മുംബൈ: കൊറോണ മഹാമാരിക്കെതിരായ രാഷ്‌ട്രത്തിന്റെ പോരാട്ടത്തെ മുന്‍നിരയില്‍ നിന്ന് നയിക്കുന്നത് ആര്‍എസ്എസ് ആണെന്ന് തുറന്നു സമ്മതിച്ച് വിമര്‍ശകരും. ദേശീയ ടെലിവിഷന്‍ മാധ്യമ രംഗത്തെ ആര്‍എസ്എസ് വിമര്‍ശക മുഖങ്ങളില്‍ ഏറ്റവും പ്രധാനികളായ രാജ്ദീപ് സര്‍ ദേശായിയും ബര്‍ക്ക ദത്തും സ്വയംസേവകരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു. വൈറസ് വ്യാപനം രാജ്യത്ത് ഏറ്റവും ശക്തമായ മഹാരാഷ്‌ട്രയിലെ മുംബൈയിലും പൂനെയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചുക്കാന്‍ പിടിക്കുന്നത് സ്വയംസേവകരാണ്.
പൂനെയിലെ വീടുകളില്‍ 350 ഡോക്ടര്‍മാരും 900 സ്വയംസേവകരുമടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഒരു ലക്ഷത്തോളം പേരെ ഇവര്‍ പരിശോധിച്ചെന്ന് ഇന്ത്യാ ടുഡേ ചാനലില്‍ രാജ്ദീപ് സര്‍ദേശായി അവതാരകനായ പരിപാടിയില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണായ പൂ നെയിലെ പ്രേം നഗറില്‍ ഓരോ വീട്ടുപടിക്കലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയ്‌ക്കെത്തുന്നു. പല പ്രദേശവാസികള്‍ക്കും സ്ഥിതി എത്രത്തോളം ഗുരുതരമെന്ന് ഇപ്പോഴും ധാരണയില്ല. ഇവര്‍ പലപ്പോഴും ആരോഗ്യ പ്രവര്‍ത്തകരോട് ആക്രോശിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് സ്വയംസേവകരുടെ ഇടപെടല്‍ ആവശ്യമായി വരുന്നത്. അവര്‍ പ്രദേശവാസികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നു, സര്‍ദേശായി അവതരിപ്പിച്ച വാര്‍ത്താബുള്ളറ്റിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നതാണിത്. ആര്‍എസ്എസിന്റെ മറ്റൊരു പ്രധാന വിമര്‍ശകയായ ബര്‍ക്ക ദത്താകട്ടെ മുംബൈയിലെ റെഡ് സോണായ നെഹ്റു നഗര്‍ ബസ്തിയില്‍ സ്വയംസേവകര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്‍ഡിടിവിക്ക് വേണ്ടി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തപൂര്‍ണമായ ഈ കാലത്ത് മുംബൈയിലെ ഹോട്ട്‌സ്പോട്ടില്‍ സ്വയംസേവകര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുന്നു എന്ന വാക്കുകളോടെയാണ് ബര്‍ക്കയുടെ റിപ്പോര്‍ട്ടിന്റെ തുടക്കം. സ്‌ക്രീനിങ്ങിലും, പരിശോധനയിലും വിവര ശേഖരണത്തിലും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ സഹായിക്കുകയും പരിശോധനയ്‌ക്ക് വിധേയരാകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ് സ്വയംസേവകരിവിടെയെന്നും ബര്‍ക്ക പറയുന്നു. തുടര്‍ന്ന് ചില സ്വയംസേവകരോട് പ്രവര്‍ത്തനങ്ങളെ കുറിച്ച് അവര്‍ നേരിട്ട് ചോദിച്ചറിയുന്നുമുണ്ട്. മുംബൈ സര്‍വകലാശാലയിലെ ഹിന്ദി പ്രൊ ഫസറായ ഡോ. അമിത് ശര്‍മ എന്ന സ്വയംസേവകനോട് ദിവസം മുഴുവന്‍ പിപിഇ ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അവര്‍ ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു; സമൂഹനന്മയ്‌ക്ക് ചില വിട്ടുവീഴ്ചകള്‍ കൂടിയേ തീരൂ. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചാല്‍ മാത്രമേ നമുക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനാകൂ. ഈ ചിന്ത തന്നെയാണ് ലോകം മുഴുവന്‍ ഭയക്കുന്ന കൊറോണ എന്ന മഹാമാരിയോടു പോലും ധീരമായി പോരാടാന്‍ സ്വയംസേവകരെ സന്നദ്ധരാക്കുന്നത്. ദുരന്തമുഖത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിമര്‍ശകര്‍ക്ക് പോലും സാധിക്കാത്തതും ഈ സമീപനം മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: