കാസര്‍കോട്: ലോക്ഡൗണ്‍ മൂലം മാറ്റിവെച്ച എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ തുടങ്ങി. കനത്ത മുന്‍കരുതലോടെ രാവിലെ വിഎച്ച്സി പരീക്ഷകളും ഉച്ചയ്ക്ക് ശേഷം പത്താംതരം പരീക്ഷകളുമാണ് നടന്നത്. ഇന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും.
വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് മുതല്‍ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയത്തിന് അയക്കുന്നത് വരെ ശക്തമായ സുരക്ഷയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലൊരുക്കുന്നത്. 2491 പേരാണ് ജില്ലയില്‍ വിഎച്ച്എസ്ഇ എഴുതാന്‍ ഉണ്ടായിരുന്നവര്‍. ഇതില്‍ 22 സെന്ററുകളിലായി 2434 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട ജില്ലയിലെ 266 വിദ്യാര്‍ത്ഥികളാണ് കര്ണ്ണാടകയിലുണ്ടായിരുന്നത്. ഇതില്‍ 236 പേരും തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി പരീക്ഷയെഴുതി. ജില്ലയിലെ കര്‍ണാടക സ്വദേശികളായ 30 പേര് പരീക്ഷയെഴുതാന്‍ എത്തിയില്ല.
ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതേണ്ട ജില്ലയിലെ 204 വിദ്യാര്‍ഥികളാണ് കര്‍ണ്ണാടകയിലുള്ളത്. 30 കുട്ടികള്‍ സ്വന്തമായി പരീക്ഷ കേന്ദ്രങ്ങളിലെത്താമെന്ന് അറിയിച്ചിട്ടുള്ളവരാണ്. ഇതുവരെ 93 വിദ്യാര്‍ഥികള്‍ തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി. പരീക്ഷയെഴുതാനായി തലപ്പാടി അതിര്‍ത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്കൂളുകളിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: