ഇടുക്കി: കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷയ്ക്കായി സ്കൂളുകളും വിദ്യാര്‍ത്ഥികളും ഒരുങ്ങി. ജില്ലയിലാകെ പരീക്ഷ കേന്ദ്രത്തിലേക്ക് എത്തുന്നത് 37,875 വിദ്യാര്‍ത്ഥികളാണ്.
പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ജീവനക്കാരും കുട്ടികളും സ്കൂളിലെത്തണം. പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അണുവിമുക്തമാക്കിയിരുന്നു. വിവിധ യുവജന സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേത്യത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സാമൂഹിക അകലം അടക്കമുള്ള കൊറോണ പ്രതിരോധ നടപടികളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരീക്ഷാ സെന്ററുകളിലും പരിസരങ്ങളിലും പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷക്കായി സ്കൂളില്‍ എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും തെര്‍മല്‍ സ്കാനിങിന് വിധേയമാക്കും.
മുഖാവരണം നിര്‍ബന്ധമാണ്, സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്. പനി, ജലദോഷം തുടങ്ങി എന്തെങ്കിലും രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷ എഴുതുന്നതിന് പ്രത്യേകം ക്ലാസ് മുറികള്‍ നല്‍കും. ആരോഗ്യവകുപ്പില്‍ നിന്ന് രണ്ട് ജീവനക്കാര്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ പേനകള്‍, പെന്‍സില്‍ ഇന്‍സ്ട്രമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളെ സ്കൂളുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കെട്ടി പിടിക്കാനോ ഹസ്തദാനം നല്‍കാനോ പാടില്ലെന്നും പരീക്ഷ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് പോകണമെന്നും നിര്‍ദേശമുണ്ട്. പരീക്ഷ ഹാളില്‍ കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍, ആശാ വര്‍ക്കാര്‍, അംഗന്‍വാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ മാസ്കുകളും കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലഘുലേഖകളും വിതരണം ചെയ്തു. ഗതാഗത സൗകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങളില്‍ എച്ച്എം/പ്രിന്‍സിപ്പല്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി എഴുതുന്നത് 11836 കുട്ടികള്‍
തൊടുപുഴ: 159 പരീക്ഷ കേന്ദ്രങ്ങളിലായി 11836 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇടുക്കി ജില്ലയുടെ പുറത്ത് പഠിക്കുന്ന കുട്ടികളില്‍ 62 പേര്‍ക്ക് കട്ടപ്പന, തൊടുപുഴ ഉപജില്ലകളിലായി പരീക്ഷ എഴുതാന്‍ അനുവാദമുണ്ട്. ഇടുക്കിയില്‍ പഠിക്കുന്ന 13 പേര് പുറത്തും പരീക്ഷ എഴുതുന്നുണ്ട്.
എസ്എസ്എല്‍സിക്ക് ഇന്ന് ഗണിതമാണ് വിഷയം. ഉച്ചയ്ക്ക് 1.45- 4.30 വരെയാണ് പരീക്ഷ. ആദ്യ 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. ഒരു ക്ലാസ് മുറിയില്‍ 20 കുട്ടികളെയാണ് ഇരുത്താന്‍ അനുവദിക്കൂ. വിഎച്ച്എസ് ഇ വിഭാഗം പരീക്ഷയും ഇന്ന് തുടങ്ങും.
ബുധനാഴ്ച മുതലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍. ജില്ലയിലാകെ 23991 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. പ്ലസ് വണ്ണില്‍ 11810 പേരും, പ്ലസ് ടുവിന് 12181 വിദ്യാര്‍ത്ഥികളും 85 പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും. വിഎച്ച്എസ്ഇ വിഭാഗത്തില്‍ ആകെ 2048 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ആദ്യ വര്‍ഷം 1037 പേരും, രണ്ടാം വര്‍ഷം 1011 പേരും 16 പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: