കൊച്ചി: കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും പരീക്ഷ ഹാളിലെത്തി. ജില്ല 191 കേന്ദ്രങ്ങളിലായി 71,688 കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയും 34 കേന്ദ്രങ്ങളിലായി 4,624 വിദ്യാര്‍ഥികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതി. 31,724 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.
ആരോഗ്യ സുരക്ഷാ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നുവെങ്കിലും മികച്ച രീതിയില്‍ പരീക്ഷ എഴുതാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. സാമൂഹിക അകലം പാലിക്കാതെയാണ് കുട്ടികളെയും കാത്ത് രക്ഷിതാക്കാള്‍ സ്കൂളുകള്‍ക്ക് പുറത്ത് കാത്തുനിന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സ്കൂളിന്റെ പ്രധാന കവാടത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് പ്രവേശിച്ചത്. തെര്‍മോ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷം സ്കൂളിലേക്ക് കടത്തി വിട്ടു. വിദ്യാര്‍ഥികള്‍ പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സ്കൂളുകളിലെത്തിയിരുന്നു.
അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, പോലീസ്, അഗ്നിശമന സേന, സന്നദ്ധ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെത്തും മുമ്പേ സജീകരണങ്ങളുമായി സ്കൂളില്‍ തയാറായിരുന്നു. പരീക്ഷയെഴുതാനെത്തിയ കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി. രാവിലെയും ഉച്ചയ്ക്കും പരീക്ഷ ആരംഭിക്കുന്നതിന് മുമ്പേ പരീക്ഷ ഹാള്‍ അണുവിമുക്തമാക്കി. ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് പരീക്ഷാ ഹാളില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ 30 വരെ എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം വാര് റൂമുകള്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ഗുണം ചെയ്തതായി കുട്ടികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: