന്നു.
ലോക്കൽ പോലീസിന്റെ അന്വേഷണം അതേപടി ശരിവെച്ച ആദ്യ ക്രൈബ്രാഞ്ച് അന്വേഷണവും ഈ വിഷയങ്ങളിൽ അന്വേഷണം നടത്തിയില്ല. എന്നാൽ പിന്നീട് എഡിജിപിയുടെ നിർദ്ദേശ പ്രകാരം ഇതും അന്വേഷണ വിദേയമാക്കിയിട്ടുണ്ട്. ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ പരാതിയിലും തെളിവുനശിപ്പിക്കൽ സംബന്ധിച്ച അവ്യക്തത അടിവരയിടുന്നു. മെയ് ഏഴിന് ഉച്ചയോടെയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി.ജോൺ തിരുവല്ലയിൽ മഠത്തിലെ കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ക്രൈംബ്രാഞ്ച് അന്വേണം തുടരണം; ഡിജിപിക്ക് എസ്പിയുടെ കത്ത്
ദിവ്യയുടെ ദുരൂഹ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് തന്നെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവി കെ.ജി സൈമൺ ഡിജിപിക്ക് കത്തയച്ചു. സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് എസ്പിയുടെ നീക്കം. മുൻ ഡിജിപിയുടെയും മുൻ എസ്പിയുടെയും പേരുകൾ അടക്കം കേസിന്റെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്ന് ജില്ലാ പോലിസ് മേധാവി ഡിജിപിക്ക് ശുപാർശ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: