ജനീവ: ലാറ്റിനമേരിക്കയെ വരിഞ്ഞു മുറുക്കി കൊറോണ. ബ്രസീലിലും മെക്സിക്കോയിലും പെറുവിലും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായി ബ്രസീല്‍. ഇന്നലെ മാത്രം 15,813 പേര്‍ക്ക് ബ്രസീലില്‍ കൊറോണ സ്ഥിരീകരിച്ചു. തുടക്കം മുതല്‍ വൈറസ് വ്യാപനത്തെ ഗൗരവം കുറച്ച് കണ്ട പ്രസിഡന്റ് ജെയ്ര് ബോള്‍സൊനാരോയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം. കൊലയാളി എന്നു വിളിച്ച് ആളുകള്‍ ബോള്‍സൊനാരോയ്ക്കെതിരെ പ്രതിഷേധിച്ചു. 653 പേര് കൂടി ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. അതേസമയം, കഴിഞ്ഞ 14 ദിവസത്തില്‍ എപ്പോഴെങ്കിലും ബ്രസീല്‍ സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക പ്രവേശന വിലക്കേര്‍പ്പെടുത്തി. എന്നാല്‍, അമേരിക്കയുടേത് തികച്ചും സാങ്കേതികമായ നടപടിയാണെന്നും ഇരു രാജ്യങ്ങളുടെയും ബന്ധത്തെ യാത്രാവിലക്ക് ബാധിക്കില്ലെന്നും ബ്രസീല്‍ വ്യക്തമാക്കി.
ലോകത്തിതുവരെ 3.47ലക്ഷം പേര് മരിച്ചു. 55.5 ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം പുതിയ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലും താഴ്ന്നു. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആഴ്ചകള്‍ക്ക് ശേഷം വീണ്ടും അമ്പതിനായിരം കടന്നു. മരണനിരക്കിലും നേരിയ വര്‍ധനവുണ്ടായേക്കുമെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ലോകത്താകെ 23.10 ലക്ഷം പേര് വൈറസ് മുക്തരായി.
അമേരിക്ക
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന. പതിനാല് ദിവസമായി രോഗികളുടെ എണ്ണം കുറഞ്ഞു വന്നെങ്കിലും വീണ്ടും ഉയരുകയാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം 20,634 പേര്‍ക്ക് രോഗം കണ്ടെത്തി. 633 പേര് കൂടി രാജ്യത്ത് മരിച്ചു. ആകെ മരണ നിരക്ക് ഒരുലക്ഷത്തിലേക്ക് അടുത്തു. 17,135 പേര് ഗുരുതരാവസ്ഥയില്‍. ഒന്നര കോടി പരിശോധനകള്‍ നടത്തി. ന്യൂയോര്‍ക്കില്‍ 1589 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ നേരിയ വര്‍ധനവുണ്ടെങ്കിലും രോഗബാധിതരുടെ ഗ്രാഫ് സംസ്ഥാനത്ത് താഴുകയാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ പറഞ്ഞു.
റഷ്യ
റഷ്യയില്‍ ഇന്നലെയും 8946 പേര്‍ക്ക് വൈറസ് ബാധ. 92 പേര് കൂടി മരിച്ചു. 2300 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍. ഇതുവരെ രാജ്യത്ത് എണ്‍പത് ലക്ഷം പരിശോധനകള്‍ നടത്തി.
ഫ്രാന്‍സ്
ഏപ്രില്‍ 15ന് ശേഷം ആദ്യമായി ഫ്രാന്‍സില്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയിലേക്ക്. രാജ്യത്തെ വൈറസ് വ്യാപനത്തില്‍ അടുത്തിടെ കുറവുണ്ടായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും അടുത്തിടെ കുറഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍, ഇന്നലെ 7 പേരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഫ്രഞ്ച് ആരോഗ്യ ഏജന്‍സി അറിയിച്ചു.
ചൈന
ചൈനയില്‍ 11 പേര്‍ക്ക് കൂടി വൈറസ് ബാധ. പത്ത് പേര് മംഗോളിയന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയവരാണ്. സിചുവാന്‍ പ്രവിശ്യക്കാരനായ ഒരാള്‍ക്കും രോഗബാധ കണ്ടെത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ശനിയാഴ്ച ആദ്യമായി ചൈനയില്‍ രോഗബാധിതരൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത 40 വൈറസ് ബാധിതര്‍ കൂടി ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: