ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മലില്‍ മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 21 ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് അയച്ചു. ഈ സമയത്ത് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇയാള്‍ ഹാജരായ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റും എട്ട് ജീവനക്കാരും ക്വാറന്റൈനില്‍ ആയി.
അന്ന് കോടതി ഡ്യൂട്ടി എടുത്ത ചെറുപുഴ പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറും റിമാന്‍ഡിലായ ഇയാളെ കണ്ണൂര്‍ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയ ചെറുപുഴയിലെ പോലീസ് ജീപ്പിന്റെ െ്രെഡവറും പ്രിസണ്‍ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. പയ്യന്നൂര്‍ കോടതിയും ചെറുപുഴ പോലീസ് സ്റ്റേഷനും അഗ്നിശമന സേനയെത്തി അണുവിമുക്തമാക്കി.
ചെറുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ തട്ടുമ്മലില്‍ ഏപ്രില്‍ നാലിന് ശനിയാഴ്ച രാത്രിയാണ് നായാട്ട് സംഘത്തെ പോലീസ് സംഘം കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ വേട്ടയാടിപ്പിടിച്ച മുള്ളന്‍പന്നിയെയും മൂന്ന്തോക്കുകളും ഏഴ് തിരകളും കത്തിയും ഉപേക്ഷിച്ച് നായാട്ട് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
മുഖ്യപ്രതിയായ തട്ടുമ്മല്‍ സ്വദേശി അന്നുമുതല്‍ ഒളിവിലായിരുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്നവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹൈക്കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ച ഇയാളോട് മജിസ്ട്രേറ്റിന് മുന്പില് ഹാജരാവാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് ഇയാള്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. അന്ന് എട്ട് കോടതി ജീവനക്കാരും മജിസ്ട്രേറ്റുമാണ് കോടതിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്കു വേണ്ടി ഹാജരായ വക്കീലും വക്കീലിന്റെ ഓഫീസിലെ ജീവനക്കാരും ക്വാറന്റയിനിലായി. ഒളിവില്‍ ഇരുന്നപ്പോള്‍ ഇയാള്‍ താമസിച്ച സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുയാണ്. ഇയാള്‍ ബന്ധപ്പെട്ട വ്യക്തികള്‍ ആരൊക്കെയെന്ന വിവരവും ശേഖരിച്ചു വരുന്നു. ഇയാളുടെ ഭാര്യയെയും കുട്ടികളെയും സ്രവ പരിശോധനയ്ക്കായി കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: