പത്തനംതിട്ട: ക്ഷേത്രഭൂമി കൃഷിക്ക് പാട്ടത്തിന് നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തിനിടെ അന്യാധീനപ്പെട്ട സ്വത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. സര്‍ക്കാര്‍ 2016ല്‍ നിയമസഭയില്‍ പറഞ്ഞ കണക്കനുസരിച്ച് മലബാര്‍ ദേവസ്വത്തിന്റെ മാത്രം24,693.22 ഏക്കര്‍ ഭൂമിയാണ് കൈയേറിയത്. അതില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 210 ക്ഷേത്രങ്ങളുടെ 22,393.12 ഏക്കര്‍ ഭൂമി കൈയേറി. മലപ്പുറത്തെ 320 ക്ഷേത്രങ്ങളുടെ ഭൂമി പരിശോധിച്ചതില്‍ 9560 ഏക്കര്‍ ഭൂമി കൈയറി അന്യാധീനപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ 400 ഏക്കറോളം ഭൂമി അന്യാധീനപ്പെട്ടതായി അറിയാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി സംബന്ധിച്ച കൃത്യമായ റെക്കാഡുകള്‍ ദേവസ്വത്തിന്റെ കൈവശമില്ലാത്തതാതിനാലാണ് അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച യഥാര്‍ഥ കണക്ക് പുറത്തുവരാത്തതെന്ന്, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ദീര്‍ഘകാലമായി നിയമപോരാട്ടം നടത്തുന്ന ശ്രീകുമാര്‍. വി സാക്ഷ്യപ്പെടുത്തുന്നു. ദേവസ്വം ലാന്‍ഡ് രജിസ്റ്റര്‍, ദേവസ്വം സെറ്റില്‍മെന്റ് പകര്‍പ്പ്,
ലൊക്കേഷന്‍ സ്കെച്ച് തുടങ്ങി ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ദേവസ്വം ഓഫീസുകളില്‍ ഉണ്ടാകേണ്ടതാണ്. ഈ രേഖകള്‍ പലതും ബന്ധപ്പെട്ട ദേവസ്വം ഓഫീസുകളില്‍ സൂക്ഷിക്കുന്നില്ല. ഉണ്ടായിരുന്നവ നശിപ്പിച്ചു.
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിനു മാത്രം ആയിരത്തിലേറെ ഏക്കര്‍ പാടശേഖരം സ്വന്തമായുണ്ടായിരുന്നു. ഇതുപോലെ മഹാക്ഷേത്രങ്ങളുടേതായി ഏത്രയോ ആയിരം ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് അതിന്റെ ഒരംശംപോലും ദേവസ്വം ബോര്‍ഡിന്റെ കൈവശമില്ല.
ക്ഷേത്ര ഭൂമിയെന്ന് കൃത്യമായ രേഖകളുള്ള ഭൂമിപോലും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാന്‍ മാറിമാറിവരുന്ന ദേവസ്വംബോര്‍ഡ് ഭരണക്കാര്‍ താത്പര്യം കാണിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്പരം ഏക്കര്‍ ഭൂമി കൃഷിക്കെന്നപേരില് അന്യര്ക്ക്പാട്ടത്തിന് നല്കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നതില്‍ ഭക്തര്‍ ആശങ്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: