ആലപ്പുഴ: പുതുതലമുറ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കോവിഡ് പശ്ചാത്തലത്തില്‍ വായ്പ തിരിച്ചടവിന് ഇളവു നല്‍കുന്നില്ല. മൈക്രോ ഫിനാന്‍സ് വായ്പകളെടുത്ത സ്ത്രീകളടക്കമുള്ളവരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.
മൊറോട്ടോറിയം കാലാവധി നിലനില്‍ക്കേ, മൈക്രോഫിനാന്‍സ് സംരംഭങ്ങളില്‍ നിന്നു പണം വായ്പ എടുത്തവര്‍ക്ക് തിരിച്ചടവ് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചുതുടങ്ങി. അയല്‍ക്കൂട്ടം, കുടുംബശ്രീ സംവിധാനങ്ങള്‍ മുഖേന പരസ്പര ജാമ്യത്തിലാണ് പുതുതലമുറ ബാങ്കുകള്‍ ഉള്‍പ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിരിക്കുന്നത്. 10 മുതല്‍ 20 പേര് വരെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിച്ചിരുന്നത്. ആഴ്ച, മാസത്തവണകളായാണ് തിരിച്ചടവ്. ഒരാള്‍ തിരിച്ചടവ് മുടക്കിയാല്‍ ഗ്രൂപ്പിന്റെ മൊത്തം തിരിച്ചടവ് മുടങ്ങും.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഒന്നും തന്നെ ഇത്തരം സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് പരാതി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് മൈക്രോ ഫിനാന്‍സ് വായ്പയെടുക്കുന്നവരില്‍ ഭൂരിഭാഗവും. കുറഞ്ഞ വേതനത്തില്‍ വിവിധ തൊഴില്‍ ചെയ്യുന്ന ഇവര്‍ കോവിഡ് മൂലം ജോലിയില്ലാതായതോടെ വല്ലാതെ ബുദ്ധിമുട്ടുകയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പിഴപ്പലിശയാണ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. വായ്പ ഗന്ധുക്കളായി അടയ്ക്കാന്‍ ഫോണിലൂടെയും കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: