ശ്രീനഗര്‍: മറ്റൊരു പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരരുടെ ശ്രമം. എന്നാല്‍, സുരക്ഷാസേനയുടെ കൃത്യമായ ഇടപെടലില്‍ ആക്രമണ പദ്ധതി തകര്‍ത്തു. പുല്‍വാമ ജില്ലയിലെ രാജ്പ്പോറ മേഖലയില്‍ ഒരു സാന്‍ട്രോ കാറില്‍ നിന്നാണ് സുരക്ഷാ സേന ഐഇഡി ബോംബ് കണ്ടെത്തിയത്. 44 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് പുല്‍വാമ പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഐഇഡി കണ്ടെത്തിയത്. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെയാണ് ഐഇഡി നിര്‍വീര്യമാക്കിയത്.
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന സ്ഫോടനത്തില്‍ ഉപയോഗിച്ച ഇംപ്രോവൈസിഡ് എക്സ്പ്ലോസിവ് ഡിവൈസ് (ഐഇഡി) എന്ന സ്ഫോടകവസ്തു തന്നെയാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്. ബോബ് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായേനെയെന്ന് സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയില്‍ ഒന്നാമനും പാക്ക് ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ ഓപ്പറേഷനല്‍ കമാന്‍ഡറുമായ റിയാസ് നായ്ക്കൂവിനെ സൈന്യം വധിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിക്കാണ് ഭീകരര്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കാറിന്റെ റജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വ്യാജമാണ്. ബാരിക്കേഡു തകര്‍ത്തു പോകാന്‍ ശ്രമിച്ച കാറിനു നേരേ സുരക്ഷാ സേന വെടിയുതിര്‍ത്തതിനെ തുടര്‍ന്നു ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ഐഇഡി നിര്‍വീര്യമാക്കി. ഇതിനെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കു കേടുപാടു പറ്റി.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്ഷെ ഭീകര ക്യാംപില്‍ ഇന്ത്യ മിന്നലാക്രമണവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: