തിരുവനന്തപുരം : കൊറോണവൈറസ് ഭീതിയില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി പരിക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 13 ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികളെ പരിശോധിച്ച് മാത്രമേ അകത്തു കടത്തുകയുള്ളൂ. ഇന്ന് രാവിലെ 9:45ന് വിഎച്ച്എസ്ഇ ഒന്നും രണ്ടും ഈ വര്‍ഷത്തെ പരീക്ഷകളും, ഉച്ചയ്‌ക്ക് 1:45ന് എസ്എസ്എല്‍സി കണക്ക് പരീക്ഷയും നടക്കും. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി കഴിഞ്ഞു.
അതേസമയം മുന്‍ കരുതലിന്റെ ഭാഗമായി കണ്ണൂരിലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍ പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.
പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. സ്‌കൂള്‍ പരിസരത്ത് അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. പോലീസ് ആക്ട് പ്രകാരമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: