ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പ്രാരംഭഘട്ടത്തില്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കാകും പഠനം ആരംഭിക്കുക.
സ്‌കൂളുകള്‍ വീണ്ടും ആരംഭിക്കുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എന്‍സിഇആര്‍ടിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനം പുനരാരംഭിക്കുമ്പോള്‍ വേണ്ട മുന്‍ കരുതല്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.
അതേസമയം ആറ് മുതല്‍ 10 വയസ്സുള്ള അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ല. എന്നാല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉടനടി ക്ലാസ്സുകള്‍ ആരംഭിക്കില്ല.
പഠനം പുനരാരംഭിക്കുന്ന കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ക്ക് പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് സമയം നല്‍കിയേക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും. പ്രത്യേക സാഹചര്യത്തില്‍ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം ഉണ്ടാകില്ല. വീടുകളില്‍ നിന്നും കൊണ്ടുവരണം. രാവിലത്തെ അസംബ്ലിക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലാസ്സിനുള്ളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇത് പാലിക്കുമ്പോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. ഓരോ ക്ലാസുകളും 15 മുതല്‍ 20 വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടി വരുമെന്നും എന്‍സിആര്‍ടി മുന്നോട്ടുവെച്ച കരട് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. ഒരു മിശ്രിത പഠനരീതിയാകും നടപ്പിലാക്കുക. സ്‌കൂളുകളില്‍ വെച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വെച്ച് പഠിക്കുന്നതിനുള്ള ടാസ്‌കുകള്‍ നല്‍കും. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്റ്റേഷനുകളുണ്ടാകും.
രക്ഷിതാക്കളെ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിപ്പിക്കില്ല. ഗെയ്റ്റ് വരെ അവര്‍ക്ക് വരാം. തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വരുന്നതിനും പോകുന്നതിനും പ്രത്യേക കവാടങ്ങളുണ്ടാകണം. കുട്ടികള്‍ വരുന്നതിന് മുമ്പായും പോയതിന് ശേഷവും നിലവും സ്പര്‍ശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: