കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്ക്രീനിങ് സ്മാർട്ട് ഗേറ്റ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. കെ. സുധാകരൻ എംപി മുൻകൈയ്യെടുത്താണ് തെർമൽ സ്ക്രീനിങ് സ്മാർട്ട് ഗേറ്റ് സംവിധാനം എയർപോർട്ടിൽ സ്ഥാപിച്ചത്. കെ. സുധാകരൻ ഇന്നലെ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കോവിഡ് പാശ്ചാത്തലത്തിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് കേരള സർക്കാരിന് ഉണ്ടാക്കുന്ന ആശയക്കുഴപ്പവും മറ്റ് വെല്ലുവിളികളും ഉയർത്തുന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും വലിയ ആശ്വാസം നല്കുന്നതാണ് ആധുനികമായ ഇത്തരം സംവിധാനം. വിദേശ എയർപോർട്ടുകളിൽ ശരീര താപനില പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്ക്രീനിങ് സംവിധാനമാണ് ഇത്.
ഇന്റർനാഷണൽ ടെർമിനലിലും, ഡൊമസ്റ്റിക് ടെർമിനലിലും യാത്രക്കാർക്കുള്ള സ്മാർട്ട് ഗേറ്റ് തെർമൽ സ്ക്രീനിങ് സിസ്റ്റം സ്ഥാപിച്ചതിനു പുറമെ എയർപോർട്ടിനകത്തു പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റ് ആളുകളെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റിക്ക് തെർമൽ ചെക്കിങ് സിസ്റ്റം കൂടി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആകെ നാല് തെർമൽ സ്ക്രീനിങ് യൂണിറ്റാണ് എയർപോർട്ടിലേക്ക് എത്തിച്ചിട്ടുള്ളത്.
ഒരു സമയം തന്നെ പത്തിൽ കൂടുതൽ ആളുകളെ പത്തു മീറ്റർ ദൂരത്തു നിന്ന് പോലും ശരീര ഊഷ്മാവ് തിരിച്ചറിയാൻ സാധിക്കുന്ന ഈ ഹൈടെക് ഉപകരണം ലക്ഷങ്ങൾ വിലമതിക്കുന്നതാണ്. യാത്രക്കാർ താപനില പരിശോധന നടത്താൻ വേണ്ടി ക്യു നിൽക്കുന്നത് ഇത്തരം ആധുനിക ഉപകരണം ഉള്ളത് മൂലം ഒഴിവാക്കുവാനും കൂടുതൽ വേഗത്തിൽ യാത്രക്കാരുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുവാനും സഹായിക്കും.
ടെർമിനലിൽ നിന്ന് ഇറങ്ങി എമിഗ്രേഷൻ കൗണ്ടറിലക്ക് നടന്നു പോകുന്ന വഴിയിൽ തെർമൽ സ്ക്രീനിംഗ് സ്മാർട്ട് ഗെയ്റ്റ് സ്ഥാപിക്കുന്നത് മൂലം ഗെയ്റ്റിലൂടെ യാത്രക്കാർ കടന്നുപോകുമ്പോൾ തെർമൽ ക്യാമറ ശരീര ഊഷ്മാവ് രേഖപെടുത്തുകയും, മറ്റൊരു ഡിജിറ്റൽ ക്യാമറ യാത്രക്കാരന്റ പൂർണമായ വിവരത്തോടുകൂടിയ ചിത്രം രേഖപ്പെടുത്തുകയും ചെയ്യും. ലഭ്യമാകുന്ന രണ്ട് തരം ഇമേജുകളും അടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ തത്സമയം കാണുവാൻ എയർപോർട്ട് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നതോടൊപ്പം ഏതെങ്കിലും യാത്രക്കാർക്ക് നിയന്ത്രിത താപനിലയിൽ കൂടുതൽ താപനില ആണെങ്കിൽ തെർമൽ ഇമേജ് വഴിയും അലാറം വഴിയും എയർപോർട്ട് സ്റ്റാഫിന് വിവരങ്ങൾ കൈമാറും. ഇത് മൂലം പ്രസ്തുത യാത്രക്കാരനെ കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടി മാറ്റിനിർത്താനും സഹായിക്കുന്നു .
എയർപോർട്ടുകളിൽ. ഇത്തരം മികച്ച ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കൊണ്ടുള്ള മികച്ച സവിശേഷത ശരീര താപനില നിയന്ത്രിത ലെവലിൽ നിന്ന് കുറവ് ആണെങ്കിലും സ്കാനിങ് മെഷീൻ അത് റെക്കോർഡ് ചെയ്യുകയും ,തൊട്ടടുത്തായി സജ്ജീകരിച്ചിരിക്കുന്ന സ്ക്രീൻ വഴി താപനില തത്സമയം ലഭ്യമാക്കുകയും ചെയ്യും എന്നുള്ളതാണ്. എയർപോർട്ട് ജീവനക്കാർക്ക് വ്യക്തികളുടെ സമീപത്ത് പോകാതെ തന്നെ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ദൂരത്തിൽ നിന്ന് കൊണ്ട് താപനില പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന വിധത്തിൽ ഈ ഉപകരണത്തിന്റെ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് കൊണ്ട് പരിശോധനാ ജീവനക്കാർക്ക് പകർച്ചവ്യാധി സാധ്യത പൂർണമായും ഒഴിവാക്കാൻ ഉപകാരപ്പെടുകയും ചെയ്യും.
കൂടാതെ യാത്രക്കാരന്റ ഫോട്ടോയും, രേഖപെടുത്തിയ താപനിലയും ഉപകരണത്തിൽ തന്നെ സ്ഥിരമായി സൂക്ഷിക്കുകയും, യാത്രക്കാരൻ കടന്നു പോയി ദിവസങ്ങൾക്കു ശേഷവും എന്തെങ്കിലും സംശയം തോന്നിയാൽ എയർപോർട്ട് അതോറിറ്റിക്കോ ആരോഗ്യ വകുപ്പിനോ വീണ്ടും യാത്രകാരന്റ വിവരങ്ങൾ പരിശോധിക്കാൻ ഉള്ള അവസരവും സാധ്യമാവും. ഇതിൽ ഉപയോഗിക്കുന്ന തെർമൽ സ്ക്രീനിങ് ടെക്നോളജി ശരീര താപനില വ്യതിയാനം 99 .97 ശതമാനം കൃത്യതയോട് കൂടി കണ്ടെത്താൻ സഹായിക്കുന്നതോടൊപ്പം,അന്തരീക്ഷ ഊഷ്മാവിൽ വരുന്ന താപനില വ്യതിയാനങ്ങൾ പരിശോധനയിൽ പ്രശ്‌നം സൃഷ്ടികാതെ കൃത്യമായി തന്നെ യാത്രക്കാരന്റ ശരീര താപനില മാത്രം രേഖപ്പെടുത്തുകയും ചെയ്യും മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ നന്ദകുമാറാണ് മെഷീൻ സ്ഥാപിക്കാനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: