ന്യൂദല്‍ഹി : ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. ഇതര സംസ്ഥാന തൊഴിലാളി വിഷയത്തിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്നത്തില്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാത്തു നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തണം മറ്റ് ദിവസങ്ങളിലേത് റെയില്‍വേയും ചുമതല വഹിക്കണം. ഇവരുടെ രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും അവരുടെ വീടുകളില്‍ എത്തിക്കണം. ഇവരുടെ യാത്രാക്കൂലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേ കൂടി വഹിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു.
സ്വന്തം നാടുകളിലക്ക് തിരിച്ചു പോകാന്‍ തൊഴിലാളികള്‍ താത്പ്പര്യപ്പെടുന്നതിനെ ഒരു സംസ്ഥാനത്തിനും തടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇവരുടെ ടിക്കറ്റിനുള്ള പണം ഏത് സംസ്ഥാനം നല്‍കുമെന്നതിനെ കുറിച്ച് സംസ്ഥാനങ്ങള്‍ കൃത്യമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ രീതിയാണ് കൈക്കൊള്ളുന്നതെങ്കില്‍ അത് ആശങ്കയുളവാക്കും. അതിനാല്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണം.
മെയ് ഒന്ന് മുതല്‍ 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന തൊഴിലാളിയും തിരിച്ചു പോകുന്നതുവരെ തുടരുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വ്യക്തമാക്കി.
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഇടയിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി ഇതിനെ രാഷ്‌ട്രീയ പ്രശ്നമായി മാറ്റാന്‍ കോടതി അനുവദിക്കരുത്. ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കുടിയേറ്റത്തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ളത്. ഭക്ഷണവും വെള്ളവും സൗജന്യ നിരക്കില്‍ റെയില്‍വേ നല്‍കുന്നുണ്ട്. ഇതുവരെ 80 ലക്ഷം ഭക്ഷണപ്പൊതികളും ഒരു കോടിയോളം വെള്ളക്കുപ്പികളും വിതരണം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
ചില സംസ്ഥാനങ്ങള്‍ തൊഴിലാളികളില്‍ നിന്നും പണം വാങ്ങിയാണ് ഇവരെ യാത്രയാക്കുന്നത്. അതേസമയം കൊറോണ വൈറസ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് യാത്ര അനുവദിക്കുന്നില്ല. പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നിന്നും മറുപടികള്‍ ലഭിക്കേണ്ടതുണ്ടെന്നും എന്നാല്‍ താന്‍ ഉത്തരവാദിത്തം കൈമാറുകയല്ലെന്നും തുഷാര്‍ മെഹ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: