ബെംഗളൂരു: കേരളത്തിലും ഗോവയിലും എസ്എസ്എല്‍സി പരീക്ഷ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. ഗോവയില്‍ പരീക്ഷാ കേന്ദ്രം ആരംഭിക്കാന്‍ ഗോവന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
കേരള സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് പ്രൈമറി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. ഇരു സംസ്ഥാനങ്ങളും അനുമതി നല്‍കിയാല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ 25 മുതല്‍ ജൂലൈ നാലു വരെയാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ഈ സൗകര്യം ഒരുക്കുന്നത്. ദക്ഷിണ കന്നട പോലുള്ള ജില്ലകളില്‍ കാസര്‍കോട് നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതാനിരിക്കുകയാണ്. അതേ പോലെ ഗോവ-കര്‍ണാടക അതിര്‍ത്തികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കര്‍ണാടകയിലെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാതെ അവര്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുടെ കണക്കെടുക്കാന്‍ ദക്ഷിണ കന്നടയിലേയും ഉത്തര കന്നടയിലേയും പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: