ഇടുക്കി: കൊറോണയെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയില്‍ 11,707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. 6212 ആണ്‍കുട്ടികളും 5495 പെണ്‍കുട്ടികളും ആണ് പരീക്ഷ എഴുതിയത്. ഇതില്‍ 13 പേര് മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്.
ഏഴ് ക്ലബിങ് സെന്ററുകളിലായി 47 ക്ലസ്റ്ററുകളും 159 പരീക്ഷ സെന്ററുകളുമാണുള്ളത്. ഗവണ്മെന്റ് സ്കൂളുകള്‍- 80, എയ്ഡഡ് സ്കൂളുകള്‍- 70, അണ് എയ്ഡഡ് സ്കൂളുകള്‍- 11, റ്റിഎച്ച്എസുകള്- 4, ഐഎച്ച്ആര്‍ഡി- 1, എന്നിങ്ങനെയാണ് കണക്ക്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്മെന്റ് സ്കൂള്‍ ജിഎച്ച്എസ് കല്ലാര്‍ (373 കുട്ടികള്‍)ആണ്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്മെന്റ് സ്കൂള്‍ ജിഎച്ച്എസ് കജനാപ്പാറ (3 കുട്ടികള്‍). ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന എയ്ഡഡ് സ്കൂള്‍ എസ്ജെഎച്ച്എസ് കരിമണ്ണൂര്‍ (331 കുട്ടികള്‍). ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന എയ്ഡഡ് സ്കൂള്‍ ജിഎച്ച്എസ് മുക്കുളം (9 കുട്ടികള്‍). ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷാസമയം. ലോക്ക് ഡൗണില്‍ മാറ്റി വച്ച പരീക്ഷയുടെ ബാക്കി ആരംഭിച്ചത് കണക്ക് പരീക്ഷയോടെയാണ്. 12 മണി മുതല്‍ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെത്തി തുടങ്ങിയിരുന്നു.
സ്കൂള്‍ കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷം സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നവിദ്യാര്ത്ഥികളെ സാമൂഹിക അകലം ഉറപ്പാക്കി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും മാസ്കും അധ്യാപകര്‍ ഗ്ലൗസും ധരിച്ചിരുന്നു. കൈ കഴുകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 85 കേന്ദ്രങ്ങളിലായി എസ് എസ് എല്‍ സി പരീക്ഷയെഴുതിയത് 6392 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 3405 പേര് ആണ്‍കുട്ടികളും 2987 പെണ്‍കുട്ടികളുമാണ്. കല്ലാര്‍ ഗവ. ഹൈസ്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. മൂന്ന് പേര് മാത്രം പരീക്ഷയെഴുതുന്ന രാജകുമാരി കജനാപ്പാറ ഗവ.ഹൈസ്കൂളാണ് ഏറ്റവും കുറവ് പരീക്ഷാര്‍ത്ഥികളുള്ള കേന്ദ്രം. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 90 ഹൈസ്കൂളുകളാണ് ഉള്ളത്.
വാഴത്തോപ്പ് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ 106 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 101 വിദ്യാര്‍ത്ഥികള്‍ വാഴത്തോപ്പ് ഗവണ്മെന്റ് സ്കൂളിലേയും 5 വിദ്യാര്‍ത്ഥികള്‍ മറ്റു ജില്ലകളിലെ സ്കൂളുകളില്‍ പഠിക്കുന്നവരുമാണ്.
എസ്എസ്എല്.സി വിഭാഗത്തില്‍ 36 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ ഒരാള്‍ എറണാകുളം ജില്ലയിലെ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 186 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. രാജക്കാട് എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 303 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി വിഭാഗത്തില്‍ പരീക്ഷയെഴുതി. ഇവരില്‍ 4 പേര് മറ്റുജില്ലകളിലെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
കുടികളില്‍ നിന്ന് 33 പേര്
അടിമാലി സര്‍ക്കാര്‍ സ്കൂളില്‍ വിവിധ കുടികളില്‍ നിന്നായി 33 പേര് എസ്എസ്എല്‍സി പരീക്ഷയെഴുതി. ഇടമലക്കുടിയില്‍ നിന്ന് 6 പേര്, കുറത്തികുടിയില് നിന്ന് 4 പേര്, ചിന്നപ്പാറകുടിയില്‍ നിന്ന് 15 പേര്, പ്ലാമലകുടിയില് നിന്ന് 2 പേര്, തട്ടകണ്ണന് കുടി, തലമാലി, വട്ടമുടി, കോളക്കുടി, മച്ചിപ്ലാവ്, പാളപെട്ടി എന്നീ കുടികളില്‍ നിന്നും ഓരോരുത്തരും പരീക്ഷയെഴുതി. ദൂരെ നിന്നുള്ള വിദ്യാര്‍ത്ഥികളെ മൂന്നു ദിവസം മുമ്പ് തന്നെ പരീക്ഷകള്‍ക്കായി അടിമാലിയില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ എത്തിച്ചിരുന്നു. സംസ്ഥാനത്തെ തന്നെ ഏക സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളായ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 83 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 48 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: