കൊച്ചി: ക്ഷേത്രഭൂമി പാട്ടത്തിനു നല്‍കാനും കാണിക്ക സ്വര്‍ണം ഉരുക്കാനും നടയ്ക്കുവച്ച നിലവിളക്കുകള്‍ ആക്രി വിലയ്ക്ക് വില്ക്കാനുമുള്ള തീരുമാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി. ബാബു, അഭിഭാഷകന് വി. സജിത് കുമാര്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. മറുപടിയില്‍ ഹര്ജിക്കാരന് ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ചാവണം മറുപടിയെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
ഹര്‍ജിയില്‍ മൂന്നു കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ഉരുക്കാനായി വേര്‍തിരിക്കാന്‍ ബോര്‍ഡ് നിശ്ചയിച്ചത് അവയുടെ പഴക്കവും പ്രാധാന്യവും വിലയിരുത്താനുള്ള സൗകര്യവും അവസരമില്ലാതെയാണ്. സമര്‍പ്പിക്കപ്പെട്ട ആഭരണങ്ങളില്‍ രത്നക്കല്ലുകള്‍ പോലെ വിലമതിക്കാനാവത്തവയുണ്ട്. അവയുടെ മൂല്യനിര്‍ണയത്തിന് വിദഗ്ധനില്ലായിരുന്നു. ക്ഷേത്ര ഭരണസമിതിയുടേയോ ഭക്തരുടേയോ സാന്നിധ്യമില്ലായിരുന്നു. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശനമില്ല.
ക്ഷേത്ര ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കാനുള്ള തീരുമാനം ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം ആരാധനയ്ക്ക് നല്കുന്ന അവകാശം ഇല്ലാതാക്കുന്നതാണ്. ഏഴു പതിറ്റാണ്ടായി പാട്ടത്തിന് കൊടുത്ത് അന്യാധീനപ്പെട്ട 7500 ഏക്കര്‍ ക്ഷേത്രഭൂമി ഇനിയും തിരിച്ചുപിടിക്കാനായിട്ടില്ല. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന നിലവിളക്കുകളും മറ്റ് ഓട്ടുപാത്രങ്ങളും ദിവ്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അവ പാഴ്വസ്തുക്കള് പോലെ പരിഗണിച്ച് ആക്രി വിലയ്ക്ക് വില്‍ക്കുന്നത് വിശ്വാസികളായ ഹിന്ദുക്കളുടെ വികാരത്തെ ഹനിക്കലാണ്.
ഈ തീരുമാനങ്ങള്‍ക്കൊന്നും ക്ഷേത്രം തന്ത്രിമാരുടെയോ പൂജാരിമാരുടെയോ അഭിപ്രായം ചോദിച്ചിട്ടില്ല. ക്ഷേത്രങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ നിലവിളക്കുകളും മറ്റും അതത് ക്ഷേത്രങ്ങളുടെ കൗണ്ടറുകളിലൂടെ വിപണി വിലയ്ക്ക് വിശ്വാസികള്‍ക്ക് വിറ്റ് വരുമാനം നേടാവുന്നതേയുള്ളുവെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിനോട് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, കെ. ഹരിപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: