പിണറായി വിജയന് നയിക്കുന്ന ഇടതു സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടു. അഞ്ചാംവര്‍ഷം അഥവാ അവസാന വര്‍ഷത്തിലാണിപ്പോള്‍. അതിന്റെ ആകുലതയും വേവലാതികളും നന്നായുണ്ട്. എല്ലാം ശരിയാകും സര്‍ക്കാര്‍ വന്നാല്‍ എന്ന വാഗ്ദാനം എന്തായി എന്ന് പലരും ചോദിക്കുന്നുണ്ട്. അതോടെ സര്‍ക്കാര്‍ വാചാലരാവുകയാണ്. പ്രത്യേകിച്ചും മുഖ്യമന്ത്രി പ്രതിദിന സായംകാല തള്ളല്‍ അതിന്റെ ഉച്ചസ്ഥായിയിലായി. കോവിഡാണ് ഇപ്പോഴത്തെ വിഷയം. മുഖ്യമന്ത്രിയുടെ തള്ളല്‍ കേട്ടാല്‍ പിന്നെ വാക്സിനൊന്നും വേണ്ട. കോവിഡും കൊറോണയും പ്രളയവുമെല്ലാം വെപ്രാളത്തിലാകും.
കാലവര്‍ഷം കനക്കുമെന്നാണ് പ്രവചനം. പക്ഷേ, മുഖ്യമന്ത്രിയുടെ ശബ്ദം കേട്ടിട്ടാകുമോ കാറ്റും മഴയുമെല്ലാം ഒളിച്ചുകളിക്കുകയാണ്. രണ്ടുദിവസം തലസ്ഥാന ജില്ലയില്‍ മഴപെയ്തപ്പോള്‍ തന്നെ മലവെള്ള പാച്ചിലായി. കഴിഞ്ഞവര്‍ഷം ഡാമുകളെല്ലാം ഒരുമിച്ചുതുറന്നപ്പോള് പുഴയും തോടും വയലുമെല്ലാം നിറഞ്ഞ് കടലുപോലെ ആയതാണല്ലോ. വീടുപോയവര്‍ നിരവധി. റോഡും തോടും ഒന്നായി. വെള്ളം ഇറങ്ങിയപ്പോള്‍ വാഗ്ദാനപെരുമഴയായിരുന്നു. എല്ലാവര്ക്കും വീട്. കഷ്ടനഷ്ടം വന്നവര്‍ക്ക് 10,000 രൂപ ആദ്യനഷ്ടപരിഹാരം. പാര്‍ട്ടിക്കാരുടെ ആഗ്രഹങ്ങളാണ് പരിഹരിച്ചതെന്ന ആക്ഷേപം ശക്തമായി. ലക്ഷങ്ങള്‍ തട്ടിയ പല സഖാക്കളും പ്രതിചേര്‍ക്കപ്പെട്ടെങ്കിലും അതിന്റെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കുറേ പേര്‍ക്ക് തുക കിട്ടിയെന്ന് പറയുമ്പോള്‍ കിട്ടാത്തവരുണ്ടെന്ന് മുറവിളി ഉയര്‍ന്നതാണ്. അത് വെറുതെ പറയുന്നതാണെന്ന് ഭരണവിലാസം മാധ്യമങ്ങളും മന്ത്രിമാരും ആവര്‍ത്തിച്ചിരുന്നത്. സര്‍ക്കാരിന്റെ വക്താക്കളെ പോലെ പെരുമാറുന്ന ചാനലുതന്നെ അഞ്ചാം വര്‍ഷാരംഭ ദിവസം ചില സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അത് വയനാട് ജില്ലയിലെ ദയനീയ ചിത്രമാണ്. വയനാട് എന്നാല്‍ ഏറെ പിന്നാക്ക ജനതയും പട്ടിണിക്കാരുമുള്ള ജില്ല. പ്രളയം ഏറെ നഷ്ടമുണ്ടാക്കിയ പ്രദേശം. അവിടെ നിന്നുള്ള ഏഷ്യാനെറ്റ് ലേഖകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കള്ളം തുറന്നുകാട്ടുന്നതാണ്. അത് ഇങ്ങനെ: ”പ്രളയം കഴിഞ്ഞ് പത്തുമാസം പിന്നിട്ടിട്ടും അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും ലഭിക്കാതെ വയനാട്ടില്‍ നിരവധി പേര്. ലോക്ഡൗണ്‍ കാലത്തുപോലും പലരും ധനസഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
2019 ആഗസ്റ്റില്‍ സംഭവിച്ച ദുരന്തത്തില്‍ ജില്ലയില്‍ പ്രളയബാധിതരായി സര്‍ക്കാര്‍ കണക്കാക്കിയത് 14837 പേരെയാണ്. പുത്തുമല ദുരന്തമുള്‍പ്പെടെ സംഭവിച്ച വൈത്തിരി താലൂക്കില്‍ മാത്രം 4753 പേരെയാണ് പ്രളയബാധിതരായി പട്ടികയിലുള്‍പ്പെടുത്തിയത്. ഇവര്‍ക്കെല്ലാം അടിയന്തിര ധനസഹായം നല്‍കിയെന്നാണ് തഹസില്‍ദാര്‍ പറയുന്നത്. എന്നാല്‍ പ്രളയബാധിതര്‍ പറയുന്നതിതാണ്.
”ഒന്നുകില്‍ അക്കൗണ്ട് നമ്പര്‍ തെറ്റാണെന്ന് പറയും, ഐഡന്റിന്റി കാര്‍ഡ് ശരിയല്ലെന്ന് പറഞ്ഞുപിന്നെ, അത് കഴിഞ്ഞ് അധികാരി ലീവിലാണ് വരട്ടെയെന്ന് പറഞ്ഞു” – അബ്ദുറഹിമാന്, പ്രളയബാധിതന്.
പലതവണ പലയിടങ്ങളിലായി അപേക്ഷ എഴുതി കൊടുത്തു. എനിക്ക് ഇതുവരെ കിട്ടിയില്ല. മറ്റുപലര്‍ക്കും കിട്ടി. – ലീല, പ്രളയ ബാധിത.കഴിഞ്ഞ തവണ പഞ്ചായത്തില്‍ പോയി ചോദിച്ചപ്പോഴും പറഞ്ഞത് അവര്‍ക്കറിയില്ലെന്നാണ്, അവര്‍ കൈ മലര്‍ത്തുന്നു. – നരേന്ദ്രന്, പ്രളയബാധിതന്
മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല, 8538 പേരെ പ്രളയബാധിതരായി കണക്കാക്കിയ മാനന്തവാടി താലൂക്കില്‍ ഇനിയും 416 പേര്‍ക്ക് അടിയന്തിര ധനസഹായം ലഭിച്ചിട്ടില്ല. ബത്തേരി താലൂക്കില്‍ 435 പേര് ധനസഹായത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു. തലസ്ഥാനത്തുനിന്നും ധനസഹായവിതരണ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റവന്യൂ അധികൃതരുടെ പ്രതികരണം.”
പ്രളയ ദുരന്തസഹായം കൂടാതെ പല ക്ഷേമ പെന്‍ഷനുകളും ഒരുവര്‍ഷമായി തുടര്‍ന്ന് ലഭിക്കാത്ത നിരവധി പേരുണ്ട്. വനവാസി വിദ്യാര്‍ഥികളുടെ ഗ്രാന്റും പലസ്ഥലത്തും മുടങ്ങിക്കിടക്കുന്നു. ഇത് കാണുമ്പോള്‍ പ്രഖ്യാപനം തിരുത്തി വായിക്കും. ”എല്ലാവരേയും ഈ സര്‍ക്കാര്‍ ശരിയാക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: