തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ളവര്‍ എത്താന്‍ തുടങ്ങിയതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. കേരളത്തില്‍ ഗുരുതരമായ രീതിയിലേക്ക് കോവിഡ് വ്യാപനം മാറിയതായും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അറിയിച്ചു. കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനം.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പതോളം പേരുടെ രോഗബാധയ്ക്കുള്ള ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് സമൂഹ വ്യാപനമായിരിക്കാമെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങളിലും, കടകളിലും എത്തിതുടങ്ങിയിട്ടുണ്ട്.
ഷോപ്പിങ് മാളുകളിലേക്ക് പ്രവേശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അശ്രദ്ധയോടെയാണ് ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആഘോഷപരിപാടികളിലും നിയന്ത്രണങ്ങള്‍ പതുക്കെ ഇല്ലാതായി വരുന്നതായാണ് സൂചന. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശം.
എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ചെറിയ ലോക്ഡൗണ്‍ ലംഘനങ്ങള്‍പോലും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത്.
ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം ലഭിച്ച ആളുകളും പുറത്തിറങ്ങി നടക്കുന്നതായുള്ള പരാതിയും നിരവധിയാണ്. ഇക്കാര്യങ്ങളെല്ലം സംസ്ഥാനത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് തള്ളിയിടുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: