കണ്ണൂര്‍: ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന് എല്ലാ കാലത്തുമുളള പൊതു പ്രവര്‍ത്തകര്‍ക്ക് ഉദാത്ത മാതൃകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന് പറഞ്ഞു. പന്ന്യന്നൂര്‍ ചന്ദ്രന് ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്നേ ചെറുപ്പത്തില്‍ തന്നെ സംഘാദര്‍ശം നെഞ്ചേറ്റിയ പന്ന്യന്നൂര്‍ ചന്ദ്രന് ജില്ലയില്‍ പ്രത്യേകിച്ച് പാനൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്. മാര്‍ക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പും പോരാട്ടവും നടത്തിയതിന്റെ പ്രതികാരമായാണ് ചന്ദ്രനെ സിപിഎം ഇല്ലാതാക്കിയത്.മുന്നണി പോരാളിയായിരുന്ന ചന്ദ്രന് പൊതു പ്രവര്‍ത്തന രംഗത്ത് എതിരാളികളെ പോലും ആകര്‍ഷിക്കുന്ന പ്രവര്‍ത്തന ശൈലിയ്ക്കുടമയായിരുന്നു.
ഇതു കൊണ്ടുതന്നെ ജനങ്ങളുടെ ഇടയില്‍ വളരെ ആഴത്തിലുളള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം വ്യക്തിയെ ഇല്ലാതാക്കി പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പന്ന്യന്നൂര്‍ ചന്ദ്രന് ഏത് ആദര്‍ശത്തിനു വേണ്ടിയാണോ ജീവത്യാഗം ചെയ്തത് ഇന്ന് അതേ ആദര്ശത്തിനുടമകളായവര് രാജ്യത്തിന്റെ രാജനൈതാക രംഗത്ത് ശോഭിക്കുകയാണ്. ഇത് വ്യക്തികളെ ഉന്മൂലന ചെയ്തതു കൊണ്ട് പ്രസ്ഥാനം ഇല്ലാതാവില്ലെന്ന് അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎം ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അര്‍ച്ചന വണ്ടിച്ചാല്‍, മണ്ഡലം പ്രസിഡണ്ട് കെ.രതീശന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം, ജനറല്‍ സെക്രട്ടറി അര്ജ്ജുന് മാവിലാക്കണ്ടി, രഞ്ജിത്ത് നാവത്ത്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്. രാജന്, പി.കെ. ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: