മനുഷ്യരാശിയുടെ ഭാവിയെപ്പോലും ഇരുളിലാഴ്ത്തുമെന്ന ഭീതിയോടെ പടര്‍ന്നുപിടിക്കുന്ന കൊറോണ മഹാമാരിയെ ചെറുത്തു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് അഹങ്കരിച്ചിരുന്ന ലോകത്തെ വന്‍ ശക്തികള്‍പോലും അടിപതറി നില്‍ക്കുമ്പോഴാണ് ശക്തമായ ചെറുത്ത് നില്‍പ്പോടെ ലോക നേതാക്കളില്‍ ആദ്യ പേരുകാരനായി മോദി മാറിയിരിക്കുന്നത്. മറ്റു പല മേഖലകളിലുമെന്നപോലെ കാര്യക്ഷമതയും വിശ്വാസ്യതയും സുതാര്യതയും കൈമുതലാക്കി കൈവരിച്ച ഈ വിജയം സര്‍ക്കാരിന് വലിയ ജനകീയ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ്. പല ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വെകളില്‍ മോദിയുടെ ജനസമ്മതി കുതിച്ചുയര്‍ന്നതായി കണ്ടെത്തി. ഇതിന്റെ പ്രതിഫലനം ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന് തടയിടാന്‍ ശ്രമിക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടല്ലാതെ ബിജെപിയെയും നരേന്ദ്ര മോദിയെയും ചെറുക്കാനാവില്ലെന്ന ബോധ്യമാണ് പ്രതിപക്ഷത്തിനുള്ളത്. ഈ നിസ്സഹായതയില്‍ നിന്ന് ഉടലെടുക്കുന്ന വിഭാഗീയ, വര്‍ഗീയ മുതലെടുപ്പിന്റെ അനുരണനങ്ങള്‍ ഇങ്ങു കേരളത്തില്‍ വരെ പ്രകടമായി തുടങ്ങി. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്.
ബിജെപിക്കും മോദിക്കും തടയിടാന്‍ ഏതറ്റംവരെയും പോകാന്‍ തീരുമാനിച്ചുറച്ചതിന്റെ ഭാഗമാണോ കാലടി മണപ്പുറത്ത് അരങ്ങേറിയ നാടകമെന്ന് സംശയിച്ചാല്‍ തെറ്റില്ല. അവിടെ കെട്ടിയുണ്ടാക്കിയ സിനിമാ സെറ്റ് ഒരു കൂട്ടമാളുകള്‍ പൊളിച്ചതിന്റെ പേരില്‍, പള്ളി പൊളിച്ചു എന്ന പ്രചരണം അഴിച്ചുവിട്ടു മതസ്പര്‍ദ്ധ വളര്‍ത്താനായിരുന്നു ചിലരുടെ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സം ഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ വ്യക്തമാക്കിയിട്ടും തല്‍പ്പര കക്ഷികള്‍ വിവാദം കത്തിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നത്. അക്രമികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വടക്കേയിന്ത്യയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളോട് കാലടിയിലെ സംഭവത്തെ കൂട്ടിക്കെട്ടിയുള്ള അഭിപ്രായ പ്രകടനവുമായി ഒരു നായക നടന് തന്നെ രംഗത്തുവന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. വര്‍ഗീയവാദികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന്, സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുന്‍പേ മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവിച്ചത് അങ്ങേയറ്റം നിരുത്തരവാദപരമാണ്.
പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയാണ് കാലടി ശിവരാത്രി മണപ്പുറത്ത് ചിത്രീകരണത്തിനായി പള്ളിയുടെ സെറ്റിട്ടതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. സിനിമയുടെ നിര്‍മാതാവ് ചിലര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് സെറ്റു തകര്‍ത്തതെന്നും, എന്നിട്ട് ബോധപൂര്‍വം വര്‍ഗീയ നിറം നല്‍കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ മുടക്കി നേടാവുന്ന പ്രശസ്തി ചുളുവില്‍ നേടിയെടുക്കാന്‍ വേണ്ടിയാണത്രേ ഇങ്ങനെയൊരു നാടകം അരങ്ങേറിയത്. വര്‍ഗീയ, രാഷ്ട്രീയ മുതലെടുപ്പുകള്ക്കൊപ്പം കച്ചവട മുതലെടുപ്പും ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നിലുണ്ടെന്ന് അര്‍ഥം. വടക്കേ ഇന്ത്യയില്‍ പള്ളികള്‍ ആക്രമിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്ന മുന്‍ അനുഭവങ്ങളുടെ പിന്നിലെ സത്യാവസ്ഥ എന്തായിരിക്കാം എന്നതിലേക്കൊരു ചൂണ്ടു പലകയായി ഇതിനെ കാണാം. അന്വേഷണം വഴിതിരിച്ചുവിടാനാണത്രേ സംഭവത്തിന് വര്‍ഗീയനിറം നല്കി അവതരിപ്പിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ വലിയ ഗൂഢാലോചനയാണ് നടത്തിയിട്ടുള്ളത്. അപകടകരമാണ് ഈ പോക്ക്.
സെറ്റ് നശിപ്പിച്ച ആക്രമികള്‍ക്കെതിരെ വര്‍ഗീയ കലാപത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിന് കാപ്പ നിയമം അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. നിക്ഷ്പക്ഷമായ അന്വേഷണം തന്നെ നടക്കണം. സത്യം പുറത്തു വരുകയും വേണം. മോദി വിരോധമല്ല, ജന സുരക്ഷയാണ് സര്‍ക്കാരിന് ഭൂഷണം. അത് തിരിച്ചറിയാന്‍ ഭരണം കയ്യാളുന്നവര്‍ക്കു കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: