ആലപ്പുഴ: അനുമതിയില്ലാതൈ തിരുവമ്പാടി ഗവ. യുപി സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയത് വിവാദമാകുന്നു. കെട്ടിടം പൊളിച്ചതിനെതിരെ ആലപ്പുഴ നഗരസഭ പോലീസില്‍ പരാതി നല്കി. അപകടാവസ്ഥയിലുള്ള സ്കൂള്‍ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പൊളിക്കുകയായിരുന്നു. ടെന്‍ഡര്‍ നല്‍കുന്നതിന് കരാറുകാരന് സ്ഥലം കാണാനെത്തിയപ്പോഴാണ് കെട്ടിടം പൊളിച്ചു നീക്കിയ വിവരം അറിയുന്നത്.
സ്കൂള്‍ കെട്ടിടം പൊളിച്ച് വിറ്റത് നഗരസഭാ കൗണ്‍സിലറിന്റെ അറിവോടെയാണെന്നാണ് വിവരം. സ്കൂള്‍ മാനേജ് കമ്മിറ്റിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം. സ്കൂള്‍ കെട്ടിടം ഇഷ്ടക്കാരന് ലേലത്തിന് മുന്‍പേ പൊളിച്ച് വില്ക്കാന് തീരുമാനിച്ചതിന് പിന്നില്‍ അഴിമതി ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. രണ്ടര ലക്ഷം രൂപാ മുനിസിപ്പല്‍ എന്‍ജിനീയര്‍ മതിപ്പ് വില കല്പിച്ച കെട്ടിടം ആണ് നിസാര വിലയ്ക്ക് വിറ്റു തുലച്ചതെന്നാണ് വിമര്‍ശനം.
ഓടിട്ട കെട്ടിടത്തിന് 1,59,684 രൂപയും 2004ല്‍ എസ്. രാമചന്ദ്രന് പിള്ള എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ലാബ് കെട്ടിടത്തിന് 65,874 രൂപയും ആണ് ക്വട്ടേഷനില്‍ പ്രസിദ്ധികരിച്ചത്. നിസാര തുകയ്ക്ക് സ്കൂള്‍ കെട്ടിടം വിറ്റു തുലച്ച സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി കളര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ആവശ്യം ഉന്നയിച്ച് സുകൂളിന് മുന്നില്‍ സമരം നടത്തി. എന്നാല്‍ അപകടാവസ്ഥയിലായ കെട്ടിടം മഴയത്ത് നിലംപൊത്തുമെന്ന അവസ്ഥയായതിനാലാണ് പൊളിച്ചതെന്നാണ് സ്കൂള്‍ പിടിഎ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: