തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകള്‍ സ്വര്‍ണം, വെള്ളി, ചെമ്പ് ഉരുപ്പടികള്‍ തുടങ്ങിയവ രഹസ്യമായി വില്‍ക്കാനുള്ള ദേവസ്വം ബോര്‍ഡ് അധികൃതരുടെ തീരുമാനത്തിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നടന്ന പ്രതിഷേധ സമരം കേരള ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി എം. ഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പുരാവസ്തു മൂല്യമുള്ള, വില നിശ്ചയിക്കാന്‍ പോലും പറ്റാത്ത വസ്തുവകകള്‍, വിദേശ ലോബികളുടെ കൈവശമെത്തിച്ച് അഴിമതി നടത്തി പാര്‍ട്ടി ഫണ്ടു ശേഖരിക്കാനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഗൂഢ അജണ്ടയാണ് ഇതിനു പിന്നിലെന്ന് ഗോപാല്‍ ആരോപിച്ചു. ഗുരുവായൂരില്‍ ഇവിടെയാണോ കണ്ണന് ഇരിക്കുന്നതെന്ന് പരിഹസിച്ച മുഖ്യമന്ത്രിയുടെ നിരീശ്വരവാദിയായ ദേവസ്വം പ്രസിഡന്റുമാര്‍ ക്ഷേത്രങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ സമാന ചിന്താഗതിക്കാരായ സംഘടനകളും ആചാര്യശ്രേഷ്ഠരും ഭക്തജന പ്രതിനിധികളുമായി ആലോചിച്ച് മറ്റു സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മീഷണര്‍ ഓഫീസുകള്‍ക്കു മുന്നിലും ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന ധര്‍ണകള്‍ക്ക് കെ.എസ്. രാധാകൃഷ്ണന്, രാജേന്ദ്രന്, പത്മാവതി അമ്മ, ജയപ്രകാശ്, സുരേന്ദ്രന്, തമ്പാനൂര്‍ സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: